Business

മഹായുതിയുടെ വിജയത്തിന് പിന്നാലെ ഓഹരി വിപണി വന്‍ നേട്ടത്തില്‍

Published by

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ മഹായുതി നേടിയ വിജയത്തിന്റെ കരുത്തില്‍ നേട്ടം കൊയ്ത് ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,300 പോയിന്റ് ഉയര്‍ന്ന് 80,423.47 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 441.37 ലക്ഷം കോടി രൂപയിലെത്തി. നിഫ്റ്റി 50 സൂചിക 346.30 ഉയര്‍ന്ന് 24,253.55 പോയിന്റില്‍ എത്തി.

കഴിഞ്ഞ വ്യാഴാഴ്ച ഓഹരി വിപണിയില്‍ ഇടിവുണ്ടായെങ്കിലും വെള്ളിയാഴ്ചയോടെ തിരിച്ചു കയറാന്‍ തുടങ്ങി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (എം ആന്‍ഡ് എം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എയര്‍ടെല്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ വിപണിക്ക് കരുത്ത് പകര്‍ന്നു.

അദാനി എനര്‍ജി സൊല്യൂഷന്‍സ് 7 ശതമാനം ഉയര്‍ന്നതോടെ അദാനി ഗ്രൂപ്പിന്റെ മിക്ക ഓഹരികളിലും നേട്ടത്തിലായി. അദാനി ഗ്രീന്‍ എനര്‍ജി 6.42 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 5.33 ശതമാനവും അദാനി പോര്‍ട്സ് 4.64 ശതമാനവും അദാനി പവറിന്റെ 4.17 ശതമാനവും ഉയര്‍ന്നു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ശക്തമായ പ്രകടനമാണ് ഓഹരിവിപണിയുടെ ഉയര്‍ച്ചയ്‌ക്ക് ആക്കം കൂട്ടിയത്. തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ സന്ദേശം വിപണിക്ക് ശുഭാപ്തിവിശ്വാസം നല്കുന്നതാണെന്ന്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

ഏഷ്യന്‍ വിപണികളില്‍, സിയോളും ടോക്കിയോയും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്ന നിരക്കിലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക