സംഗീതം ഇത്രയേറെ ജനകീയമായ മറ്റൊരു കാലം ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ഇന്റര്‍നെറ്റിന്റെ വരവും സമൂഹമാധ്യമങ്ങളുടെ പ്രചാരവുമാണ് ഇതിന് കാരണം. വരേണ്യമെന്ന് കരുതപ്പെട്ടിരുന്ന സംഗീതം പോലും ഇന്ന് സാധാരണക്കാര്‍ക്ക് പരിചിതമാണ്. എന്നാല്‍ പാട്ടുകാരും ആസ്വാദകരും നിരവധിയാണെങ്കിലും എന്താണ് സംഗീതമെന്നും, അതിന്റെ ചരിത്രമെന്നും അറിയുന്നവര്‍ ചുരുക്കമായിരിക്കും. പാടുന്നതിനും ആസ്വദിക്കുന്നതിനും ഇതൊന്നും ആവശ്യമില്ലെന്നു കരുതുന്നവരാണ് അധികവും. ജന്മസിദ്ധമായ കഴിവുകൊണ്ട് നന്നായി പാടാന്‍ കഴിയുന്നവരും സംഗീതജ്ഞാനം ഉള്ളവരാകണമെന്നില്ല. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ട് ഇതിന് അവസരം ലഭിക്കണമെന്നുമില്ല. ഒരു ഗുരുവിനെ സ്വീകരിച്ച് സംഗീതം ശാസ്ത്രീയമായി പഠിക്കുന്നവര്ക്കുതന്നെ അത് തുടര്‍ന്നുകൊണ്ടു പോകാന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടെയാണ് ഡോ. ലക്ഷ്മി എസ്. മേനോന് എഴുതിയ ‘ഭക്തിയും സംഗീതവും’ എന്ന പുസ്തകത്തിന്റെ പ്രസക്തി.
മലയാളത്തില്‍ പാട്ടെഴുത്തുകാര്‍ (ഗാനരചയിതാക്കളല്ല) പലരുണ്ടെങ്കിലും അവര്‍ പൊതുവെ വായനക്കാര്‍ക്ക് നല്‍കുന്നത് ചില വിവരങ്ങളാണ്. സംഗീതത്തെ അക്കാദമിക്കായി പഠിക്കാത്തതാണ് ഇതിന് കാരണം. ‘ഭക്തിയും സംഗീതവും’ രചിച്ചിട്ടുള്ള ഡോ. ലക്ഷ്മി എസ്. മേനോന് ഇവരില്‍നിന്നൊക്കെ വ്യത്യസ്തയാണ്.
സംഗീതവും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന ഡോ. ലക്ഷ്മി വിവിധ ഗുരുക്കന്മാര്ക്കു കീഴില്‍ ഇവ രണ്ടും അഭ്യസിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, കവിതാലാപനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി തുടങ്ങിയവയില്‍ കലാതിലകമായിരുന്നു. തിരുവനന്തപുരം മഹാരാജാസ് വിമന്‍സ് കോളജില്‍ നിന്ന് സംഗീതത്തില്‍ പ്രീഡിഗ്രിയും, തിരുവനന്തപുരം ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മ്യൂസിക്കില്‍നിന്ന് റാങ്കോടെ എംഎയും, കാലടി സംസ്കൃത സര്‍വകലാശാലയില്‍നിന്ന് സംഗീതത്തില്‍ എംഫിലും ഡോക്ടറേറ്റും ലഭിച്ചു. കാലടി, കാഞ്ഞൂര്‍ സെന്റ് ജോസഫ് സ്കൂളില്‍ അദ്ധ്യാപികയായ ഗ്രന്ഥകാരിക്ക് യുപി വിദ്യാര്‍ത്ഥികള്‍ക്ക് സംഗീത പരിശീലനം നല്‍കുക വഴി അവരിലുണ്ടാകുന്ന സൈക്കോ-സോഷ്യല്‍ ഇംപാക്ട് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്. സംഗീത സംബന്ധമായ ഈ പഠനത്തിന്റെയും പരിശീലനത്തിന്റെയും പിന്‍ബലത്തിലാണ് ഡോ. ലക്ഷ്മി ‘ഭക്തിയും സംഗീതവും’ എന്ന രചന നടത്തിയിട്ടുള്ളത്. ഇതുകൊണ്ടുതന്നെ ഓരോ വാക്കും വാചകവും ആധികാരികമാണ്. ജന്മഭൂമി ദിനപത്രത്തില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചതാണ് പിന്നീട് പുസ്തക രൂപത്തിലാക്കിയത്.
ഭാരതീയ സംസ്കാരത്തില്‍ സംഗീതത്തിന് സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. സംഗീതമില്ലാത്ത ജീവിതം ഒരു പിശകായിരിക്കുമെന്ന് പറഞ്ഞത് ഒരു പാശ്ചാത്യ ചിന്തകനാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അങ്ങനെ കരുതുന്ന ഒരു ജനതയുണ്ടെങ്കില്‍ അത് ഭാരതീയരാണ്. ഭാരതീയ സംഗീതത്തിന്റെ ഉല്‍പ്പത്തിയും വികാസ പരിണാമങ്ങളും സവിശേഷതകളും കൃത്യമായി രേഖപ്പെടുത്തുന്നതാണ് ‘ഭക്തിയും സംഗീതവും’ എന്ന പുസ്തകം. ഭാരതീയ സംഗീതം ഭക്തിയുമായി എങ്ങനെയൊക്കെയാണ് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് സംഗീതാചാര്യന്മാരെയും ആധികാരിക ഗ്രന്ഥങ്ങളെയും അവലംബിച്ചാണ് ഈ പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
നാരദമുനി, ത്യാഗരാജ സ്വാമികള്‍, ജയദേവകവി, ഊത്തുക്കാട്, പുരന്ദരദാസന്‍, അരുണ ഗിരിനാഥന്‍, ക്ഷേത്രജ്ഞന്, പാപനാശം മുതലിയാര്‍, പാപനാശം ശിവന്, ഗോപാലകൃഷ്ണ ഭാരതി, സ്വാതിതിരുനാള്‍, വ്യാസരാജതീര്ത്ഥ, ബോധേന്ദ്ര സദ്ഗുരു സ്വാമി, മീരാബായി, ചൈതന്യ മഹാപ്രഭു, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവര്‍ മുതല്‍ എം.എസ്. സുബ്ബലക്ഷ്മിയും പി.ലീലയും വരെയുള്ളവരുടെ ജീവിതവും സംഗീതസിദ്ധിയും അര്‍ത്ഥപൂര്‍ണമായി സംഗ്രഹിച്ചിരിക്കുന്നു. സംഗീത ദാമോദരം, സംഗീത പാരിജാതം, സംഗീത മകരന്ദം, നാരദീയം, സ്വരാര്‍ണവം എന്നിങ്ങനെ ആധികാരിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഗ്രന്ഥകാരിയുടെ സംഗീത പാണ്ഡിത്യത്തിനുള്ള തെളിവാണ്.
‘ഭക്തിയും സംഗീതവും’ എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം വിഷയത്തില്‍നിന്ന് തെല്ലും വ്യതിചലിക്കാത്തതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഭാരതീയ സംഗീതത്തിന്റെ ആവിര്‍ഭാവം മുതല്‍ സമകാലിക ചലച്ചിത്ര സംഗീതത്തില്‍വരെ ഭക്തി എങ്ങനെയൊക്കെയാണ് അന്തര്‍ഭവിക്കുന്നതെന്ന് സരളമായും സാരവത്തായും വിവരിച്ചിരിക്കുന്നു. കൃഷ്ണനാട്ടത്തിലെ സംഗീതം, ക്ഷേത്രസോപാനങ്ങളിലെ സംഗീതം, സംഗീതവും ക്ഷേത്രങ്ങളും, ശാസ്താംപാട്ടിലെ സംഗീതം, ഭജനയിലെ സംഗീതം എന്നിങ്ങനെ അനുഷ്ഠാന കലകളുമായി ബന്ധപ്പെട്ട സംഗീതത്തെക്കുറിച്ചും ഉചിതമായി രേഖപ്പെടുത്തിയിരിക്കുന്നു.
പാര്‍വതീദേവി ഭഗവാന് ശിവനോട് സംഗീതശാസ്ത്ര തത്വങ്ങളെപ്പറ്റി പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടതാണ് സംഗീതത്തിന്റെ ഉത്ഭവമെന്ന് സംഗീതകല്പ്പദ്രുമം എന്ന കൃതിയെ ഉദ്ധരിച്ച് പറയുന്ന ഗ്രന്ഥകാരി, കേവലമായ ആസ്വാദനമല്ല സംഗീതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ത്യാഗരാജ സ്വാമികളുടെ വാക്കുകളിലൂടെ വ്യക്തമാക്കുന്നു. ‘ഭക്തിയുടെ പൂര്‍ണത സംഗീതത്തിലാണ്. ഭക്തിയും സംഗീതവും പരസ്പര പൂരകങ്ങളാണ്. ഭക്തി എന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധമാണ്. ജീവാത്മാവ് പരമാത്മാവില്‍ ലയിക്കുമ്പോഴാണ് മോക്ഷം കൈവരുന്നത്. പരമാത്മാവിനെ അറിയുകയും ഭക്തിപുരസ്സരം പ്രാപിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ മോക്ഷപ്രാപ്തി നേടുന്നത്’.
ഭാരതീയ സംഗീതത്തെ ആഴത്തിലും പരപ്പിലും അതിന്റെ തനിമയിലും അറിയാനുള്ള ശരിയായ പ്രവേശികയാണ് ഈ പുസ്തകം. സംഗീതപഠിതാക്കള്‍ക്ക് പൂര്‍ണമായും ആശ്രയിക്കാവുന്ന അവര്‍ക്ക് ഒപ്പം കൊണ്ടുനടക്കാവുന്ന ഒരു ഹാന്‍ഡ് ബുക്ക്. ‘ഭക്തിയും സംഗീതവും’ വായിക്കുന്നവര്‍ക്ക് ഇത് ബോധ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: