കേരളത്തില്‍ ഭാരതീയ ജനസംഘത്തിന്റെ ആസൂത്രിതമായ പ്രവര്‍ത്തനം ആരംഭിച്ചത് 1957 ലാണ്. എന്നാല്‍ അതിനു മുമ്പും ചില പരിശ്രമങ്ങളുണ്ടായി. 1954ല്‍ ദീനദയാല്‍ ഉപാദ്ധ്യായ കേരളയാത്ര നടത്തിയത് മുമ്പ് പലപ്പോഴും ഈ പംക്തികളില്‍ പരാമര്‍ശ വിഷയമായിരുന്നു. അന്നു കേരളം തിരു-കൊച്ചി, മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാര്‍ എന്നിങ്ങനെ വിഭിന്ന രാഷ്‌ട്രീയ ഘടകങ്ങളായിരുന്നു. അക്കാലഘട്ടത്തില്‍ ചാവക്കാട്ടും തിരുവനന്തപുരത്തും കോഴിക്കോടും ചില തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും രാജനൈതിക രംഗത്തെ പിന്നാക്കാവസ്ഥ നിര്‍ണയിക്കാന്‍ അവസരമുണ്ടാകുകയും ചെയ്തു. ദീനദയാല്‍ജിയും, നാനാജി ദേശ്മുഖും സന്ദര്‍ശനങ്ങള്‍ നടത്താതിരുന്നുമില്ല. അതിനിടെ പാലക്കാട് നഗരസഭയിലെ ഒരു വാര്‍ഡില്‍ ജനസംഘം വിജയിച്ചു. കോഴിക്കോട്ടു നഗരത്തിനു പുറത്തു നല്ലളം പഞ്ചായത്തിലും ജനസംഘം ജയിക്കുകയുണ്ടായി.
സംസ്ഥാന പുനസ്സംഘടനയ്‌ക്കുശേഷം കേരള സംസ്ഥാനം രൂപംകൊണ്ടു. സംഘദൃഷ്ട്യാ മദിരാശി പ്രവിശ്യയുടെ ഘടകമായിരുന്ന മലയാള ഭാഗത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റി പരിചിന്തിക്കാന്‍ കൊച്ചി മട്ടാഞ്ചേരിയില്‍ ഏകനാഥ റാനഡേയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന നാലുദിവസത്തെ ബൈഠക്കില്‍ കേരളം പ്രത്യേക പ്രാന്തമായിത്തീരുന്നതിന്റെ മുന്നോടിയായി ചില ക്രമീകരണങ്ങള്‍ നടപ്പാക്കി. പി. പരമേശ്വര്‍ജിയെ ജനസംഘ പ്രവര്‍ത്തനത്തിനുവേണ്ടി നിയോഗിക്കുകയുമുണ്ടായി. പിന്നീടാണ് കേരള രാഷ്‌ട്രീയ രംഗത്ത് ജനസംഘത്തിന്റെ ‘ഹിന്ദുത്വ രാഷ്‌ട്രീയ’മെന്നു വിവക്ഷിക്കപ്പെടുന്ന സംഗതി വളര്‍ന്നുവന്നത്.
പരമേശ്വര്‍ജി ആ ചുമതല സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നതിനിടയിലാണ് കോഴിക്കോട് ചരിത്രം സൃഷ്ടിച്ച അഖില ഭാരത സമ്മേളനം ദീനദയാല്‍ജിയുടെ അധ്യക്ഷതയില്‍ നടന്നത്. ഭാരത രാഷ്‌ട്രീയ രംഗത്തുതന്നെ അത് ഭാവാത്മകമായ ചലനങ്ങള്‍ സൃഷ്ടിച്ചു. ദീനദയാല്‍ജിയെ, രാജ്യത്തിന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ പറ്റിയ ആളായി സകലരും കാണുകയും ചെയ്തു.
ജനസംഘം കൂടുതല്‍ വ്യാപകവും ഉള്‍ക്കരുത്തുറ്റതുമാക്കേണ്ടത് കേരള രാഷ്‌ട്രീയത്തിന് അത്യാവശ്യമാണെന്ന് വ്യക്തമായി. അക്കാലത്ത് സംഘചുമതല വഹിച്ചുവന്ന കര്‍തൃത്വനിഷ്ഠയുള്ള ചിലരെ രാജനൈതിക രംഗത്തേക്ക് നിയോഗിക്കണമെന്ന ചിന്തയും ബലം പ്രാപിച്ചു. ഇരുത്തം വന്ന അത്തരം പ്രവര്‍ത്തകരെ സംഘത്തിന്റെ നിര്‍ദേശമനുസരിച്ചു തന്നെ നിയോഗിക്കാന്‍ നടപടികളുണ്ടായി. തളിപ്പറമ്പിലെ കെ.കണ്ണന്‍, കണ്ണൂര്‍ നാറാത്ത് കെ.ജി. മാരാര്‍, ആലുവയിലെ ഒ.ജി. തങ്കപ്പന്‍, പാലക്കാട്ട് എം.വി. സുകുമാരന്‍, അറുമുഖന്‍, കോട്ടയത്ത് ദാമോദരന്‍ തുടങ്ങി ഏറെപ്പേര്‍ രംഗത്തെത്തി. അവര്‍ സംഘപ്രചാരക മനോഭാവത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ജനസംഘത്തിന് ഉറച്ച അടിത്തറയുണ്ടായി. അവരില്‍ പലരും വിദ്യാസമ്പന്നരായിരുന്നില്ല. തളിപ്പറമ്പിലെ കണ്ണേട്ടന് നാലാം ക്ലാസ് പഠനമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ പ്രവര്‍ത്തനത്തിന്റെ കുശലത മൂലം പില്‍ക്കാലത്ത് തളിപ്പറമ്പിലെ പ്രശസ്തമായ മൂന്നുക്ഷേത്രങ്ങള്‍ക്കായുള്ള ദേവസ്വം ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തെത്താന്‍ കഴിഞ്ഞു. ആ മഹാക്ഷേത്രത്തിന്റെ സവിശേഷതയുള്ള ശ്രീകോവിലിന്റെ ജീര്‍ണോദ്ധാരണമായിരുന്നു അന്നത്തെ നേട്ടം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രഗോപുരങ്ങള്‍ക്കിന്നും മോചനം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ആ ക്ഷേത്രത്തിനു ചുറ്റും 600 ഏക്കര്‍ ഭൂമി വഖഫ് ആണെന്ന് അവകാശവാദവും ഉയര്‍ന്നിരിക്കുന്നു!
സാധാരണക്കാരായ വിദ്യാഭ്യാസ യോഗ്യത പറയാനില്ലാത്ത സ്വയംസേവകര്‍ നേടിയ ആദരവ് എടുത്തുകാട്ടാനാണിതു പരാമര്‍ശിച്ചത്. പാലക്കാട്ടെ അറുമുഖന്‍ നിലത്തെഴുത്തിനപ്പുറം പോയിട്ടില്ല. എന്നാല്‍ നാട്ടികയിലും മലപ്പുറത്തും ജനസംഘ ചുമതല വഹിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ നേടിയ ആദരവിനു ഞാന്‍ സാക്ഷിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചവരെ ഒട്ടും ശങ്ക കൂടാതെ ബന്ധപ്പെട്ടുവെന്നു മാത്രമല്ല, അവര്‍ അദ്ദേഹത്തെ പരാമര്‍ശിച്ചതു ആറുവേട്ടനെന്നായിരുന്നുവെന്നതും മറക്കാനാവില്ല.
ആലുവയിലെ ഒ.ജി. തങ്കപ്പനെപ്പറ്റി പരാമര്‍ശിച്ചുവല്ലൊ. മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനും പറവൂര്‍ കവലയ്‌ക്കും മധ്യത്തില്‍ റോഡില്‍നിന്ന് നേരിട്ടിറങ്ങാവുന്നവിധത്തിലായിരുന്നു വീട്. അമ്മയും അനുജനും അനുജത്തിയും ആ കൂരയില്‍ കഴിഞ്ഞു. ഒ.ജി. ഏലൂരില്‍ ശ്രീചിത്രാമില്ലിലെ തൊഴിലാളിയായിരുന്നു. വിശ്രമവേളയില്‍ സഹതൊഴിലാളികളെ സംഘാനുഭാവികളാക്കാനും, ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ അംഗങ്ങളാക്കാനും ഉദ്യമിച്ചു. പഠിപ്പിന്റെ കുറവ് ശാഖയിലൂടെ ലഭിച്ച അറിവുകൊണ്ടു പരിഹരിച്ചുവെന്നു പറയാം.
1970 ല്‍ ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇന്നു സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നടത്തപ്പെട്ടു. അന്നു നഗരത്തിലെ ഏറ്റവും വലിയ ചെളിക്കുണ്ടും മാലിന്യനിക്ഷേപ കേന്ദ്രവുമായിരുന്ന അവിടം ശുചിയാക്കി പ്രതിനിധികള്‍ക്ക് താമസയോഗ്യമാക്കുന്ന കൃത്യം എങ്ങനെ സാധിക്കുമെന്ന പ്രശ്‌നം വന്നപ്പോള്‍ പ്രാന്തപ്രചാരകനായിരുന്ന ഭാസ്‌കര്‍റാവുജി ആ ചുമതല പച്ചാളം വിജയനെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. നഗരസഭയുടെ വാഹനങ്ങളും പണിയായുധങ്ങളും ലഭ്യമാക്കുന്നതുമുതല്‍ സമ്മേളന നഗര്‍ നിര്‍മിക്കുന്നതിനു മൈതാനം തയാറാക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഇന്ദ്രജാലം എന്നപോലെ പൂര്‍ത്തിയാക്കി.
സര്‍സംഘചാലക് ബാലാ സാഹിബ് ദേവറസ്ജിയുടെ പരിപാടിക്കു തലസ്ഥാനത്തെ പുത്തരിക്കണ്ടം വൃത്തിയാക്കിയതും, മോഹന്‍ ഭാഗവതിന്റെ പരിപാടിക്കായി കൊല്ലം ആശ്രാമം മൈതാനം ഒരുക്കിയെടുത്തതും അതുപോലെ ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്. ആര്‍എസ്എസിന് അതിനനുമതി നല്‍കിയ കുറ്റത്തിന് രണ്ടു സ്ഥലത്തെയും മേയര്‍മാര്‍ക്കും പാര്‍ട്ടിയുടെ ശാസനം നേരിടേണ്ടിവന്നതും ചരിത്രമാണ്.
ഒ.ജി. തങ്കപ്പനില്‍നിന്നും വീണ്ടും വഴിതെറ്റി. അദ്ദേഹം പരമേശ്വര്‍ജിയുടെ അഭിമതം മാനിച്ച് ജനസംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനാകാന്‍ തയാറായി. എറണാകുളം ജില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായി നിശ്ചയിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബച്ചെലവുകള്‍ക്കും ആലുവയിലെ മുതിര്‍ന്ന സ്വയംസേവകര്‍ വ്യവസ്ഥയുണ്ടാക്കി.
എറണാകുളം സമ്മേളനത്തെ തുടര്‍ന്ന് സംസ്ഥാന കാര്യാലയം കോഴിക്കോട്ടുനിന്നും അങ്ങോട്ടു മാറ്റപ്പെട്ടു. ഈ ലേഖകനെ സംസ്ഥാന സംഘടനാകാര്യദര്‍ശിയുമായി നിശ്ചയിച്ച് ദല്‍ഹിയില്‍നിന്ന് സുന്ദര്‍ സിങ് ഭണ്ഡാരിയുടെ അറിയിപ്പും ലഭിച്ചു. എറണാകുളം ജില്ലക്കാരനാണെങ്കിലും എനിക്കു ജില്ലയിലെ തൊടുപുഴയൊഴികെയുള്ള സ്ഥലങ്ങളില്‍ വലിയ പരിചയമുണ്ടായിരുന്നില്ല. ഒജിക്കാണെങ്കില്‍ ഉള്ളംകയ്യിലെ രേഖകള്‍ പോലെയായിരുന്നു സ്ഥലങ്ങളിലുള്ള പരിജ്ഞാനം. അദ്ദേഹവുമൊരുമിച്ച് ഒരു ജില്ലാ പര്യടനം നടത്തി. വടക്കന്‍ പറവൂര്‍ മുതല്‍ ജീപ്പില്‍ പ്രചരണജാഥ ആയിട്ടായിരുന്നു യാത്ര. പറവൂര്‍ വടക്കേക്കര, ആലുവ, പെരുമ്പാവൂര്‍, കോതമംഗലം, കാലടി, അങ്കമാലി, പിറവം എന്നിവിടങ്ങളില്‍ പോകാന്‍ കഴിഞ്ഞു. ഈ പരിപാടികളൊക്കെ സ്വന്തം പ്രദര്‍ശനമായല്ലാതെ രംഗത്ത് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നവരെ അറിയാന്‍ എനിക്കുപകരിച്ചില്ല എന്നു പറയാതെ വയ്യ.
പിന്നീട് അടിയന്തരാവസ്ഥക്കാലത്തു ഒ.ജിയോടൊപ്പം നടത്തിയ യാത്രയും മനസ്സില്‍ തറച്ചുകിടക്കുന്നു. അതില്‍ തൊടുപുഴയും പെട്ടു. ഞങ്ങള്‍ അതിരാവിലെ തന്നെ മണക്കാട് വീട്ടില്‍ എത്തി. സമീപത്തുള്ള തോട്ടില്‍ പോയി പ്രഭാതകൃത്യങ്ങളും കുളിയും കഴിച്ചു. വേണ്ടത്ര ജാഗ്രതയോടെ അമ്മയും അച്ഛനുമായി കാര്യങ്ങള്‍ പറഞ്ഞു. റോഡിലൂടെ വന്നാല്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുമെന്നതിനാല്‍ പോക്കുവരവ് ഊടുവഴികളിലൂടെ ആയിരുന്നു. ഇപ്പോള്‍ ആ വഴികളെല്ലാം തന്നെ മുനിസിപ്പാലിറ്റി വാഹനയോഗ്യമാക്കി ടാര്‍ ചെയ്തു കിടക്കുന്നു. അച്ഛന്‍ സംഘചാലകായതിനാല്‍ ഏതു ദിവസവും മിസാ വാറണ്ടുവരാമല്ലൊ. എന്തുകൊണ്ടെന്നറിയില്ല അറസ്റ്റുണ്ടായില്ല. തലശ്ശേരിയിലെ ‘ദൈവംപോലെ’ ത്തെ മനുഷ്യനായിരുന്ന അടിയോടി വക്കീലിനെ മിസാപ്രകാരം പിടികൂടി കണ്ണൂര്‍ ജയിലിലടച്ച സര്‍ക്കാരായിരുന്നല്ലൊ. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായിരുന്നു ഹൈക്കോടതിയിലെ മുഖ്യ ന്യായാധിപന്‍ ജ. ഗോപാലന്‍ നമ്പ്യാര്‍.
നേരത്തെ സൂചിപ്പിച്ച ചാലങ്കോട് രാജന്റെ ഒരു അനുജത്തി കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. അവര്‍ അന്തരിച്ച വിവരം അറിഞ്ഞിരുന്ന ഒ.ജിയുമൊത്തു അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. രാജന്‍ അന്ന് സംന്യസിച്ചിട്ടില്ല എന്നാണെന്റെ ഓര്‍മ്മ. അവിടെ കുറേ സമയം ചിലവഴിച്ച ശേഷം ടൗണില്‍നിന്ന് ഭക്ഷണം കഴിച്ചു ഞങ്ങള്‍ മടങ്ങി.
കാലം മാറി. അടിയന്തരാവസ്ഥ അവസാനിച്ചു. ജനതാ ഭരണം വന്നു. പുതിയ ഭരണത്തില്‍ നടപ്പാക്കേണ്ട പരിപാടികളുടെ കരടുരൂപം മുന്‍കൂട്ടി അയച്ചുകിട്ടി, അതിനെപ്പറ്റി നമ്മുടെ അഭിപ്രായം അറിയുന്നതിന് ഒരു ചോദ്യാവലിയുമായി ജഗദീശ് പ്രസാദ് മാഥൂര്‍ എന്ന നേതാവ് എറണാകുളത്തു വന്നു. അതു ചര്‍ച്ച ചെയ്ത നിഗമനങ്ങളുമായി അദ്ദേഹം മടങ്ങി. ജനതാ സര്‍ക്കാരിന്റെ കാലത്ത് കൊച്ചി ഷിപ്പ്‌യാര്‍ഡിന്റെ ഭരണസമിതിയിലേക്ക് ഒ.ജിയെ കേന്ദ്രം നാമനിര്‍ദ്ദേശം ചെയ്തു. യാത്ര ചെയ്യാന്‍ വാഹനവുമായി ഒരു ദിവസം കണ്ടു. പിന്നീട് കാണാന്‍ അവസരമുണ്ടായില്ല. അദ്ദേഹത്തിന്റെ വീടിരുന്ന സ്ഥലം റോഡിനെടുത്തു പോയി. പിന്നീട് ഇതുവരെ ആ കുടുംബത്തെ തേടി കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. നീണ്ട ഒരു കാലഘട്ടത്തില്‍ ആലുവായില്‍ മാത്രമല്ല എറണാകുളത്തും ജില്ലയിലാകെ ചലനങ്ങളുണ്ടാക്കിയ ഒ.ജിയുടെ മറ്റു ബന്ധുക്കളെക്കുറിച്ചും ഒന്നും അറിയാതിരിക്കുന്നതു മ്ലാനതയുണ്ടാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക