ക്യാപ്റ്റന്‍ രോഹിതിന്റെ അഭാവത്തില്‍, അശ്വിനും ജഡേജയുമില്ലാതെ അവരത് നേടി. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം. വ്യക്തിപരമായ കാരണങ്ങളാലാണ് 37കാരനായ രോഹിത് ശര്‍മ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യടെസ്റ്റില്‍ നിന്ന് വിട്ടുനിന്നത്. പകരം ഉപനായകന്‍ ബുംറയ്‌ക്കായിരുന്നു ഊഴം.
പെര്‍ത്തില്‍ ടോസ് നിര്‍ണയിക്കുമ്പോള്‍ ബുംറയൊരുക്കിയ അന്തിമ ഇലവന്‍ കണ്ട് അമ്പരന്നവരില്‍ കളിയെഴുത്തുകാരും നിരീക്ഷകരുമുണ്ട്. പരിചയസമ്പന്നരായ രവിചന്ദ്രന്‍ അശ്വിനില്ല, രവീന്ദ്ര ജഡേജയില്ല. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച വരെ നടന്ന ടെസ്റ്റുകളിലൊന്നില്‍പോലും തോല്‍വി അറിയാത്ത ഓസ്‌ട്രേലിയന്‍ അജയ്യതയ്‌ക്ക് കരുത്തായത് നഥാന്‍ ലിയോണ്‍ എന്ന സ്പിന്നറുടെ മാസ്മരികതയാണെന്നോര്‍ക്കുമ്പോഴാണ് ഭാരതത്തിന്റെ സാഹസികത അമ്പരപ്പായത്.
സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് കാലത്തിന് ശേഷമെത്തിയ തലമുറയില്‍ വിരാട് കോഹ്‌ലി മാത്രമാണ് പെര്‍ത്തില്‍ ഒപ്പമുണ്ടായിരുന്നത്. മറ്റെല്ലാവരും പിന്നീട് ടീമിനൊപ്പം ചേര്‍ന്നവര്‍. ബൗളിങ്ങില്‍ മുന്നില്‍ നിന്ന് നയിച്ചത് ബുംറ. നായകമികവ് ആദ്യ മത്സരത്തിലൂടെ ബുംറ തെളിയിച്ചു. അഞ്ച് ദിവസത്തെ മത്സരം നാല് ദിവസംകൊണ്ട് ഒതുക്കി. നേടിയ വമ്പന്‍ വിജയത്തിന്റെ മുന്നില്‍ നിന്നു. വിജയിക്കാനാവശ്യമായതെല്ലാം കൃത്യതയോടെ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ അപകടകാരിയായ ട്രാവിസ് ഹെഡിനെ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചതായിരുന്നു ആ കൃത്യതയുടെ എന്‍ഡ് പഞ്ച്.
ബൗളിങ്ങില്‍ മുഹമ്മദ് സിറാജിനെയും കൂട്ടി ആദ്യ പോരാട്ടത്തിനിറങ്ങിയ ബുംറ കരുത്ത് തെളിയിച്ച ആകാശ് ദീപിനെയും പ്രസിദ്ധ് കൃഷ്ണയെയും പവിലിയനിലിരുത്തി ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് റെഡ്ഡി എന്നിവര്‍ക്ക് അവസരം നല്‍കി. ഈ വിജയം രണ്ടാംനിരക്കാര്‍ക്ക് സ്വന്തം.
പെര്‍ത്തില്‍ ഇറങ്ങുമ്പോള്‍ ആശങ്ക ജയ്‌സ്വാളിനൊപ്പം ആര് ഇന്നിങ്‌സ് തുറക്കുമെന്നതിലായിരുന്നു. കെ.എല്‍. രാഹുലിനായിരുന്നു നിയോഗം. ആദ്യ ഇന്നിങ്‌സ് ചീട്ടുകൊട്ടാരമായി. 150 ല്‍ ഓള്‍ ഔട്ട്. അവസാനിച്ചുവെന്ന് കമന്റേറ്റര്‍മാര്‍ വിധിയെഴുതി. എന്നാല്‍ അവിശ്വസനീയമായിരുന്നു തിരിച്ചുവരവ്. ഓസീസിന്റെ കൂറ്റന്‍ ബാറ്റിങ് നിരയെ അവരുടെ സ്വന്തം മണ്ണില്‍ വെറും 104 റണ്‍സിന് ബുംറയും കൂട്ടരും ചുരുട്ടിക്കെട്ടി. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഭാരതം പിഴവില്ലാതെ ചുവടുവച്ചു. ട്വന്റി20 ഹാങ്ഓവറില്‍നിന്ന് പുറത്തുകടന്ന് യശസ്വി ജയ്‌സ്വാളും രാഹുലും മുന്നേറി. ഫലം ഓസ്‌ട്രേലിയന്‍ പിച്ചില്‍ ആദ്യമായി ഭാരതത്തിന്റെ ഓപ്പണിങ് വിക്കറ്റ് 200 കടന്നു. 297 പന്തില്‍ ജയ്‌സ്വാള്‍ എടുത്തത് 161 റണ്‍സ്. 176 പന്തില്‍ നിന്ന് രാഹുല്‍ നേടിയത് 77.
രണ്ട് വര്‍ഷം മുമ്പ് പതിവ് ടെസ്റ്റ് ക്രിക്കറ്റ് രീതി വിട്ട് ആക്രമിച്ചുകളിക്കുന്ന ബാസ്‌ബോള്‍ ശൈലി ഇംഗ്ലണ്ട് ഏറ്റെടുത്തപ്പോള്‍ വിമര്‍ശകരുണ്ടായി. ഭാരതവും ഓസ്‌ട്രേലിയയും അടക്കമുള്ള ടീമുകള്‍ അവര്‍ക്കു മറുപടി നല്‍കിയെങ്കിലും പിന്നീട് ആ ശൈലിയെ പിന്തുടരാനാണ് രോഹിത് ശര്‍മ ശ്രമിച്ചത്. രോഹിത്തിന്റെ അവസാന പത്ത് ഇന്നിങ്‌സെടുത്താല്‍ അത് വ്യക്തമാകും. ഒരു വര്‍ഷത്തിനിടെ രോഹിത് രണ്ട് സെഞ്ച്വറി നേടി. രണ്ട് കളിയിലും പയറ്റിയത് ക്ലാസിക് ടെസ്റ്റ് ശൈലി തന്നെ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 196 പന്തില്‍ 131, ഇതേ പരമ്പരയുടെ അഞ്ചാം മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 162 പന്തില്‍ 103. എന്നാല്‍ ഈ പരിചയ സമ്പന്നന്‍ പരാജയപ്പെട്ട ഇന്നിങ്‌സെല്ലാം ആക്രമണോത്സുകതയുടേതായിരുന്നു. അതിന് ടീമും കനത്ത വിലനല്‍കി- നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞതടക്കം.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇനി നാല് മത്സരം ബാക്കിയുണ്ട്. 2018-19 സീസണില്‍ 2-1ന് ഓസ്‌ട്രേലിയയില്‍ പരമ്പര സ്വന്തമാക്കി ഭാരതം ചരിത്രം കുറിക്കുമ്പോള്‍ ഓസീസ് ടീം കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ നിഴലില്‍ ദുര്‍ബലമായിരുന്നു. പക്ഷെ ആ ക്ഷീണം 2020-21 സീസണില്‍ തീര്‍ത്തു. ഫുള്‍ ടീം ആയി ഇറങ്ങിയ ഓസീസിനെതിരെ വീണ്ടും ഭാരതത്തിന്റെ പരമ്പര നേട്ടം. ഇപ്പോഴിതാ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് തുടക്കം. 1947-48 മുതല്‍ 14 തവണ ഭാരതം പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. അതില്‍ പത്തിലും ആദ്യ ജയം ഓസ്‌ട്രേലിയക്കായിരുന്നു. രണ്ടെണ്ണം സമനില.. 2018ല്‍ അഡ്‌ലെയ്ഡിലും ഇത്തവണ പെര്‍ത്തിലും ജയിച്ച് തുടങ്ങി. ആറിന് അഡ്‌ലെയ്ഡില്‍ തുടങ്ങുന്ന പരമ്പരയിലെ ബാക്കി മത്സരങ്ങള്‍ മുതല്‍ രോഹിത് ടീമിനെ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: