Kerala

പതിനെട്ടാംപടിയിലെ ആചാര ലംഘനം; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: വിഎച്ച്പി

Published by

കൊച്ചി: ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് വിഎച്ച്പി.

അയ്യപ്പ വിശ്വാസികള്‍ പരിപാവനമായി കരുതുന്ന പതിനെട്ടാം പടിയില്‍ പുറംതിരഞ്ഞ് നിന്ന് ഫോട്ടോ ഷൂട്ട് നടത്തി ആചാര ലംഘനം നടത്താന്‍ പോലീസ് ഉദ്യോസ്ഥര്‍ക്ക് അവസരം നല്കിയതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജന. സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ ആരോപിച്ചു.

മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ പവിത്രമായ പതിനെട്ടാം പടിയിലൂടെ അയ്യപ്പനെ തൊഴുത് പിറകോട്ടാണ് ഇറങ്ങുന്നത്. പതിനെട്ടാംപടിയുടെ പവിത്രതയും, ആചാരവും അതായിരിക്കെ അയ്യപ്പനെ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോഷൂട്ട് നടത്താന്‍ അയ്യപ്പ വിശ്വാസികളായ ആര്‍ക്കും കഴിയില്ല. സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും ഹൈന്ദവ വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പതിനെട്ടാംപടിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കടുത്ത ആചാരലംഘനം. ശബരിമലയില്‍ ഭക്തജനങ്ങളെ സഹായിക്കാന്‍ എന്നപേരില്‍ നിയോഗിക്കപ്പെട്ട അവിശ്വാസികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും പിന്‍വലിക്കണമെന്നും പകരം ശബരിമല ശാസ്താവിന്റെ ആചാരങ്ങളെ മാനിക്കുന്നവരെ നിയമിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ആചാര ലംഘനം സംബന്ധിച്ച് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക