അമ്പലപ്പുഴ: സംസ്ഥാനത്ത് വ്യാജ സ്വര്‍ണം വില്‍ക്കുന്ന സംഘം വ്യാപകമാകുന്നു. അമ്പലപ്പുഴയില്‍ സ്വര്‍ണ വ്യാപാരശാലയില്‍ മുക്കു പണ്ടം വിറ്റ് പണം തട്ടി. അമ്പലപ്പുഴ കച്ചേരി മുക്കിന് സമീപമുള്ള എസ്‌കെ ജൂവലറിയില്‍ നിന്നാണ് പണം തട്ടിയത്. കഴിഞ്ഞ ദിവസം 50 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ മൂന്ന് പവന്‍ തൂക്കം വരുന്ന മാല വില്‍പനക്കായി കൊണ്ടുവന്നിരുന്നു. കടയുടമ രാജേഷ് മൂന്ന് തവണ മാല ഉരച്ചു നോക്കിയപ്പോഴും സ്വര്‍ണം തന്നെയായിരുന്നു. ഹാള്‍ മാര്‍ക്ക് പതിച്ച മാലയായിരുന്നു ഇത്.
പിന്നീട് മാലയുടെ വിലയായി 1,80,000 രൂപയും നല്‍കി. ഇയാള്‍ പോയതിന് ശേഷം വീണ്ടും ഉരച്ചു നോക്കിയപ്പോഴാണ് സ്വര്‍ണം പൂശിയ മാലയാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ പുറത്തിറങ്ങി അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കടയുടമ അമ്പലപ്പുഴ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണമാരംഭിച്ചു. ഇയാള്‍ തന്നെ ആലപ്പുഴയില്‍ ഒരു സ്വര്‍ണാഭരണ ശാലയില്‍ സമാനമായ രീതിയില്‍ ഒരു മാസം മുന്‍പ് തട്ടിപ്പ് നടത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
കാസര്‍കോടും കാഞ്ഞങ്ങാടും ഇതേ ആളാണ് സ്വര്‍ണം വില്പനയ്‌ക്ക് എത്തിച്ചതെന്നും ലോട്ടസ് എന്ന പേരിലുള്ള ചെയിനാണ് വില്പനയ്‌ക്ക് കൊണ്ടുവന്നതെന്നും വ്യാജ സ്വര്‍ണം വില്‍ക്കാന്‍ വരുമ്പോള്‍ അവരെക്കുറിച്ച് പോലീസില്‍ അറിയിക്കണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍്‌സ് അസോസിയേഷന്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക