മുംബൈ: ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന ഔദ്യോഗികപ്രഖ്യാപനം നടത്താന്‍ സ്വന്തം തട്ടകമായ താനെയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഏക്നാഥ് ഷിന്‍ഡെ വികാരാധീനനായി. കരയാറില്ലെന്നും അവനവനുവേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരാണ് തങ്ങളെന്നും ഉള്ള ഏക്നാഥ് ഷിന്‍ഡെയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.
“മുഖ്യമന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ ഒരിയ്‌ക്കലും അസ്വസ്ഥരാവാറില്ല. കരയാറുമില്ല. ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരാണ് ഞങ്ങള്‍”- ഷിന്‍ഡെ പറഞ്ഞു. .
മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദത്തിലേക്ക് മോദി പ്രഖ്യാപിക്കുന്ന ഏത് പേരിനെയും പിന്തുണയ്‌ക്കും. മോദിയുടെയും ദല്‍ഹിയില്‍ ഉള്ളവരുടെയും തീരുമാനമായിരിക്കും ഞങ്ങളുടെയും അന്തിമതീരുമാനം. മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. – ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതില്‍ യാതൊരു പരിഭവവുമില്ല. അവനവന് വേണ്ടിയല്ല, ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്ന വ്യക്തിയാണ് താനെന്നും ഷിന്‍ഡെ പറഞ്ഞു.
ഷിന്‍ഡെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതകള്‍ക്ക് മാസം തോറും 1500 രൂപ വീതം പെന്‍ഷന്‍ എന്ന പദ്ധതിയാണ് സ്ത്രീകളുടെ പിന്തുണ മഹായുതി സര്‍ക്കാരിന് ലഭിക്കാന്‍ വലിയ ഒരളവ് സഹായിച്ചത്. അതുപോലെ ഹിന്ദു ഏകതയെ തകര്‍ക്കാന്‍ ജാതിസംവരണം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി നടത്തിയ ശ്രമത്തെ യോഗിയുടെയും മോദിയുടെയും ഹിന്ദു ഏകത ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങളും ഏറെ ഗുണം ചെയ്തു.
ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേന 81 സീറ്റുകളില്‍ മത്സരിച്ചതില്‍ 59 സീറ്റുകളില്‍ വിജയിച്ചു. അതേ സമയം തന്റെ ബദ്ധശത്രുവായ ഉദ്ധവ് താക്കറെയുടെ ശിവസേന തീരെ ദുര്‍ബലമായി. ആകെ 20 സീറ്റുകളില്‍ മാത്രമാണ് ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് വിജയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക