Kerala

സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ തേടി: ജമാഅത്തെ ഇസ്ലാമി

Published by

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും പിന്തുണ തേടിയിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍. ബിജെപിയെ നേരിടാനാണ് ഇരുമുന്നണികളെയും പിന്തുണച്ചതെന്നും പരസ്പരം സംസാരിച്ചാണ് പിന്തുണ നല്‍കിയതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

1996 മുതല്‍ 2015 വരെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിട്ടുണ്ട്. 2019 ല്‍ കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയത്. 2024ല്‍ തമിഴ്‌നാട്ടിലെ മധുരയിലും ഡിണ്ടിഗലിലും രാജസ്ഥാനിലെ സിക്കറിലും ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുവാങ്ങിയാണ് സിപിഎമ്മിന് മൂന്ന് എംപിമാര്‍ ഉണ്ടായത്. മത്തായി ചാക്കോയുടെ മരണത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പൊതുസമ്മേളനം വിളിച്ച് പരസ്യമായാണ് ജോര്‍ജ് എം. തോമസിനെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചത്.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണോ സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമി ഭീകരപ്രസ്ഥാനമാകുന്നതെന്ന് മുജീബ് റഹ്മാന്‍ ചോദിച്ചു. പാലക്കാട് സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഉള്ളത് മുസ്ലീം ന്യൂനപക്ഷത്തിന്റെ വിഷയമല്ല. ബിജെപി വിജയിക്കാന്‍ പാടില്ലെന്നതാണ് നിലപാട്, മുജീബ് റഹ്മാന്‍ പറഞ്ഞു.

കേരളത്തിനു പുറത്ത് സിപിഎം ഇന്‍ഡി സഖ്യത്തിനൊപ്പമെന്ന പോലെ കേരളത്തില്‍ ബിജെപി വരാതിരിക്കാന്‍ കാലാകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി നിലപാട് സ്വീകരിച്ചിട്ടുണ്ട്. 2011 ല്‍ ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ അന്നത്തെ അമീറുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. 2019ല്‍ മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.

1996 മുതല്‍ 2015വരെയുള്ള തെരഞ്ഞെടുപ്പിലെ പിന്തുണയുമായി ബന്ധപ്പെട്ട് ദേശാഭിമാനി വാര്‍ത്തയും സഭാരേഖകളും നിലവിലിരിക്കെ മുഖ്യമന്ത്രി കള്ളം പറയുകയാണ്. പിന്തുണയ്‌ക്കാതിരിക്കുമ്പോള്‍ ഭീകര സംഘടന ആക്കുന്ന സമീപനമാണ് ഇത്തരം തുറന്നുപറച്ചിലിന് ഇടയാക്കിയതെന്നും പൂര്‍വകാലത്തെ റദ്ദുചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലജല വിഭ്രമം സംഭവിച്ചെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by