India

ഭരണഘടനയ്‌ക്ക് 75 വര്‍ഷം; ആഘോഷങ്ങള്‍ ഇന്ന് തുടങ്ങും

Published by

ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്നു തുടക്കം. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഭരണഘടനാ ദിനത്തില്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യുന്നതോടെ ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ ആരംഭിക്കും. ഭരണഘടനയുടെ ആമുഖം രാഷ്‌ട്രപതി സെന്‍ട്രല്‍ ഹാളില്‍ അംഗങ്ങള്‍ക്കായി വായിക്കും.

സംസ്‌കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകള്‍ രാഷ്‌ട്രപതി പ്രകാശനം ചെയ്യും. രാജ്യത്തെ സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇന്ന് ഭരണഘടനയുടെ ആമുഖം വായിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ആഘോഷങ്ങള്‍ക്ക് രാഷ്‌ട്രപതിക്കു പുറമേ ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, മറ്റു മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കും. ഭരണഘടനയെപ്പറ്റിയുള്ള ലഘുചലച്ചിത്ര പ്രദര്‍ശനം, 75-ാം വര്‍ഷത്തിന്റെ സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിര്‍മാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടക്കും.

കോണ്‍സ്റ്റിറ്റിയൂഷന്‍75ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴി ഭരണഘടനയുടെ പൈതൃകവും സവിശേഷതകളും ജനങ്ങളിലെത്തിക്കും. ഭരണഘടനയുടെ ആമുഖ വായന വീഡിയോ റിക്കാര്‍ഡ് ചെയ്ത് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാനാകും. എല്ലാ ഭാഷയിലുമുള്ള ഭരണഘടനാ പതിപ്പുകള്‍ വെബ്‌സൈറ്റിലുണ്ട്.

നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യമെങ്ങും പരിപാടികള്‍. 1949 നവംബര്‍ 26നാണ് കോണ്‍സ്റ്റിറ്റിയൂവന്റ് അസംബ്ലി ഭരണഘടന സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക