ജിദ്ദ(സൗദി ആറേബ്യ): രാജസ്ഥാൻ റോയൽസ് 13 കാരനായ ബാറ്റിംഗ് സെൻസേഷൻ വൈഭവ് സൂര്യവൻഷിയെ ₹ 1.20 കോടിക്ക് സ്വന്തമാക്കി. ഡൽഹി ക്യാപിറ്റൽസുമായുള്ള വാശിയേറിയ ലേലത്തിനൊടുവിലാണ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി.
ഐപിഎൽ ടീമിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയും വൈഭവ് സൂര്യവംശി തന്നെ. രാജസ്ഥാനും ഡൽഹിയും മാത്രമാണ് വൈഭവിനായി രംഗത്തെത്തിയ ടീമുകൾ. 2011 മാർച്ച് 27നാണ് വൈഭവ് ജനിച്ചത്. ഈ വർഷം ജനുവരിയിൽ തന്റെ പന്ത്രണ്ടാം വയസ്സിൽ ബീഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിരുന്നു.
1986 നു ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും വൈഭവിന്റെ പേരിലാണ്. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 100 നേടിയ താരത്തിന്റെ ഉയർന്ന സ്കോർ 41 റൺസ് ആണ്.
സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തിൽ 104 റൺസ് അടിച്ചാണ് ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.ഇത് വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും പിടിച്ചു കയറാൻ വൈഭവിന് അവസരം സൃഷ്ടിച്ചു. നിലവിൽ ബീഹാറിന്റെ രഞ്ജി ട്രോഫി താരവും വൈഭവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: