Kerala

പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഫോട്ടോ: എഡിജിപി റിപ്പോര്‍ട്ട് തേടി, പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു, ഇടപെട്ട്ഹൈക്കോടതി

Published by

ശബരിമല:  പതിനെട്ടാംപടിയില്‍ പൊലീസുകാര്‍ തിരിഞ്ഞുനിന്ന് ഫോട്ടോയെടുത്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചുവരുത്തി. എ.ഡി.ജി.പി , ഡി.ഐ.ജി എന്നിവര്‍ ഉടന്‍ എസ് എ പി ക്യാമ്പിലെത്തും.

ഡ്യൂട്ടി കഴിഞ്ഞ് ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്തത്.ശബരിമല ഡ്യൂട്ടിക്ക് ശേഷം ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിച്ചിരുന്നു. ഇവരെയാണ് അന്വേഷണത്തോടനുബന്ധിച്ച് തിരികെ വിളിച്ചിരിക്കുന്നത്
സംഭവം വിവാദമായതോടെ അന്വേഷണവുമായി ബന്ധപ്പെട്ട് അടിയന്തര യോഗവും ചേരുന്നുണ്ട്.

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഇ ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊലീസുകാരുടെ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടര്‍ന്നാണ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തിങ്കളാഴ്ചയാണ് വിവാദമായ ഫോട്ടോഷൂട്ട് നടന്നത്.

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം പ്രശംസനീയമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു.ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

മേല്‍ശാന്തി ഉള്‍പ്പെടെ എല്ലാവരും അയ്യപ്പനെ തൊഴുത് പിന്നോട് നടന്നിറങ്ങുന്നതാണ് ആചാരം. എന്നാല്‍ പൊലീസുകാര്‍ അയ്യപ്പന് പുറംതിരിഞ്ഞുനിന്ന് ഫോട്ടോഷൂട്ട് നടത്തി. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ പരസ്യ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് കേരള ഘടകവും രംഗത്തെത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക