കൊച്ചി: വഖഫ് ഭീകരതയ്‌ക്കെതിരെ മുനമ്പത്ത് പ്രതിഷേധം ശക്തമാകുന്നു. ഭീകരത നേരിടുന്ന എല്ലാ കുടുംബങ്ങളിലെയും അംഗങ്ങള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങി. വഖഫിന്റെ പ്രതീകാത്മക രൂപം നിര്‍മിച്ച് കടലില്‍ കെട്ടിത്താഴ്‌ത്തി. മുനമ്പം പ്രശ്‌ന പരിഹാരത്തിന് എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത് വഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ഭൂ സംരക്ഷണ സമിതി പ്രസ്താവിച്ചിരുന്നു.
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം തരിക, രാജ്യത്തിന്റെ നന്മക്കായി വഖഫ് കിരാത നിയമം കടലില്‍ തള്ളുക എന്നീ മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ അടക്കമുള്ളവര്‍ ഇന്നലെ പ്രതിഷേധത്തില്‍ അണിനിരന്നു. ആരുമറിയാതെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് മുനമ്പത്ത് നടത്തുന്നത്. ഇത് അനുവദിക്കില്ല. ജനമനസ്സുകള്‍ അറിയാതെ നടപ്പിലാക്കുന്ന നിയമങ്ങള്‍ കടലില്‍ കെട്ടി താഴ്‌ത്തുകയാണ് വേണ്ടതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ശാശ്വത പരിഹാരം എന്ന ആവശ്യത്തിനു പകരം ജുഡീഷ്യല്‍ കമ്മിഷനെ വച്ചതില്‍ മുനമ്പം നിവാസികള്‍ രോഷാകുലരാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും ഇത് പ്രകടമായി. വഖഫിന്റെ പ്രതീകാത്മക രൂപം നിര്‍മിച്ച് പള്ളി അങ്കണത്തില്‍ നിന്നാണ് കടല്‍ തീരത്തേക്ക് മാര്‍ച്ച് നടത്തിയത്. വഖഫിന്റെ പ്രതീകാത്മക രൂപം മത്സ്യത്തൊഴിലാളികള്‍ കടലില്‍ കെട്ടിത്താഴ്‌ത്തി. ഫാ. ആന്റണി സേവ്യര്‍, ഫാ. ഫ്രാന്‍സിസ്, ഫാ. ജോണ്‍സണ്‍, സിജി ജിന്‍സണ്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
കമ്മിഷനെ നിയമിച്ചെങ്കിലും എന്തൊക്കെയാണ് അന്വേഷിക്കേണ്ടതെന്ന് സംബന്ധിച്ച് ഇതുവരെയും ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ വ്യക്തമാക്കി.
കഴിയുന്നതും വേഗത്തില്‍ തീര്‍ക്കാനാണ് നോക്കുന്നത്. എന്നാല്‍ സമയത്ത് തീര്‍ന്നില്ലെങ്കില്‍ കമ്മിഷന്റെ കാലാവധി നീട്ടി നല്‌കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക