പോണ്ടിച്ചേരി: ദേശീയ കവി സുബ്രഹ്മണ്യന്‍ ഭാരതിയുടെ ജന്മദിനം ഡിസംബര്‍ 11 ഭാരതീയ ഭാഷാദിനമായും വിശ്വപ്രസിദ്ധ ഗണിതകാരന്‍ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം ഡിസംബര്‍ 22 ദേശീയ ഗണിത ദിനമായും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് മൂന്നുദിവസത്തെ ജ്ഞാനകുംഭമേള പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ സമാപിച്ചു.
സമാപനത്തില്‍ ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ഡോ. ധന്‍സിങ് റാവത്ത് മുഖ്യ അതിഥിയായിരുന്നു. സര്‍ക്കാരിന്റെയും സ്ഥാപനങ്ങളുടെയും സമാജത്തിന്റെയും ത്രിവേണി സംഗമമായാണ് ജ്ഞാനകുംഭമേള സംഘടിപ്പിച്ചത്. അതിലൂടെ വിദ്യാഭ്യാസരംഗത്ത് സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും സാധനയുടെയും ത്രിവേണികള്‍ സംഗമിക്കുന്ന സാംസ്‌കാരിക ധാരയെ ശക്തിപ്പെടുത്താന്‍ കഴിയണമെന്ന് ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകന്‍ എ. വിനോദ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ജ്ഞാനകുംഭങ്ങളുടെ ദേശീയ സഹസംയോജകന്‍ സഞ്ജയ് സ്വാമി അധ്യക്ഷനായി.
ഹരിദ്വാര്‍, നാളന്ദ, പുതുച്ചേരി എന്നീ ജ്ഞാനകുംഭമേളയ്‌ക്ക് ശേഷം അടുത്ത ആഴ്ചയില്‍ ഗാന്ധിജിയുടെ ഗുജറാത്ത് വിദ്യാപീഠത്തില്‍ ഗോവ, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്ന നാലാമത്തെ ജ്ഞാനകുംഭമേള നടക്കും. ഫെബ്രുവരി 7, 8, 9 തീയതികളില്‍ പ്രയാഗ് രാജില്‍ വച്ച് മുഴുവന്‍ ഭാരതത്തിലെയും വിദ്യാഭ്യാസരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന ജ്ഞാന മഹാകുംഭവും ആസൂത്രണം ചെയ്തിട്ടുണ്ട്.
ജ്ഞാനകുംഭത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെയും പ്രദര്‍ശിനികളിലേയും വിജയികള്‍ക്ക് ചടങ്ങില്‍ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി നമശ്ശിവായം സമ്മാനം നല്കി. കേന്ദ്രീയ വിദ്യാലയ സംഘം ദക്ഷിണ ഭാരത റീജണല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അനില്‍ മോഹനന്‍, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല വിസി പ്രൊഫ. തരണിക്കരസു, പുതുച്ചേരി ജ്ഞാനകുംഭ സംഘാടകസമിതി സഹസംയോജകന്‍ ഡോ. സല്‍വ രാജു എന്നിവര്‍ പങ്കെടുത്തു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ വിസിമാര്‍, ഡയറക്ടര്‍മാര്‍, നിയമജ്ഞര്‍, സ്‌കൂള്‍ കോളജ് അദ്ധ്യാപകര്‍ പ്രിന്‍സിപ്പല്‍മാര്‍ ഗവേഷകര്‍ തുടങ്ങി 400ലധികം പ്രതിനിധികള്‍ ചര്‍ച്ചകളിലും മറ്റും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക