അഡ്‌ലെയ്ഡ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ. ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയെയും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസില്‍വുഡിനെയും പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 883 റേറ്റിംഗോടെയാണ് ബുംറ ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ കാഴ്ചവച്ച എട്ടുവിക്കറ്റ് പ്രകടനമാണ് താരത്തിന് നേട്ടമായത്.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് താരം ഒന്നാമതെത്തുന്നത്. ഫെബ്രുവരി ആദ്യമാണ് ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസറായി ജസ്പ്രീത് ബുംറ മാറിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ ബൗളിംഗ് ചാർട്ടിൽ ഒന്നാമതെത്തിയതിന് ശേഷം ഒക്ടോബറിലും ബുംറ ചെറിയൊരു കാലയളവിലേക്ക് ഒന്നാം സ്ഥാനത്തെത്തി.
രോഹിത് ശർമയുടെ അഭാവത്തിൽ ടീമിനെ നയിച്ച ബുംറ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ എട്ട് വിക്കറ്റുകള്‍ നേടിയാണ് ബുംറ ഓസ്‌ട്രേലിയയെ തകർത്തത്.
റബാഡയ്‌ക്ക് 872 റേറ്റിംഗും ഹേസില്‍വുഡിന് 860 റേറ്റിംഗുമാണുള്ളത്. പെര്‍ത്തില്‍ കളിച്ചില്ലെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നാലാമതെത്തി. ഒമ്പതു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോഹ്‌ലി 13ാം സ്ഥാനത്തെത്തി. 689 റേറ്റിംഗുമായാണ് കോഹ്‌ലിയുടെ മുന്നേറ്റം. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു വിരാട് ആദ്യ 20ല്‍ നിന്നും പുറത്തുപോയത്.
അതേസമയം, പെര്‍ത്തില്‍ സെഞ്ചുറിയോടെ ഫോം തുടരുന്ന യുവതാരം യശസ്വി ജയ്‌സ്വാള്‍ 825 റേറ്റിംഗ് പോയിന്റോടെ രണ്ടു സ്ഥാനം കയറി രണ്ടാം റാങ്കിലെത്തി. ആറാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. ഇംഗ്ലീഷ് സൂപ്പര്‍താരം ജോ റൂട്ടാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കില്‍. കെയ്ന്‍ വില്യംസണ്‍, ഹാരി ബ്രൂക്ക്, ഡാരില്‍ മിച്ചല്‍ എന്നിവരാണ് മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: