പോർട്ട് ബ്ലെയർ : ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ മത്സ്യബന്ധന ട്രോളറിൽ നിന്ന് 6,000 കിലോ മയക്കുമരുന്ന് പിടികൂടി കോസ്റ്റ് ഗാർഡ്. പിടികൂടിയ മെതാംഫെറ്റാമൈന് ഏകദേശം 36,000 കോടി രൂപ വിലമതിക്കുമെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടൽ വേട്ടയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ആൻഡമാൻ കടലിലെ ബാരൻ ദ്വീപിന് സമീപം ആറ് മ്യാൻമർ ജീവനക്കാരുമായി പോയ ട്രോളറിൽ കണ്ടെത്തിയ കള്ളക്കടത്ത് തായ്‌ലൻഡിലേക്ക് പോകുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. മത്സ്യബന്ധന ട്രോളർ സാങ്കേതിക തകരാർ മൂലം തായ്‌ലൻഡിലേക്ക് പോകാതെ ഇന്ത്യൻ കടലിലേക്ക് നീങ്ങുകയായിരുന്നെന്ന് ദ്വീപസമൂഹത്തിന്റെ ഡയറക്ടർ ജനറൽ ഹർഗോബിന്ദർ സിംഗ് ധലിവാൾ പറഞ്ഞു.
നവംബർ 23 ന് കോസ്റ്റ് ഗാർഡ് ഡോർണിയർ വിമാനത്തിന്റെ പൈലറ്റിന്റെ പതിവ് പട്രോളിംഗിനിടെ പോർട്ട് ബ്ലെയറിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ബാരൻ ദ്വീപിന് സമീപം ഒരു മത്സ്യബന്ധന ട്രോളറിന്റെ സംശയാസ്പദമായ ചലനം ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റ് ട്രോളറിന് താക്കീത് ചെയ്യുകയും വേഗത കുറയ്‌ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ പൈലറ്റ് ആൻഡമാൻ നിക്കോബാർ കമാൻഡിൽ മുന്നറിയിപ്പ് നൽകി.
ഉടൻ തന്നെ കോസ്റ്റ് ഗാർഡ് സംഘം ഫാസ്റ്റ് പട്രോളിംഗ് കപ്പലുകളിൽ ബാരൻ ദ്വീപിലേക്ക് കുതിച്ചു. തുടർന്ന് നവംബർ 24 ന് പോർട്ട് ബ്ലെയറിലേക്ക് മത്സ്യബന്ധന ട്രോളർ വലിച്ചു കൊണ്ട് വരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പോലീസ് അന്വേഷണം ഏറ്റെടുത്തു. എന്നാൽ പിടിയിലായവർ ഉദ്യോഗസ്ഥരുമായി സഹകരിക്കാത്തതിനാൽ മ്യാൻമറിൽ നിന്ന് വന്ന ട്രോളറിൽ നിന്ന് പിടിച്ചെടുത്ത സാറ്റലൈറ്റ് ഫോണിന്റെ കോൾ റെക്കോർഡ് ലഭിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
അതേ സമയം മെത്താംഫെറ്റാമൈനിന്റെ വലിയ ശേഖരം മയക്കുമരുന്ന് മെക്സിക്കൻ കാർട്ടലുകളുടെ ഭാഗമാകാമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ചരക്കുകളുടെ അളവും പ്രവർത്തന രീതിയും അടിസ്ഥാനമാക്കി ഇത് കുപ്രസിദ്ധ മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളായ ജാലിസ്‌കോ ന്യൂ ജനറേഷൻ കാർട്ടലിന്റെയും (എൽ മെഞ്ചോ നടത്തുന്നതും) ചൈനീസ് കാർട്ടലുകളുടേതുമാണെന്ന് പോലീസ് സംശയിക്കുണ്ട്. നേരത്തെ 2019ൽ ആൻഡമാൻ കടലിൽ നിന്ന് സമാനമായ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ എൽ മെഞ്ചോയുടെ കാർട്ടൽ സംഘത്തിലെ ഒരു പ്രധാന പ്രതിയെ പിടികൂടുകയും ചെയ്തു.
അതേ സമയം ക്രിസ്‌മസ്, പുതുവത്സര തലേന്ന് തായ്‌ലൻഡിൽ ഇത്തരം മയക്കുമരുന്നുകൾക്ക് വലിയ ഡിമാൻഡാണ്. ചായ പാക്കറ്റുകൾക്കുള്ളിലാണ് മയക്കുമരുന്ന് പാക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. അതേ സമയം ഇപ്പോൾ പിടികൂടിയ എല്ലാ പ്രതികളെയും പ്രാദേശിക കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
1985ലെ എൻഡിപിഎസ് ആക്‌ട്, 1946ലെ ഫോറിനേഴ്‌സ് ആക്‌ട് എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്‌റ്റിലായ ആറ് മ്യാൻമാറികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അടുത്ത കാലത്തായി മേഖലയിൽ റോഹിങ്ക്യൻ ബോട്ടുകളും മ്യാൻമറീസ് വേട്ടക്കപ്പലുകളും വർധിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയോടെ പോലീസും കോസ്റ്റ് ഗാർഡും സംയുക്ത ഓപ്പറേഷൻ നടത്തി വരികയാണെന്ന് ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക