India

പീഡനവിവരം അറിഞ്ഞാല്‍ പരാതിക്കാരിയെ ആര് വിവാഹം കഴിക്കും? ചോദ്യമുന്നയിച്ച് സുപ്രീം കോടതി

Published by

ന്യൂദല്‍ഹി: പീഡനവിവരം അറിഞ്ഞാല്‍ പരാതിക്കാരിയായ കുട്ടിയെ ആര് വിവാഹം കഴിക്കുമെന്ന ചോദ്യവുമായി സുപ്രീം കോടതി. പീഡന കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി നല്കിയ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

അഞ്ച് വസ്സുള്ളപ്പോള്‍ അമ്മാവന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പതിനേഴാമത്തെ വയസിലാണ് മലപ്പുറം സ്വദേശിയായ യുവതി പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതി നല്കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് റദ്ദാക്കി.

ഇതിനെതിരെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പീഡനം നടന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി പരാതിക്കാരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.വി. സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടി. പരാതി നല്കാന്‍ കാലതാമസം ഉണ്ടായി എന്ന കാരണത്താല്‍ കേസ് റദ്ദാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ പരാതിക്കാരിക്ക് 21 വയസ് ആയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, പരാതിക്കാരിയുടെ ഭാവി കണക്കിലെടുത്ത് ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി. പീഡനം നടന്നുവെന്ന് അറിഞ്ഞാല്‍ പിന്നെ അവരെ ആര് വിവാഹം കഴിക്കുമെന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by