India

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; ഹിന്ദു നേതാവ് ചിൻമോയ് കൃഷ്ണ ദാസ് പ്രഭുവിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഇന്ത്യ

Published by

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദു നേതാവും ഇസ്കോൺ സന്യാസിയുമായ ചിൻമോയ് കൃഷ്ണദാസ് പ്രഭുവിനെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് ഇന്ത്യ. ചിന്മയ് പ്രഭുവിന് ജാമ്യം നിഷേധിച്ചത് ശരിയായില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യമന്ത്രാലയം, രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ചിന്മയ് പ്രഭുവിന്റെ അറസ്റ്റിന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുന്നതും അവര്‍ക്കെതിരേ അക്രമം അഴിച്ചുവിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുകയാണ്. ഇതവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നു. അവരുടെ സുരക്ഷിത്വം ഉറപ്പാക്കണം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം സംരക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

തങ്ങൾ ആര്യന്മാരാണെന്നും , ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും ഈ നാട് വിട്ട് എങ്ങും പോകില്ലെന്നും ചിൻമോയ് കൃഷ്ണ ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇത് ഇസ്ലാമിസ്റ്റുകളെ വിറളിപിടിപ്പിച്ചിരുന്നു . ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് കൃഷ്ണദാസ് പ്രഭുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ചിറ്റഗോങ്ങിൽ നടന്ന റാലിയിൽ ബംഗ്ലാദേശ് ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് ഒക്ടോബറിൽ കൃഷ്ണദാസ് പ്രഭുവിനെ കസ്റ്റഡിയിലെടുത്തിരുന്നു.അറസ്റ്റ് ബംഗ്ലാദേശിലെയും വിദേശത്തെയും ഹിന്ദു സമൂഹങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയും അറസ്റ്റിനെ വിമർശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by