തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ എന്ന സിനിമയില്‍ ബ്ലഡ് എന്ന ഗാനം പാടിയ ഡാബ്സിയെ ശബ്ദം പോരെന്ന കാരണത്താല്‍ ഒഴിവാക്കിയെന്ന വാര്‍ത്ത സൈബറിടത്തില്‍ ചൂടപ്പം പോലെ പ്രചരിക്കുകയാണ്.
ചങ്ങരംകുളത്തുകാരന്‍ മുഹമ്മദ് ഫാസിലാണ് റാപ് ഗാനത്തിലൂടെ ആസ്വാദകരുടെ മനസില്‍ ഇടം നേടിയ ഡാബ്സി. ബ്ലഡ് എന്ന മാര്‍ക്കോയിലെ ഡാബ്സി പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പക്ഷെ ഉണ്ണി മുകുന്ദ ന് നായകനായി അഭിനയിക്കുന്ന മാര്‍ക്കോ എന്ന സിനിമയിലെ ബ്ലഡ് എന്ന ഗാനത്തിന് ഡാബ്സിയുടെ ശബ്ദം ചേരുന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചോരക്കറയുടെ ചായം പുരളണ, തീരാപ്പകയുടെ നെഞ്ചാണേ…എന്നതാണ് വരികള്‍. വിനായക് ശശികുമാറിന്റേതാണ് ഈ വരികള്‍. ആണായ് പിറന്നോനെ ദൈവം പാതി സാത്താനേ….എന്നാണ് ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.
ശബ്ദം ചേരുന്നില്ലെന്ന വിമര്‍ശനം രൂക്ഷമായതോടെ ഡാബ്സിയെ ഒഴിവാക്കി ബ്ലഡ് എന്ന ഗാനം സന്തോഷ് വെങ്കിയെക്കൊണ്ട് പാടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡാബ്സിയുടെ ശബ്ദത്തെ പരിഹസിച്ചുകൊണ്ട് ട്രോള്വീഡിയോകളും ഇറങ്ങിയിരുന്നു. കാരണം ഈ വരികള്‍ക്ക് കൂറെക്കൂടി ബാസുള്ള ശബ്ദം വേണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായം മാനിച്ച് കെജിഎഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉള്‍ക്കൊള്ളിച്ച് പുതിയ പതിപ്പ് ഉടന്‍ പുറത്തിറക്കുന്നതാണെന്ന് മാര്‍ക്കോയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്തോഷ് വെങ്കി പാടി ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതിനോടകം 19 ലക്ഷം പേര് ഗാനം കണ്ടുകഴിഞ്ഞു. റോക്ക് ഗാനം പാടുന്ന ശൈലില് അല്പം സ്ക്രീമിങ്ങോട് കൂടിയ സന്തോഷ് വെങ്കിയുടെ ആലാപനശൈലിയ്ക്ക് നല്ല വരവേല്പായിരുന്നു സമൂഹമാധ്യമങ്ങളില്‍. ഉച്ചാരണത്തിലെ മലയാളിത്തക്കുറവ് ഒരു പോരായ്മയാണെങ്കിലും സന്തോഷ് വെങ്കി പോലുള്ള ഒരു പാന്‍ ഇന്ത്യന്‍ ഗായകന് മലയാളത്തില്‍ പാടുന്നു എന്ന ഹൈലൈറ്റ് ഗാനത്തിന് നല്ല സ്വീകാര്യത നല്കുന്നു. ഇതോടെ സൈബറിടങ്ങളില്‍ ഡാബ്സിയെ അനുകൂലിച്ചും സന്തോഷ് വെങ്കിയെ എതിര്‍ത്തും പ്രതികരണങ്ങള്‍ നിറഞ്ഞിരുന്നു. “എന്റെ പാട്ട് അവര്‍ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു. പ്രേക്ഷകരില്‍ നിന്നും ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് നിര്‍മ്മാതക്കള്‍ എത്തിയത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്”- തനിക്കെതിരായ ഡാബ്സി ഫാന്‍സിന്റെ സൈബര്‍ ആക്രമണങ്ങളില്‍ നിന്നും തലയൂരാന്‍ ശ്രമിച്ച് സന്തോഷ് വെങ്കി പ്രതികരിക്കുന്നു.
കെജിഎഫിന് വേണ്ടി ഗാനം ആലപിച്ച ഗായകനാണ് സന്തോഷ് വെങ്കി. ഡാബ്സിക്ക് വേണ്ടി സൈബറിടത്തില്‍ മുറവിളി ഉയര്‍ന്നതോടെ സന്തോഷ് വെങ്കി വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡാബ്സിക്ക് പകരക്കാരനായല്ല താന്‍ പാടിയതെന്ന വിശദീകരണം നല്കി സന്തോഷ് വെങ്കി തല്ക്കാലം ഡാബ്സി ഫാന്‍സിയില്‍ നിന്നും തലയൂരിയിരിക്കുകയാണ്. ബ്ലഡ് എന്ന ഗാനം നിര്‍മ്മാതാവിന് അയച്ചുകൊടുക്കാന്‍ തയ്യാറാക്കിയ ഒന്നാണെന്നും സന്തോഷ് വെങ്കി പറഞ്ഞു. “രവി ബസ് റൂര് എന്ന സംഗീത സംവിധായകനുമായി നേരത്തെ ബന്ധമുണ്ട്. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ് വാസ്തവത്തില്‍ നിര്‍മ്മാതാവിന് നല്‍കാനായി തയ്യാറാക്കിയ റഫ് വെര്ഷന് മാത്രമാണ് ഈ ഗാനം.”- സന്തോഷ് വെങ്കി പറഞ്ഞു. ദീപിക പദുകോണ്‍ നായികയായ ലേഡി സിംഘത്തിലെ സന്തോഷ് വെങ്കിയുടെ ഗാനം ലഹരിയായി മാറിക്കഴിഞ്ഞു. സീബ്ര എന്ന ഹിന്ദി സിനിമയിലെ തേരി മേരിയും സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റാണ്. കെജിഎഫിലെ ഗാനങ്ങളാണ് സന്തോഷ് വെങ്കിയെ ഇന്ത്യയാകെ അറിയപ്പെടുന്ന ഗായകനാക്കിയത്.
ഇതോടെ ഡാബ്സിയെ പരിഹസിച്ചും സമൂഹമാധ്യമങ്ങളില്‍ ആക്രമണം വ്യാപകമായിരിക്കുകയാണ്. ഡാബ്സി ഒരു റാപ് ഗായകനാണ്. ഡാബ്സി പാടിയ ബ്ലഡ് എന്ന ഗാനം 23 ലക്ഷം പേര് കേട്ടുകഴിഞ്ഞു. ഇദ്ദേഹം ആവേശം എന്ന സിനിമയില്‍ ഫഹദ് ഫാസിലിന് വേണ്ടി പാടിയ ഇലുമിനാച്ചി എന്ന ഗാനം സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു. മലപ്പുറം സ്ലാങ്ങില്‍ പാടുന്ന ഡാബ്സിയുടെ ഹിപ് ഹോപുകള്ക്ക് ഏറെ കേള്‍വിക്കാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: