Kerala

കളമശ്ശേരിയിലെ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയ ഗിരീഷ് ബാബുവും ഖദീജയും കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങൾ മൂലം

Published by

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരനായ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായത്. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബു ഇൻഫോപാർക്ക് ജീവനക്കാരനാണ്.

സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു ജെയ്സിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും നഷ്ടപ്പെ‌ട്ടി‌രുന്നു. തലയിൽ പത്തോളം മുറിവുകളുണ്ടെന്നും തലയ്‌ക്കു പിന്നിൽ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

കളമശ്ശേരി കൂനംതൈയിലെ അപ്പാർട്മെൻ്റിലാണ് ജെയ്സിയെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന ജെയ്സി ഒരു വർഷമായി കളമശ്ശേരിയിലെ ഈ അപ്പാർട്ടമെൻറിലാണ് താമസം. കാനഡയിലുള്ള ജെയ്സിയുടെ മകൾ നാട്ടിലെത്തിയിട്ടുണ്ട്.

കൊലപാതകം നടന്ന ദിവസം ​ഗിരീഷ് ബാബു അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിൻറെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കളമശ്ശേരി കൂനംതൈ-അമ്പലം റോഡിന് സമീപം അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ജെയ്‌സി താമസിച്ചിരുന്നത്. ഈ മാസം 17ന് രാത്രിയിലാണ് ജെയ്‌സി കൊല്ലപ്പെട്ടത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. ഇവരുടെ മുഖവും വികൃതമാക്കിയിരുന്നു. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ കാനഡയിലുള്ള മകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by