Kerala

സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സിറക്കാന്‍ മന്ത്രിസഭാ തീരുമാനം

Published by

തിരുവനന്തപുരം: കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജങ്ങളുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകള്‍ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്നത്തിനുമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, സഹായിക്കുക, എന്നതാണ് ലക്ഷ്യം. അവര്‍ക്ക് പുനരധിവാസം ആവശ്യമുള്ളിടത്ത് സര്‍ക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് ആയത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക, സര്‍ക്കാര്‍ കാലാകാലങ്ങളില്‍ കമ്മീഷനെ ഏല്‍പ്പിച്ച് നല്‍കുന്ന ചുമതലകള്‍ നിര്‍വ്വഹിക്കുക എന്നിവയാണ് കമ്മീഷന്റെ കര്‍ത്തവ്യമായിരിക്കുക.
നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സിന്‍ കീഴില്‍ നടത്തിയ ഏതൊരു അന്വേഷണത്തിലും കമ്മീഷന്റെ തീരുമാനങ്ങള്‍ അതിന്റെ ശിപാര്‍ശ സഹിതം ഉചിതമായ നടപടിക്കായോ അല്ലെങ്കില്‍ തര്‍ക്കത്തിലേര്‍പ്പെട്ട കക്ഷികള്‍ക്ക് പരിഹാരത്തിനായോ സര്‍ക്കാരിലേക്ക് അയക്കാം.
കമ്മീഷനില്‍ സര്‍ക്കാര്‍ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയര്‍പേഴ്സണും മൂന്നില്‍ കവിയാത്ത എണ്ണം അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദിഷ്ട ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്. ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ കമ്മീഷനില്‍ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കും. അവരില്‍ ഒരാള്‍ പട്ടികജാതികളിലോ പട്ടികഗോത്ര വര്‍ഗ്ഗങ്ങളിലോ പെട്ടയാളും മറ്റൊരാള്‍ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക