India

ഏക്നാഥ് ഷിന്‍ഡെ മോദി ഫാന്‍….ഉദ്ധവ് താക്കറെയുടെയും ശരത് പവാറിന്റെയും പരിപ്പ് ഷിന്‍ഡെയുടെ അടുത്ത് വെന്തില്ല

Published by

മുംബൈ: തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം രാജിവെച്ച ശേഷം കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന ഏക് നാഥ് ഷിന്‍‍ഡെയെ പലരീതിയില്‍ ഇളക്കിനോക്കാന്‍ ഉദ്ധവ് താക്കറെയും ശരത് പവാറും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രലോഭനത്തിന്റെ ചൂണ്ടക്കൊളുത്തില്‍ എളുപ്പം കൊത്തുന്ന നേതാവല്ല, താഴേക്കിടയില്‍ നിന്നും പടിപടിയായി ഉയര്‍ന്നുവന്ന നേതാവാണ് ഏക് നാഥ് ഷിന്‍‍ഡെ.

2019ല്‍ ശരത് പാവര്‍ മുഖ്യമന്ത്രിക്കസേര കാട്ടിയാണ് ഉദ്ധവ് താക്കറെയെ വീഴ്‌ത്തിയത്. ഉദ്ധവ് താക്കറേയെക്കാള്‍ അദ്ദേഹത്തിന്റെ ഭാര്യ രശ്മി താക്കറേയാണ് അന്ന് ഭര്‍ത്താവ് മുഖ്യമന്ത്രിക്കേസരയില്‍ ഇരിക്കുന്നത് കാണാനും മകന്‍ മന്ത്രിക്കസേരയില്‍ ഇരിക്കുന്നത് കാണാനും ഏറെ മോഹിച്ചതെന്ന രഹസ്യമല്ലാത്ത പരസ്യമാണിപ്പോള്‍. അതാണ് അന്ന് ശിവസേന-ബിജെപി ബന്ധത്തെ ഉലച്ചുകളഞ്ഞത്. മാത്രമല്ല, ബിജെപിയെ നാണം കെടുത്താന്‍ മരുമകനെ അര്‍ധരാത്രിയില്‍ ദേവേന്ദ്ര ഫഡ് നാവിസിന്റെ അടുത്തേക്ക് പറഞ്ഞയച്ച് ഒന്നുമറിയാത്തതുപോലെ രാഷ്‌ട്രീയ ചാണക്യനായ ശരത് പവാര്‍ ഉറങ്ങാന്‍ കിടന്നു. ഇന്ന് രണ്ട് ചാണക്യന്‍മാര്‍ക്കും ജനങ്ങളില്‍ നിന്നു തന്നെ ശിക്ഷ ലഭിച്ചിരിക്കുന്നു. ശിവസേന രണ്ടായി, എന്‍സിപിയും രണ്ടായി. ബിജെപിയിലേക്ക് പോയ ഏക് നാഥ് ഷിന്‍ഡെ ശിവസേനയും അജിത് പവാര്‍ എന്‍സിപിയും കൂടുതല്‍ കരുത്തരായി. ഷിന്‍ഡെയുടെ പാര്‍ട്ടി 59 സീറ്റുകളില്‍ ജയിച്ചപ്പോള്‍ അജിത് പാവറിന്റെ എന്‍സിപി 41 സീറ്റുകളിലാണ് ജയിച്ചത്. പ്രതിപക്ഷ നേതാവാകാനുള്ള യോഗ്യത പോലും ഉദ്ധവ് താക്കറെയുടെയോ ശരത് പവാറിന്റെയോ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചില്ല

വീണ്ടും പഴയ മുഖ്യമന്ത്രിക്കസേര എന്ന പ്രലോഭനം ഏക് നാഥ് ഷിന്‍ഡെയുടെ നേരെ എറിഞ്ഞിട്ട് അവസാനവട്ടം ഒരു രാഷ്‌ട്രീ കൊടുങ്കാറ്റ് ഉണ്ടാക്കാമെന്ന് ഉദ്ധവും ശരത് പവാറും ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രിക്കസേര മറ്റുള്ളവര്‍ കൊണ്ടുപോകുമെന്നായിരുന്നു ഏക് നാഥ് ഷിന്‍ഡേയ്‌ക്ക് നേരെയുള്ള ഉദ്ധവ് താക്കറെയുടെ പരിഹാസം. ശരത് പവാറും മുഖ്യമന്ത്രിക്കസേര ബിജെപി കൊണ്ടുപോകും എന്ന രീതിയില്‍ ഷിന്‍‍ഡേയെ പരിഹസിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം ഉറച്ച മറുപടിയാണ് തന്റെ തട്ടകമായ താനെയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഏക് നാഥ് ഷിന്‍ഡെ നല്‍കിയത്.

“ഞങ്ങള്‍ കരയാറില്ല, അവനവനുവേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരാണ് ഞങ്ങള്‍”- ഇതായിരുന്നു താന്‍ പ്രലോഭനങ്ങളില്‍ വീഴില്ലെന്ന് നിസ്സംശയം പറഞ്ഞുകൊണ്ട് ഏക് നാഥ് ഷിന്‍ഡെയുടെ പ്രതികരണം. മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദത്തിലേക്ക് മോദി പ്രഖ്യാപിക്കുന്ന ഏത് പേരിനെയും പിന്തുണയ്‌ക്കുമെന്നും ഒരു ശിവസേനക്കാരനെ മുഖ്യമന്ത്രിയാക്കുക വഴി ബാല്‍ താക്കറെയുടെ സ്വപ്നം . മോദി സാക്ഷാല്‍ക്കരിച്ചെന്നും തന്നെ മുഖ്യമന്ത്രിയാക്കിയതില്‍ നന്ദിയുണ്ടെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു.

ഇതോടെ തങ്ങളുടെ പരിപ്പ് ഇവന്റെ യടുത്ത് വേവില്ലെന്ന തിരിച്ചറിവില്‍ മൗനം പാലിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെയും ശരത് പവാറും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക