കൊച്ചി: മുകേഷ്, ജയസൂര്യ എന്നിവരടക്കമുള്ള താരങ്ങൾക്കെതിരേ നൽകിയ ലൈംഗികാതിക്രമക്കേസിൽ നിന്ന് പിന്മാറില്ലെന്ന് പരാതിക്കാരി. കേസുമായി മുന്നോട്ട് പോകുമെന്നും തനിക്കെതിരെയുള്ള പോക്സോ കേസ് നിയമപരമായി നേരിടുമെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. ഭർത്താവും കുടുംബവും പിന്തുണയുമായി ഒപ്പമുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.
തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതാണ്. ഇതിനെ നിയമപരമായി നേരിടും. ഇതു വരെയും ഹേമ കമ്മിഷനും ഡബ്ല്യു സിസിയും ബന്ധപ്പെട്ടിട്ടില്ലെന്നും നടി വ്യക്തമാക്കി. സർക്കാർ വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന് ആരോപിച്ച് കേസിൽ നിന്ന് പിന്മാറുകയാണെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. നടന്മാരായ എം. മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരുൾപ്പടെ ഏഴ് പേർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പരാതികളിൽ കേസ് രജിസ്റ്റർ ചെയ്ത പ്രത്യേക അന്വേഷണ സംഘം നടിയുടെ രഹസ്യമൊഴി ഉൾപ്പടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേ കഴിഞ്ഞ ദിവസമാണ് വാട്സാപ്പ് ഗ്രൂപ്പിൽ പരാതികൾ പിൻവലിക്കുന്നതായി അറിയിച്ചുകൊണ്ട് സന്ദേശമെത്തിയത്.
തനിക്ക് സർക്കാറിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒരു തരത്തിലുളള നീതി ലഭിച്ചില്ലെന്നും, തനിക്കെതിരെ ചുമത്തിയ വ്യാജ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറാവത്തതിനാലും ആണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് നടി വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക