തിരുവനന്തപുരം: കേരളത്തിൽ മതഭീകരത വളർന്നു വരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് എസ്ഡിപിഐ ആണെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദ സംഘടനകളുമായി എൽഡിഎഫ്നും യുഡിഎഫിനും ബന്ധമുണ്ടെന്നും വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിധി ശരിയായരീതിയിൽ വിലയിരുത്തും ആവശ്യമായിട്ടുള്ള തിരുത്തലുകളും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയിൽ സ്ഥാനമോഹികൾ ഇല്ല. ഉപതെരഞ്ഞെടുപ്പിന്റെ ഒരു വശം മാത്രമാണ് എല്ലാവരും കാണുന്നത്. ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്. ബിജെപിഎല്ലാ ഇടങ്ങളിലും മികച്ച പ്രവർത്തനം കാഴ്‌ച്ചവെച്ചു. കഴിഞ്ഞ തവണ ഇ.ശ്രീധരന് പൊതുസമൂഹത്തിൽ നിന്ന് നല്ല നിലയിൽ വോട്ട് കിട്ടിയിട്ടുണ്ട്. ആ വോട്ടുകൾ സമാഹരിക്കാൻ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് കഴിഞ്ഞില്ലെന്നത് വസ്തുതയാണ്.
പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്നമുണ്ടെന്ന് വരുത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. പരസ്യ പ്രസ്താവനകൾ എല്ലാം പരിശോധിക്കും. കോൺഗ്രസുമായി ചേർന്ന് പോകണം എന്നാണ് ചില നിരീക്ഷകരും ഓൺലൈൻ മാധ്യമങ്ങളും ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാത്തതിന്റെ ചൊരുക്കാണ് ചിലർക്കുളളതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
എല്ലാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് സ്ഥാനാർത്ഥി നിർണയത്തിന് ഓരോ രീതികൾ ഉണ്ട്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. ഏതെങ്കിലും ഒരു വ്യക്തിയല്ല സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. സംസ്ഥാനത്ത് കുമ്മനം രാജശേഖരനായിരുന്നു സ്ഥാനാർത്ഥി നിർണയത്തിന്റെ ചുമതല. മോദിയും അമിത് ഷായും അടങ്ങുന്ന പാർലമെന്ററി ബോർഡ് അംഗീകാരം നൽകിയ ആളാണ് പാലക്കാട് സ്ഥാനാർത്ഥിയായത്. മൂന്ന് പേരുകൾ ചർച്ചയിൽ വന്നിരുന്നു. ഇതിൽ രണ്ട് പേർ മൽസരിക്കാൻ സന്നദ്ധരായില്ല. അങ്ങനെയാണ് സ്ഥാനാത്ഥിത്വം കൃഷ്ണകുമാറിലേക്ക് എത്തിയത്. മത്സരിപ്പിക്കരുത് എന്ന നിലപാട് കൃഷ്ണകുമാറിനും ഉണ്ടായിരുന്നു. മലമ്പുഴയിൽ മൂവായിരം വോട്ടുകൾ അമ്പതിനായിരം ആക്കിയ സ്ഥാനാർഥിയാണ് കൃഷ്ണകുമാർ.
സ്ഥാന മാറ്റം വ്യക്തിപരമല്ല. പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. അത് അതനുസരിക്കും. എന്റെ പ്രവർത്തനത്തിൽ വീഴ്ചകൾ ഉണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണം. ഒഴിയണോ തുടരണമോ എന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക