സാമ്പത്തികമായി സഹായം ആവശ്യമായ വ്യക്തികള്‍ക്ക് അത് ലഭ്യമാക്കുന്നതിനു
മാത്രമല്ല, അവരെ സമ്പദ്‌വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കുന്നതിനും സഹകരണമേഖല നടത്തുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്. മൂലധനം ഇല്ലാത്തവരേയും തുച്ഛമായ സമ്പാദ്യം മാത്രമുള്ളവരേയും പുരോഗതിയിലേക്കു കൊണ്ടുവരുന്നതിനുള്ള പരിവര്‍ത്തന സങ്കേതമെന്ന നിലയില്‍ സഹകരണ പ്രസ്ഥാനത്തിന് വലിയ സാധ്യതകളുണ്ട്. ഈ കാഴ്ചപ്പാടില്‍ ഭാരതം അചഞ്ചലമായി മുന്നേറുകയാണ്.
നമ്മുടെ രാജ്യത്തിന് സഹകരണ സംഘങ്ങളുടെ വിപുലമായ ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് സഹകരണ മേഖല സാമ്പത്തിക വികസനത്തിന്റെ മാധ്യമമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്താണ് മേഖലയുടെ ഈ ശേഷി കൂടുതല്‍ ഊര്‍ജത്തോടും ശക്തിയോടും പുനരുജ്ജീവിപ്പിക്കപ്പെട്ടത്. 2021 ല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ദേശീയ തലത്തില്‍ പ്രത്യേക സഹകരണ മന്ത്രാലയം സ്ഥാപിച്ച്, സഹകരണ മേഖലയ്‌ക്ക് മുന്നില്‍ അടച്ചിട്ടിരുന്ന എല്ലാ വാതിലുകളും തുറക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു. ഈ മേഖലയെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ വെറും മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്തെ സഹകരണ മേഖലയിലും ‘വിശ്വമിത്ര’മായി ഉയര്‍ന്നുവരാനുള്ള പ്രവര്‍ത്തന പാതകള്‍ക്കാണ് വഴിതെളിച്ചത്.
തല്‍ഫലമായി, ഭാരതത്തിന്റെ സഹകരണ പ്രസ്ഥാനം ചരിത്രപരമായ നാഴികക്കല്ല് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ന് (നവം.25) മുതല്‍ 30 വരെ ദല്‍ഹിയില്‍, അന്താരാഷ്ട്ര സഹകരണസഖ്യത്തിന്റെ (ഐസിഎ) പൊതുസഭയ്ക്കും ആഗോള സഹകരണ സമ്മേളനത്തിനും ആതിഥേയത്വം വഹിക്കാന്‍ രാജ്യം ഒരുങ്ങുകയാണ്. ഐസിഎയുടെ 130 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഭാരതം സംഘാടക രാജ്യമായി പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആഘോഷിക്കുന്ന അന്താരാഷ്ട്ര സഹകരണ വര്‍ഷമായ 2025ന്റെ വരവ് കൂടി അടയാളപ്പെടുത്തുന്നതിനാല്‍ ഈ പരിപാടി സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. ഐസിഎ പൊതുസഭയ്ക്കും ആഗോള സമ്മേളനത്തിനും ഭാരതം ആതിഥേയത്വം വഹിക്കുന്നത് സഹകരണ പ്രസ്ഥാനത്തില്‍ നമ്മുടെ രാജ്യത്തിന്റെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരത്തിന്റെ തെളിവാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് രൂപം നല്‍കിയതു മുതല്‍, സമൂഹത്തില്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്നവര്‍ മുതലുള്ള, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരന്തര ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തിനു കരുത്തേകാതെ അത്തരമൊരു പരിവര്‍ത്തനം സാധ്യമല്ലെന്ന് സര്‍ക്കാര്‍ ഉറച്ചുവിശ്വസിക്കുന്നു. ഭാരതത്തിന്റെ സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള മുന്നേറ്റവുമായി ഈ സുപ്രധാന പരിപാടി ഒത്തുപോകുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധി നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും സഹകരണ സംഘങ്ങള്‍ക്കിടയില്‍ സുതാര്യതയും മത്സരവും വളര്‍ത്താനും ഭരണപരവും നയപരവും നിയമപരവുമായ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ, ‘സഹകാര്‍ സേ സമൃദ്ധി’ (സഹകരണത്തിലൂടെ അഭിവൃദ്ധി) എന്ന തത്വം രാജ്യത്തെ സഹകരണ സ്ഥാപനങ്ങളെ സ്വയംപര്യാപ്തവും ശക്തവുമാക്കാന്‍ ലക്ഷ്യമിടുന്നു. സഹകരണ ശൃംഖല വിപുലീകരിക്കുന്നതിലൂടെ, 5 ട്രില്യണ്‍ ഡോളര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുമായി യോജിക്കുന്ന പുതിയ സാമ്പത്തിക മാതൃക രൂപപ്പെടുകയാണ്. ഈ മാതൃക ഭാരതത്തിന്റെ വളര്‍ച്ചയെ മുന്നോട്ടു നയിക്കാന്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളുടെ വികസനത്തിനുള്ള പ്രചോദനാത്മക ചട്ടക്കൂടായും വര്‍ത്തിക്കുന്നു.
ഭാരതത്തിന്റെ സഹകരണ പാരമ്പര്യം പുരാതന കാലം മുതലുള്ളതാണ്. അത് രാജ്യത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ സമ്പ്രദായങ്ങളില്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്നു. കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലെ പരാമര്‍ശങ്ങള്‍ ഗ്രാമങ്ങളില്‍ പൊതു പ്രയോജനത്തിനായി ക്ഷേത്രങ്ങളും അണക്കെട്ടുകളും നിര്‍മ്മിക്കുന്നത് പോലുള്ള കൂട്ടായ പരിശ്രമങ്ങളെ എടുത്തുകാണിക്കുന്നു. അതുപോലെ, ദക്ഷിണേന്ത്യയിലെ സാമ്പത്തിക വ്യവസ്ഥകള്‍ സഹകരണ ചട്ടക്കൂടുകളുടെ ആദ്യകാല കാഴ്ചകള്‍ നല്‍കുന്നു. പാശ്ചാത്യ ചിന്താസമ്പ്രദായങ്ങളില്‍ പരിശീലനം നേടിയ പല സാമ്പത്തിക വിദഗ്ധരും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സഹകരണം എന്ന ആശയം ആധുനിക യുഗത്തില്‍ കാലഹരണപ്പെട്ടു എന്ന സംവാദത്തിന് തുടക്കമിട്ടു. എങ്കിലും, 30 ദശലക്ഷമോ 50 ദശലക്ഷമോ അല്ലെങ്കില്‍ 100 ദശലക്ഷമോ ജനസംഖ്യയുള്ള രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക മാതൃകകള്‍ 140 കോടി ജനസംഖ്യയുള്ള ഭാരതത്തെപ്പോലുള്ള രാജ്യത്തിന് അനുയോജ്യമാകാന്‍ സാധ്യതയില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം. സമ്പന്നമായ രാഷ്‌ട്രം കെട്ടിപ്പടുക്കുന്നതിന്, സാമ്പത്തിക വളര്‍ച്ചയുടെ എല്ലാ സൂചകങ്ങളിലും ഉയര്‍ന്നാല്‍ മാത്രം പോര; 140 കോടി ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പാക്കുകയും എല്ലാ വ്യക്തികള്‍ക്കും തൊഴില്‍ നല്‍കുകയും അവര്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഇത് സഹകരണത്തിലൂടെ മാത്രമേ സാധ്യമാകൂ. ഈ വിശ്വാസത്തെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ ചരിത്രത്തിലുണ്ട്.
ഉദാഹരണത്തിന്, അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് കഴിഞ്ഞ നൂറ്റാണ്ടിനിടെ 100 കോടി രൂപയുടെ ശ്രദ്ധേയമായ ലാഭം നേടിയിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ശൂന്യമായി നിലനിര്‍ത്തുക മാത്രമല്ല, 6500 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപം
നടത്തുകയും ചെയ്യുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ വിജയകരമായ ഉദാഹരണമാണ് അമുലും. നിലവില്‍, 35 ലക്ഷം കുടുംബങ്ങള്‍ക്കു തൊഴിലും അതിലൂടെ മാന്യമായ ജീവിതവും ലഭിക്കുന്നു. ഈ കുടുംബങ്ങളിലെ സ്ത്രീകള്‍ പ്രധാന പങ്കു വഹിക്കുകയും മുന്നില്‍നിന്നു നയിക്കുകയും ചെയ്യുന്നു. അതിന്റെ ഫലമായി ഇന്ന് അമുലിന്റെ വാര്‍ഷിക വിറ്റുവരവ് 80,000 കോടി രൂപയിലെത്തി. രസകരമെന്നു പറയട്ടെ, ഈ സ്ത്രീകളിലാരും 100 രൂപയില്‍ കൂടുതല്‍ പ്രാരംഭ നിക്ഷേപം നടത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിന്‍ കീഴില്‍, ഭാരതത്തിലെ സഹകരണ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനും ശക്തിപ്പെടുത്താനും അറുപതിലധികം സംരംഭങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നു. വര്‍ഷങ്ങളായുള്ള അവഗണനയും ഭരണപരമായ ക്രമക്കേടുകളും മിക്ക പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെയും (പിഎസിഎസ്) സാമ്പത്തികമായി ദുര്‍ബലവും നിഷ്‌ക്രിയവുമാക്കി. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ പിഎസിഎസിന്റെ വ്യാപ്തി വിപുലീകരിക്കുകയും അവയെ സാമ്പത്തികമായി ലാഭകരമാക്കുകയും ചെയ്തു. പുതിയ ഉപനിയമങ്ങള്‍ അംഗീകരിക്കുന്നതോടെ, ക്ഷീരമേഖല, മത്സ്യബന്ധനം, ധാന്യസംഭരണം, ജന്‍ ഔഷധി കേന്ദ്രങ്ങളുടെ നടത്തിപ്പ് എന്നിവയുള്‍പ്പെടെ മുപ്പതിലധികം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ പിഎസിഎസിന് ഇപ്പോള്‍ വ്യാപൃ
തമാകാന്‍ കഴിയും. മൂന്ന് പുതിയ ദേശീയതല ബഹുസംസ്ഥാന സഹകരണ സംഘങ്ങള്‍ സ്ഥാപിച്ചത് സഹകരണ ആവാസവ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്തി. ദേശീയ സഹകരണ കയറ്റുമതി ലിമിറ്റഡ് കര്‍ഷകര്‍ക്ക് ആഗോള വിപണി അവസരങ്ങള്‍ തുറന്നുനല്‍കി. അതേസമയം, ദേശീയ സഹകരണ ഓര്‍ഗാനിക്‌സ് ലിമിറ്റഡ് ജൈവ സര്‍ട്ടിഫിക്കേഷനും ജൈവ ഉല്‍പന്നങ്ങളിലേക്കുള്ള വിപണി പ്രവേശനത്തിനും വേദിയൊരുക്കുന്നു. ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് കര്‍ഷകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിത്തുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. സാമ്പത്തിക സഹായം, നികുതി ഇളവ്, എഥനോള്‍ മിശ്രണം തുടങ്ങിയ സര്‍ക്കാര്‍ ഉദ്യമങ്ങള്‍ സഹകരണ പഞ്ചസാര മില്ലുകളെ പുനരുജ്ജീവിപ്പിച്ചു. സഹകരണ ബാങ്കിങ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്, സഹകരണ സ്ഥാപനങ്ങളുടെ തുക സഹകരണ ബാങ്കുകളിലേക്ക് മാറ്റുന്നതില്‍ നയപരമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ദേശീയ സഹകരണ വിവരശേഖരം സൃഷ്ടിക്കല്‍ പോലുള്ള സുതാര്യത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും സഹകരണ പ്രസ്ഥാനം അവികസിത മേഖലകളിലേക്കു വ്യാപിപ്പിക്കുകയും ചെയ്തു. കൂടാതെ, ഈ മേഖലയുടെ വളര്‍ച്ചയ്‌ക്ക് കരുത്തുറ്റ ചട്ടക്കൂട് നല്‍കുന്നതിനായി സമഗ്രവും ദീര്‍ഘവീക്ഷണവുമുള്ള ദേശീയ സഹകരണ നയവും വികസിപ്പിക്കുകയാണ്.
സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ദാരിദ്ര്യനിര്‍മാര്‍ജനം, ലിംഗസമത്വം ഉറപ്പാക്കല്‍, ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) ചലനാത്മക സഹകരണ പ്രസ്ഥാനത്തിലൂടെ കൈവരിക്കുന്നതില്‍ സംഭാവന നല്‍കല്‍ എന്നിവയിലെ ഭാരതത്തിന്റെ ശ്രദ്ധേയ മുന്നേറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആഗോളവേദിയായി ഐസിഎ പൊതുസഭയും 2024ലെ ആഗോള സമ്മേളനവും പ്രവര്‍ത്തിക്കും. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും സഹകരണ സംഘങ്ങളെ പ്രാപ്തമാക്കുന്ന പുനരുജ്ജീവനശേഷിയുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ കാര്യപരിപാടി. ഏവര്‍ക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിന് ലോകമെമ്പാടുമുള്ള സഹകരണ സ്ഥാപനങ്ങള്‍ ഒന്നിക്കുകയും സംഭാവന നല്‍കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ചരിത്രം കുറിക്കുന്ന ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കാന്‍ നാം തയ്യാറെടുക്കുമ്പോള്‍, ലോകമെമ്പാടുമുള്ള സഹകരണമേധാവികള്‍, നയ ആസൂത്രകര്‍, മാനവവികസന വക്താക്കള്‍ എന്നിവരെ തുറന്ന സമീപനത്തോടെ ഞാന്‍ ക്ഷണിക്കുന്നു. ആഗോള സഹകരണ പ്രസ്ഥാനത്തിനു കരുത്തേകാന്‍ ‘പഠിക്കുക, പങ്കുവയ്‌ക്കുക, സഹകരിക്കുക’ എന്നിവയുടെ ചൈതന്യം നമുക്ക് ഒരുമിച്ച് സ്വീകരിക്കാം. ”സഹകാര്‍ സേ സമൃദ്ധി”യോടുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധത വെറും കാഴ്ചപ്പാടു മാത്രമല്ല, കൂട്ടായ അഭിവൃദ്ധിയിലും സുസ്ഥിരതയിലും പൊതുവായ പുരോഗതിയിലും അധിഷ്ഠിതമായ ശോഭനമായ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞ കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക