ഢാക്ക(ബംഗ്ലാദേശ്): മതമൗലികവാദ സര്‍ക്കാര്‍ അധികാരത്തിലേറ്റതിന് ശേഷം ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നത് 2010 ആക്രമണങ്ങളെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ആക്ടിങ് ജനറല്‍ സെക്രട്ടറി മനീന്ദ്ര കുമാര്‍ നാഥ്.
കൂട്ടക്കൊലകള്‍ക്കും പീഡനങ്ങള്‍ക്കും തട്ടിക്കൊണ്ടുപോകലുകള്‍ക്കും ഇരകളായത് 1,705 ന്യൂനപക്ഷ കുടുംബങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് അശാന്തി തുടരുകയാണെന്ന് മനീന്ദ്രകുമാര്‍ നാഥ് എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്‌കോണ്‍ ആചാര്യനും ബംഗ്ലാദേശ് സമ്മിലിത് സനാതന്‍ ജാഗരണ്‍ ജോട്ടെ വക്താവുമായ ചിന്മോയ് കൃഷ്ണ ദാസ് ഇപ്പോഴും ജയിലിലാണ്. അക്രമങ്ങള്‍ക്കെതിരെ സംസാരിച്ചതിനാണ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധമത വിഭാഗങ്ങള്‍ നേരിടുന്ന വ്യാപകമായ അതിക്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ഒരു പരാതിയിലും ഇടക്കാല സര്‍ക്കാര്‍ ഇടപെടുന്നില്ല.
ബംഗ്ലാദേശിലെ 64 ജില്ലകളിലും ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു. ഢാക്ക, ചതോഗ്രാം, രാംപൂര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സംന്യാസിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. എന്നാല്‍ അത്തരം പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ചിന്മോയ് കൃഷ്ണദാസിനെതിരായ നടപടി പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്.
പ്രാര്‍ത്ഥിക്കാനും ഉത്സവങ്ങള്‍ ആഘോഷിക്കാനുമുള്ള അവകാശത്തിന് വേണ്ടിയാണ് സനാതന്‍ ജാഗരണ്‍ ജോട്ടെ പ്രതിഷേധിക്കുന്നത്. അക്രമങ്ങളില്‍ സമഗ്രമായ അന്വേഷണവും നടപടിയും വേണം. അധികാരത്തിന്റെ ഒരു ശ്രേണിയിലും ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത ഭരണകൂടമാണ് ബംഗ്ലാദേശിലേതെന്ന് മനീന്ദ്രകുമാര്‍ നാഥ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക