ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച ഇസ്രയേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രത്യാക്രമണമുണ്ടായി. ലെബനനില്‍ നിന്ന് 250 റോക്കറ്റുകളും മറ്റുമാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്.
ഹിസ്ബുള്ളയുടെ ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചു.
ടെല്‍ അവീവിലും മധ്യ ഇസ്രയേലിലെ വീടുകളിലും റോക്കറ്റുകള്‍ പതിച്ചു. ഇതോടൊപ്പമുണ്ടായിരുന്ന ഡ്രോണിനെ സൈന്യം തകര്‍ത്തുവെന്നും ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.
ഇസ്രയേലിന്റെ തെക്ക് ഭാഗത്തുള്ള അഷ്‌ദോദ് നാവികസേന താവളത്തിലേക്ക് ആദ്യമായി വ്യോമാക്രമണം നടത്തിയതായി ഹിസ്ബുള്ള പ്രസ്താവനയിലൂടെ അറിയിച്ചു. ടെല്‍ അവീവിലെ സൈനിക താവളത്തിന് നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്‍ക്കും ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി.
ബെയ്റൂട്ടില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയിരുന്നത്. 63 പേര്‍ക്കാണ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക