ന്യൂദല്‍ഹി: ഇന്ത്യയിലെ ബിസിനസുകാരനായ ഗൗതം അദാനിയെ വീഴ്ത്താന്‍ ഡീപ് സ്റ്റേറ്റിന്റെ ആവനാഴിയിലെ വജ്രായുധമാണ് യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണമെന്ന് കരുതുന്നു. അദാനിയെ വീഴ്ത്തുക, മോദിയെയും യോഗിയെയും വീഴ്ത്തുക അതിലൂടെ ഭരണം അട്ടിമറിച്ച് ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയെ അധികാരത്തില്‍ കയറ്റുക. എത്രയോ കാലമായി ഒളിഞ്ഞും തെളിഞ്ഞും വെളിവായ ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണ്.
എന്താണ് ഡീപ് സ്റ്റേറ്റ്?
മറ്റ് ചെറുരാജ്യങ്ങളിലെ ഭരണകൂടത്തെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റി ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വന്‍ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. ഇതില്‍ യുഎസിലെ മുന്‍ പ്രസിഡന്റ് മാര്‍ വരെ അംഗങ്ങളാണെന്ന് പറയപ്പെടുന്നു. ഈയിടെ ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ അട്ടിമറിച്ച ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് യുഎസില്‍ സ്വീകരണം ഉണ്ടായിരുന്നു. അന്ന് ആ ചടങ്ങില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വരെ പങ്കെടുത്തിരുന്നു. അന്ന് ജമാ അത്തെ വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ത്ഥികള്‍ കോട്ടും സ്യൂട്ടും അണിഞ്ഞാണ് വേദിയില്‍ എത്തിയത് എന്നത് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു. നിഷ്കളങ്കമെന്ന് തോന്നുന്ന സാമൂഹ്യ കലാപങ്ങള്‍ പോലും എത്ര ആസൂത്രിതമായാണ് നടപ്പാക്കുന്നതെന്ന് എന്നതിന് ഉദാഹരണമായിരുന്നു ഈ സംഭവം. ആ വേദിയില്‍ ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മേധാവിയായ മുഹമ്മദ് യൂനസും ഉണ്ടായിരുന്നു. ഇപ്പോള്‍ യൂനസിനെക്കൊണ്ട് അടിക്കടി ഇന്ത്യ അഭയം നല്കിയ ഷേഖ് ഹസീനയെ വിട്ടുനല്‍കൂ എന്ന് ആവശ്യം ഉയര്ത്തിക്കുന്നതിന് പിന്നിലും ഇതേ ഡീപ് സ്റ്റേറ്റ് തന്നെയാണ്. ഡീപ് സ്റ്റേറ്റിന് കൃത്യമായി ഒരു മുഖമില്ല. അതിന്റെ അജണ്ടകള്‍ നിര്‍വ്വഹിക്കാന്‍ അവര്‍ എല്ലാ രാജ്യങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ജേണലിസ്റ്റുകളെയും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന എന്‍ജിഒ സംഘടനകളും അതത് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളിലെ നേതാക്കന്മാരും എല്ലാം ഉള്‍പ്പെടും. അതുപോലെ തന്നെ ഈ ലക്ഷ്യത്തോടെ ഫണ്ടിറക്കുന്ന വന്‍ മുതലാളിമാരുമുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ് യുഎസിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ്. ഇദ്ദേഹം ജേണലിസ്റ്റുകളുടെ സംഘടന തൊട്ട് വിവിധതരം എന്‍ജിഒ സംഘടനകളെ വരെ പണം നല്കി നിലനിര്‍ത്തുന്നുണ്ട്. ഡീപ് സ്റ്റേറ്റിന്റെ അജണ്ടകള്‍ നടപ്പാക്കാനാണ് ഇത്.
അദാനിയെ വീഴ്ത്താന്‍ കയ്യില്‍ കരുതിയ വജ്രായുധം
അദാനിയെ വീഴ്ത്താന്‍ കയ്യില്‍ കരുതിയ വജ്രായുധം ഡീപ് സ്റ്റേറ്റ് ഇപ്പോള്‍ പൊടുന്നനെ പ്രയോഗിച്ചത് എന്തുകൊണ്ടാണ്? അമേരിക്കയിലെ പ്രധാനപാര്‍ട്ടികളില്‍ ഒന്നായ ഡമോക്രാറ്റുകളിലെ നേതാക്കളില്‍ പലരും ഡീപ് സ്റ്റേറ്റില്‍ അംഗങ്ങളാണെന്ന് പറയപ്പെടുന്നു. ഈ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് യുഎസ് ഭരിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെയാണ് യുഎസ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ ഡമോക്രാറ്റുകള്‍ വീഴുകയും ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്തായി അറിയപ്പെടുന്ന നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. ഇസ്ലാമിക തീവ്രവാദത്തോടും അനധികൃത കുടിയേറ്റത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്നതിനാലാകാം ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും ഇത്രയ്ക്ക് അടുത്തുപോയത് എന്ന് പലപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളതാണ്. കുറെശ്ശെയായി അദാനിയ്ക്കെതിരെ പിടിമുറുക്കി, ഒടുവില്‍ ഈ അഴിമതി, കൈക്കൂലി ആരോപണത്തോടെ താഴെ വീഴ്ത്താം എന്നതായിരുന്നു ഡീപ് സ്റ്റേറ്റിന്റെ അജണ്ട. പക്ഷെ അതിന് മുന്‍പേ ജോ ബൈഡന് അധികാരത്തില്‍ നിന്നും പുറത്തായി. പുതിയ യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയെങ്കിലും യുഎസ് കോണ്‍ഗ്രസ് ട്രംപിന്റെ വിജയം സാധൂകരിക്കുക 2025 ജനവരി ആറിന് മാത്രമാണ്. അതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെുക്കുക 2025 ജനവരി 20ന് മാത്രമാണ്. ഇതോടെ ആകെ വിറളി പിടിച്ച ഡീപ് സ്റ്റേറ്റ് സംഘം അതിവേഗം അവരുടെ വജ്രായുധം പുറത്തെടുക്കുകയായിരുന്നു. ഇതിന്റെ പരിസമാപ്തി എന്താകും എന്ന് കണ്ട് തന്നെ അറിയണം. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചും ഒസിസിആര്‍പി എന്ന ജോര്‍ജ്ജ് സോറോസിന്റെ വാലാട്ടികളായ ജേണലിസ്റ്റ് സംഘവും അദാനിയ്ക്കെതിരെ ഉയര്‍ത്തിയ വസ്തുതകളില്ലാത്ത ആരോപണളുടെ റിപ്പോര്‍ട്ടുകളെ അദാനി ഏറെ പ്രയാസപ്പെട്ടാണെങ്കിലും അതിജീവിച്ചു. ചില കോര്‍പറേറ്റുകള്‍ അങ്ങിനെയാണ്. എത്ര വെട്ടിയാലും മുറികൂടുന്ന സംവിധാനമാണ് അവരുടേത്. യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണങ്ങള്‍ മൂലം അദാനി കമ്പനികളുടെ ഓഹരിവിലകള്‍ വന്‍തോതില്‍ ഇടിഞ്ഞിരുന്നു. അതില്‍ ഏഴോളം അദാനി കമ്പനികളുടെ ഓഹരി വില വീണ്ടും തിരിച്ച് ഉയര്‍ന്നിരുന്നു. അതിനര്‍ത്ഥം അത്ര എളുപ്പം അദാനിയെ വീഴ്ത്താന്‍ കഴിയില്ല എന്നത് തന്നെയാണ്. ഡീപ് സ്റ്റേറ്റുകളുടെ നിര്‍ദേശപ്രകാരം കെനിയയിലെ സര്‍ക്കാര്‍ അദാനിയ്ക്ക് നല്കിയ ചില ഊര്ജ്ജകരാറുകള് റദ്ദാക്കിയിട്ടുണ്ട്.
അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ അദാനിയെ യുഎസിന് വിട്ടുകൊടുക്കണമെന്ന് വൈ.എസ്. ശര്‍മ്മിള
അദാനിയ്ക്കെതിരെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അഴിമതി, കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ത്തിയ അതേ സമയംഇന്ത്യയിലെ ഡിപ് സ്റ്റേറ്റിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് അദാനിയെ അറസ്റ്റ് ചെയ്യണം എന്നാണ്. മറ്റൊരു ഏജന്റായ ആന്ധ്രയിലെ വൈഎസ് ആറിന്റെ മകളായ ശര്‍മ്മിള ആവശ്യപ്പെടുന്നത് അദാനിയെ അമേരിക്കയ്ക്ക് കൈമാറണം എന്നാണ്. എത്ര എളുപ്പത്തിലാണ് അവര്‍ അദാനിയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. വിദേശത്തുനിന്നും തീരുമാനിച്ച അജണ്ടകള്‍ക്കനുസരിച്ച് സംസാരിക്കുന്നത്. ഇത് തന്നെയാണ് അദാനിയ്ക്കെതിരെ പൊടുന്ന യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണത്തിന് പിന്നില്‍ ഡീപ് സ്റ്റേറ്റ് ഉണ്ടെന്ന് വിശ്വസിക്കുന്നത്. സഹോദരന് ജഗന് അദാനിയ്ക്ക് വേണ്ടി ആന്ധ്രയെ ബ്ലാങ്ക് ചെക്കായി ഉപയോഗിക്കാന്‍ നല്കി എന്ന ആരോപണവും ശര്‍മ്മിള ഉയര്‍ത്തുന്നു. അതേ സമയം ഛത്തീസ് ഗഢിലെ കോണ്‍ഗ്രസ് നേതാവ് ബാഗേലിനെതിരെയോ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരെയോ ശര്മ്മിളയോ രാഹുല്‍ ഗാന്ധിയോ ചെറുവിരല്‍ പോലും അനക്കുന്നുമില്ല. അദാനിയ്ക്കെതിരെ ഡീപ് സ്റ്റേറ്റ് നടത്തിയ ആരോപണമാണ് ഇതെന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: