Editorial

പ്രതിപക്ഷം തോല്‍വി അംഗീകരിക്കണം

Published by

തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ തോല്‍വിയുടെ ന്യായീകരണം പെട്ടന്ന് കണ്ടെത്താന്‍ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയുന്നത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ ശീലമാക്കിയിട്ടുണ്ട്. ജയിക്കുമ്പോള്‍ വോട്ടിങ് യന്ത്രങ്ങളെ മറക്കുന്നവര്‍ തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ മാത്രം യന്ത്രങ്ങളില്‍ കൃത്രിമം നടന്നു എന്ന് പറയുന്നതിലെ പൊള്ളത്തരമാണ് സുപ്രീംകോടതി തുറന്നുകാട്ടിയത്. ജയിക്കുമ്പോള്‍ വോട്ടിങ് യന്ത്രങ്ങള്‍ ശരി, തോല്‍ക്കുമ്പോള്‍ യന്ത്രങ്ങളില്‍ കൃത്രിമം എന്ന ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും നിലപാടുകളെ വിമര്‍ശിച്ച സുപ്രീംകോടതി ഭാരതത്തിന്റെ തെരഞ്ഞെടുപ്പു സംവിധാനം എത്രത്തോളം സുതാര്യവും സുരക്ഷിതവുമാണെന്നു കൂടിയാണ് വ്യക്തമാക്കിയത്.

ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം മഹാരാഷ്‌ട്രയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയപ്പോഴാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് യന്ത്രത്തിലെ കൃത്രിമമെന്ന ന്യായീകരണത്തെ വീണ്ടും കൂട്ടുപിടിച്ചിരിക്കുന്നത്. ജനങ്ങളില്‍ നിന്നകന്ന രാഷ്‌ട്രീയപ്രസ്ഥാനത്തെ ജനം നിരാകരിച്ചതാണ് തോല്‍വിക്കു കാരണമായതെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ വലിയ സ്വപ്‌നങ്ങള്‍ കണ്ടിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നുവേണം മനസിലാക്കാന്‍. വോട്ടിങ് യന്ത്രങ്ങള്‍ സുതാര്യവും സുരക്ഷിതവും കുറ്റമറ്റതുമാണെന്ന് നിരവധി പരിശോധനകളിലൂടെയും വിദഗ്ധാഭിപ്രായത്തിലൂടെയും ബോധ്യമാക്കപ്പെട്ടിട്ടുള്ളതാണ്.

ഭാരതത്തില്‍ 1990കള്‍ വരെ തെരഞ്ഞെടുപ്പുകളില്‍ പേപ്പര്‍ ബാലറ്റുകള്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് ചെലവേറിയതായിരുന്നു. വോട്ടെണ്ണുന്നതിന് കൂടുതല്‍ സമയവും ആവശ്യമായി വന്നു. പേപ്പര്‍ ബാലറ്റുകളില്‍ കള്ളവോട്ടിനും ബൂത്ത് പിടിച്ചെടുക്കലിനും സാധ്യതയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുമുണ്ട്. 1982 മെയ് മാസത്തില്‍ കേരളത്തിലെ പറവൂര്‍ അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ ചില പോളിങ് സ്‌റ്റേഷനുകളിലാണ് ഇവിഎമ്മുകള്‍ ആദ്യമായി പരീക്ഷിച്ചത്. 1998ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ 25 നിയമസഭാ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചു. 2001 മെയ് മാസത്തില്‍, തമിഴ്‌നാട്, കേരളം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായി എല്ലാ നിയോജകമണ്ഡലങ്ങളിലും ഇവിഎം ഉപയോഗിച്ചു. 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ 543 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ആദ്യമായി ഇവിഎം ഉപയോഗിച്ചു. അന്നുമുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഇവിഎം ഉപയോഗിച്ചാണ് നടക്കുന്നത്.

യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതിനെ തുടര്‍ന്നു ബിഎസ്പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മായാവതിയാണു യന്ത്രത്തില്‍ കൃത്രിമം നടന്നതായി ആദ്യം ആരോപണമുന്നയിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ആരോപണം തെളിയിക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികളെ വെല്ലുവിളിച്ചെങ്കിലും അതു സ്വീകരിക്കാനോ തെളിയിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനോ കൃത്രിമം കാണിക്കാനോ കഴിയില്ലെന്ന് ഉറപ്പിച്ചു പറയുന്നതിന് കാരണങ്ങളുമുണ്ട്. മെഷീനുകള്‍ ബാഹ്യ കമ്പ്യൂട്ടറുമായോ ഇന്റര്‍നെറ്റുമായോ ബന്ധിപ്പിച്ചിട്ടില്ലാത്ത ഒറ്റപ്പെട്ട സംവിധാനമാണ്. അതിനാല്‍, ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത തീരെയില്ല. കൂടാതെ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും വിദഗ്ധരും മെഷീനുകളുടെ പരിശോധന നടത്തുന്നുമുണ്ട്.

ഭാരതം മാത്രമല്ല മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പു നടത്തുന്നത്. ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍, എസ്‌റ്റോണിയ, ഫിന്‍ലന്‍ഡ്, കസാഖിസ്ഥാന്‍, ലിത്വാനിയ, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, ഫിലിപ്പീന്‍സ്, റുമാനിയ, ദക്ഷിണ കൊറിയ, സ്‌പെയിന്‍ ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സ്‌കോട്‌ലന്‍ഡ്, കാനഡ, ബല്‍ജിയം,സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളും അമേരിക്കയിലെ ചില സംസ്ഥാനങ്ങളും ഈ രീതിയാണ് അവലംബിക്കുന്നത്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് ജനങ്ങള്‍ നിരാകരിക്കുന്നതിനാലാണെന്ന സത്യത്തെ അംഗീകരിക്കുകയാണ് വേണ്ടത്. യന്ത്രത്തെ കുറ്റപ്പെടുത്തുകയല്ല ശരിയായ വിലയിരുത്തല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക