‘രാജാ ദശരഥ് ജൈസന്‍ സസുര്‍ മാംഗിലേ, റാണി കൗസല്യ ജൈസന്‍ സാസ്, ബാബു ലക്ഷ്മണ്‍ ജൈസന്‍ ദേവര്‍ മാംഗിലേ, പുരുഷ് മാംഗിലേ ശ്രീരാം, ഹേ മ!’. ബീഹാറിലെ ക്ഷേത്ര വീഥികള്‍ക്ക് സുപരിചിതമായൊരു പ്രാര്‍ത്ഥനയാണിത്. ‘അല്ലയോ ദേവി, ദശരഥനെപ്പോലൊരു ഭര്‍തൃ പിതാവിനെയും കൗസല്യയെപ്പോലൊരു ഭര്‍തൃ മാതാവിനെയും ലക്ഷ്മണനെപ്പോലൊരു ഭര്‍തൃ സഹോദരനെയും ശ്രീരാമനെപ്പോലൊരു വരനെയും ഞാന്‍ ചോദിക്കുന്നു’വെന്നാണ് അവിടെ പെണ്‍കുട്ടികള്‍ പാടുന്നത്. ദശരഥനും കൗസല്യയും ജനകനും സീതയും മാതാവ് സുനയനയും രാമ ലക്ഷ്മണന്മാരുമടങ്ങുന്ന ധര്‍മ കുടുംബത്തെയാണ് അവര്‍ സ്വപനം കാണുന്നതും പ്രാര്‍ത്ഥിക്കുന്നതെന്നും അര്‍ത്ഥം. ആധുനിക നേപ്പാളിലെ ജനക്പൂരിനെയും ഭാരതത്തിലെ അയോദ്ധ്യയെയും ബന്ധിപ്പിക്കുന്നത് ധര്‍മത്തില്‍ ചാലിച്ച ഈ കുടുംബ ബന്ധമാണല്ലോ. അതുകൊണ്ടാവണം പുരാതന മിഥിലാ ദേശത്തിന്റെ ഭാഗമായ ബീഹാറിലെ ക്ഷേത്രങ്ങളില്‍ ഈ പ്രാര്‍ത്ഥനയിന്നും മുഴങ്ങുന്നത്. അനിവാര്യമായ ആ കുടുംബ സംഗമം സാക്ഷാത്കരിച്ചത് ത്രേതായുഗത്തില്‍ കോസല ദേശത്തുനിന്ന് മിഥിലാപുരിയിലേക്കുള്ള കൗസല്യാതനയന്റെ യാത്രയായിരുന്നു.
മൈഥിലിയിലേക്കെത്തിയ രാഘവ യാത്ര
സഹോദരനായ ലക്ഷ്മണനും മുനി വിശ്വാമിത്രനുമൊപ്പമുള്ള ശ്രീരാമചന്ദ്രന്റെ യാത്രയാണ് ഇന്നും നേപ്പാളിനെ ഭാരതവുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നിന്നായിരുന്നു ആ ഇതിഹാസ യാത്രയുടെ ആരംഭം. അസുരന്മാരില്‍നിന്ന് യാഗങ്ങളേയും യജ്ഞങ്ങളേയും സംരക്ഷിക്കാന്‍ മുനി വിശ്വാമിത്രന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് രാമ ലക്ഷ്മണന്മാര്‍ ഹിമാലയ ഭാഗത്തേയ്‌ക്ക് സഞ്ചരിച്ചത്.
വാത്മീകി രാമായണത്തിന്റെ ബാലകാണ്ഡം ആ രാമയാത്ര ഹൃദ്യമായി വരച്ചു കാട്ടുന്നു. സര്‍ഗം 22 ലെ ശ്ലോകം 11ല്‍ വിശ്വാമിത്ര മഹര്‍ഷി യുവാക്കളായ ശ്രീരാമനെയും ലക്ഷ്മണനെയും അയോദ്ധ്യയില്‍ നിന്ന് ഒന്നര യോജന അകലെയുള്ള സരയുവിന്റെ തെക്കേ കരയിലേക്ക് നയിക്കുന്നു. സര്‍ഗം 23 ല്‍ ശ്ലോകം അഞ്ച് പ്രകാരം അടുത്ത ദിവസം മുനി വിശ്വാമിത്രനും ശ്രീരാമനും ലക്ഷ്മണനും സരയുവിന്റെയും ഗംഗയുടെയും സംഗമസ്ഥാനത്തെത്തിച്ചേരുന്നു. സര്‍ഗം 24ല്‍ ശ്ലോകം 18 പ്രകാരം അവര്‍ മലഡ, കരുഷ എന്നീ പ്രവിശ്യകളിലൂടെ സഞ്ചരിച്ച് ‘താടക’യെ വധിക്കുന്നു. ശേഷം മൂവരും വിശ്വാമിത്ര മുനിയുടെ ആശ്രമമായ സിദ്ധാശ്രമത്തില്‍ എത്തിച്ചേരുന്നുവെന്നു സര്‍ഗം 29 ലെ ശ്ലോകം 18 ല്‍ സൂചിപ്പിക്കുന്നു. സിദ്ധാശ്രമത്തില്‍ യജ്ഞ കര്‍മ്മങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ വിശ്വാമിത്ര മുനിയെ സഹായിച്ചതിനു ശേഷം ശ്രീരാമ-ലക്ഷ്മണന്മാര്‍ അദ്ദേഹവുമൊത്ത് മഗധയിലെ ഗിരിവ്രാജയിലെ സോണ്‍ നദീതീരത്തേയ്‌ക്ക് യാത്ര ചെയ്യുന്നതായി സര്‍ഗം 32 ല്‍ ശ്ലോകം ഏഴ്, എട്ട് ഭാഗങ്ങളില്‍ പരാമര്‍ശിക്കുന്നു. തുടര്‍ന്ന് സര്‍ഗം 47 ലെ ശ്ലോകം 20 ല്‍ വിവരിക്കുന്നതു പ്രകാരം മൂവരും വീണ്ടും ഗംഗയിലെത്തി അവിടെനിന്ന് വൈശാലി നഗരത്തില്‍ പ്രവേശിക്കുന്നു. അന്ന് രാത്രി അവിടെ തങ്ങുകയും പിറ്റേന്ന് ജനക രാജാവിന്റെ നഗരമായ മിഥിലയിലേക്ക് മൂവരും യാത്ര ചെയ്യുന്നതായി സര്‍ഗം 48 ലെ ശ്ലോകം ഒന്‍പതില്‍ സൂചിപ്പിക്കുന്നു. മിഥിലയില്‍ ശ്രീരാമനും സീതയും ആദ്യമായി കണ്ടുമുട്ടി. തുടര്‍ന്ന് സീതാസ്വയംവരവേളയില്‍ ശ്രീരാമന്‍ ശിവ ധനുസ്സ് ഉയര്‍ത്തുകയും അത് കുലയ്‌ക്കുകയും തുടര്‍ന്ന് ശ്രീരാമന്റെയും സീതയുടെയും വിവാഹം നിശ്ചയിക്കുകയും ചെയ്തു.
സീതയെ രാമനെയേല്‍പ്പിച്ചുകൊണ്ടുള്ള ജനകന്റെ സംഭാഷണം തമിഴിലെ കമ്പ രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇപ്രകാരമാണ് ‘ഇതാണ് സീത, എന്റെ മകള്‍; നിന്റെ നീതിയുടെ പാതയില്‍ അവള്‍ സ്വയം മോക്ഷം നേടും. അവളുടെ കൈകള്‍ നിങ്ങളുടെ കൈകളോട് ചേര്‍ക്കുക. അവള്‍ അനുഗ്രഹീതയാണ്. അര്‍പ്പണബോധമുള്ളവളായി നിന്റെ നിഴല്‍ പോലെ കൂടെയുണ്ടാവും’. ശേഷം മന്ത്രസ്തുതികളാല്‍ ശുദ്ധീകരിക്കപ്പെട്ട തീര്‍ത്ഥ ജലം രാമന്റെ കൈവെള്ളയിലേക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. അങ്ങനെ ജാനകിയും രഘുനന്ദനനും ഒന്നായി. അന്ന് മുതല്‍ മിഥിലാപുരിക്ക് രഘുനന്ദനന്‍ മരുമകനാണ്. ഇന്ന് നേപ്പാളിനും.
അഭ്യേദ്യമായ സീതാരാമന്‍
ശ്രീരാമനെ മഹാവിഷ്ണുവിന്റെ അവതാരമായും സീതാദേവിയെ വിഷ്ണു പത്‌നിയായ ലക്ഷ്മിയുടെ അവതാരവുമായാണ് ഹിന്ദു സമാജം ആരാധിക്കുന്നത്. രാമനും സീതയും അഭേദ്യമാണ്. ‘ജയ് ശ്രീറാം’, ‘ജയ് സിയ റാം’മെന്ന പ്രയോഗത്തില്‍ അവര്‍ ഇരുവരുമുണ്ട്. ‘ശ്രീ’ എന്നാല്‍ സീതയെന്നാണ്. ശ്രീരാമനെ ആരാധിക്കുമ്പോള്‍ സീതയേയും ആരാധിക്കുന്നു. നന്മയും നീതിയും നിറഞ്ഞ ‘രാമരാജ്യ’മെന്ന സ്വപ്‌നത്തില്‍ സീതയും തുല്യപങ്കാളിയാണ്. രാമരാജ്യമെന്ന സങ്കല്‍പ്പമുണ്ടായത് രാമന്‍ രാജാവായതുകൊണ്ടാണ്. എന്നാല്‍, പിന്നീടത് ശ്രീരാമന്റെ മാത്രം സ്വപ്‌നമായിരുന്നില്ല. ആ സ്വപ്‌നം നെയ്‌തെടുത്തത് രാമനും സീതയും ചേര്‍ന്നപ്പോഴുണ്ടായ ജീവിതമാണ്.
ഹിന്ദു സംസ്‌കൃതിയുടെ അവിഭാജ്യ ഘടകവും പ്രതിരൂപങ്ങളിലൊന്നുമാണ് സീതാദേവി. ധൈര്യത്തിന്റെ ഉജ്ജ്വല ഉദാഹരണവും സ്ത്രീത്വത്തിന്റെ ഉത്തമ മാതൃകയുമായിരുന്നു.
ശാശ്വത മൂല്യങ്ങളായ ആത്മീയ ശക്തിയും ബൗദ്ധിക ബോധ്യങ്ങളുമുള്ള വ്യക്തിത്വമായിരുന്നു ജാനകിയുടേത്. രാമന്റെ ജീവിതത്തിലെ നിര്‍ണായക ഘട്ടത്തില്‍ തന്റെ പതിക്കൊപ്പം വനത്തിലേക്ക് പോകാനുള്ള സുപ്രധാന തീരുമാനം വൈദേഹിയെടുത്തു. അശോക വനത്തില്‍ തന്നെ ബന്ധിച്ചവരില്‍ നിന്ന് സ്വയമെങ്ങനെ സംരക്ഷിക്കണമെന്ന് സീതയ്‌ക്ക് അറിയാമായിരുന്നു. അശോക വാടികയില്‍നിന്ന് ഹനുമാനൊപ്പം പോകാന്‍ വിസമ്മതിക്കുന്ന സന്ദര്‍ഭം മൈഥിലിയുടെ മാനസിക ശക്തിയെ സൂചിപ്പിക്കുന്നു. ‘എന്തു വന്നാലും ഞാന്‍ നേരിടും, ഞാന്‍ പോരാടും’ എന്ന മനശക്തിയുടെ പ്രതീകമാണ് സീത. സീതയില്‍നിന്ന് ഹൈന്ദവ സമൂഹം പഠിച്ചതും പ്രചരിപ്പിച്ചിരുന്നതും ഈ ജീവിത പാഠമാണ്. അത് സമൂഹത്തിന്റെ നാനാ മേഖലകളിലും സ്വീകരിച്ചു. അതുകൊണ്ടാണ് ബംഗാളി ‘വ്രത് കഥ’, ഹിമാചലിലെ ‘പഹാരി ലോക് രാമൈന്‍’ തുടങ്ങിയ നാടോടി ഗാനങ്ങളിലും ഭോജ്പുരി, തെലുങ്ക് തുടങ്ങിയ ഭാരതീയ ഭാഷകളിലെ വിവിധ നാടോടി സാഹിത്യങ്ങളിലും സീത ഒരു കേന്ദ്ര കഥാപാത്രമായത്. മൈഥിലി ഭാഷയിലുള്ള നിരവധി ഗാനങ്ങളിലും സീതയെ ഒരു ‘നാടോടി നായിക’ യായി ചിത്രീകരിച്ചിട്ടുള്ളതും ഇതേ കാരണത്താലാണ്.
ത്രേതായുഗത്തിലെ മിഥിലാപുരി
അയോദ്ധ്യ ശ്രീരാമനുമായും അദ്ദേഹത്തിന്റെ ജനനവുമായും ബന്ധപ്പെട്ടിരിക്കുന്നുവെങ്കില്‍ മിഥില സീതയുമായും അതിനേക്കാളുപരി സംശുദ്ധമായ സീതാരാമ പ്രണയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക നേപ്പാളിന്റെ ദക്ഷിണ-പൂര്‍വ്വ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ധനുഷ് ജില്ലയുടെ ആസ്ഥാനമാണ് സീതയുടെ ജന്മസ്ഥലമായി കരുതുന്ന ജനക്പൂര്‍. വിദേഹ രാജ്യമെന്നും മിഥിലാപുരിയെന്നും പുരാതന കാലത്ത് ഈ ദേശം അറിയപ്പെട്ടു. ജനക പുത്രിയായ ജാനകിയുടെ അഥവാ മൈഥിലിയുടെ ജന്മസ്ഥലമായതിനാലാണ് ഇങ്ങനെ അറിയപ്പെട്ടത്.
പടിഞ്ഞാറ് കൗശികി നദി മുതല്‍ കിഴക്ക് ഗണ്ഡകി നദി വരെയും തെക്ക് ഗംഗാ നദി മുതല്‍ വടക്ക് ഹിമാലയ വനംവരെയുമായിരുന്നു പുരാണങ്ങളില്‍ മിഥിലാപുരി. ഇന്നത്തെ ബീഹാര്‍ സംസ്ഥാനത്തിന്റെ പകുതിയിലധികം വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങളിലും തൊട്ടടുത്ത നേപ്പാളിന്റെ ചില ഭാഗങ്ങളിലുമായി പരന്നു കിടക്കുന്നതായിരുന്നു ആ പുണ്യനഗരം. നിലവില്‍ ഭാരതത്തിലെ ജില്ലകളായ ചമ്പാരന്‍, സീതാമര്‍ഹി, സമസ്തിപൂര്‍, ദര്‍ഭംഗ, മധുബനി, സഹര്‍സ, സുപൗള്‍, കതിഹാര്‍, പൂര്‍ണിയ, ബെഗുസരായ്, ഷിയോഹര്‍, മധേപുര, ഖഗാരിയ, വൈശാലി, മുസാഫര്‍പൂര്‍, ഭഗല്‍പൂരിന്റെയും മുന്‍ഗറിന്റെയും വടക്കന്‍ ഭാഗങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതായിരുന്നു ആ ദേശം.
ശക്തി-സംഗമ തന്ത്രം പറയുന്നത്, ‘ഗണ്ഡകിയുടെ തീരം മുതല്‍ ചമ്പ വനം വരെയായിരുന്നു ‘തിരഭുക്തി’യെന്നും അറിയപ്പെട്ടിരുന്ന വിദേഹ രാജ്യമെന്നാണ്. ഗന്ധകീ നദിയുടെ തീരത്തെ വനം ‘ചമ്പാരണ്യക’ മെന്നാണ് അറിയപ്പെട്ടിരുന്നത്.
മനോഹരമായ കൊട്ടാരങ്ങളും പൂന്തോട്ടങ്ങളും കൃഷിയും തടാകങ്ങളുമുള്ള സമ്പല്‍ സമൃദ്ധമായ നഗരമായിരുന്നു മിഥിലയെന്ന് രാമായണത്തില്‍ പരാമര്‍ശിക്കുന്നു. ഇന്നും നേപ്പാളിന്റെ കാര്‍ഷിക മേഖലയാണ് ജനക്പൂര്‍. പുരാതന മിഥില ഭരിച്ചത് വൈദേഹീ രാജവംശമാണ്. അവരുടെ രാജാക്കന്മാര്‍ ജനക് എന്ന പദവിയില്‍ അറിയപ്പെട്ടു. അതിനാലാണ് മിഥിലയുടെ തലസ്ഥാനത്തെ ജനക്പൂരെന്ന് വിളിച്ചത്. വൈദേഹി രാജവംശത്തിന്റെ 23-ാം തലമുറ ഭരിക്കുന്ന വേളയില്‍ ഒരു വലിയ വരള്‍ച്ച മിഥിലയെ ബാധിച്ചു. വരണ്ടുണങ്ങിയ രാജ്യത്തിന് ഇന്ദ്രന്‍ മഴ നല്‍കി അനുഗ്രഹിക്കുന്നതിനായി ജനകനും പുരോഹിതരും കൊട്ടാരത്തിന്റെ തെക്കുപടിഞ്ഞാറുള്ള ഒരു വയലിലേക്ക് പോവുകയും അവിടെ യാഗം നടത്തുകയും ചെയ്തു. യാഗത്തിന്റെ ഭാഗമായി ഒരു സ്വര്‍ണ്ണ കലപ്പ ഉപയോഗിച്ച് മണ്ണ് ഉഴുമ്പോള്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. കുട്ടികളില്ലാതിരുന്ന ജനകന്‍ തന്റെ മകളായി ആ കുട്ടിയെ ദത്തെടുത്തു. അവള്‍ക്ക് സീതയെന്ന് നാമകരണം ചെയ്തു.
കലാ സാംസ്‌കാരിക രംഗത്ത് മികച്ചുനിന്ന ഐതിഹാസിക ദേശമായിരുന്നു മിഥില. മൈഥിലി സംസ്‌കാരത്തിന്റെ കേന്ദ്രമാണ് അവിടം. ജനക്പൂരിലെ ജനങ്ങള്‍ ആഘോഷിക്കുന്ന നിരവധി ഉത്സവങ്ങളില്‍ മൈഥിലി സംസ്‌കാരം ഇപ്പോഴും പ്രതിഫലിക്കുന്നു. ജനപ്രിയ മൈഥിലി നാടോടി ഗാനങ്ങളായ ജിജിയ, സാമ ചക്വ ഗാനങ്ങള്‍, ഹോളി ഉത്സവ വേളയില്‍ ആലപിക്കുന്ന വിവാഹ ഗാനങ്ങളും മിഥിലയുടെ സമ്പന്നമായ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി നാടോടി നൃത്തങ്ങളും ഇപ്പോഴും വ്യത്യസ്ത അവസരങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നു.
ജനക്പൂര്‍ ധാം അഥവാ ജാനകീ മന്ദിര്‍
നേപ്പാളിലെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ് ജാനകീ മന്ദിര്‍ അഥവാ ജനക്പൂര്‍ ധാം. കാഠ്മണ്ഡുവില്‍നിന്ന് ഇരുനൂറിലധികം കിലോമീറ്റര്‍ അകലെയായി ഭാരതത്തിന്റേയും നേപ്പാളിന്റേയും അതിര്‍ത്തിയില്‍ സീതാരാമ സ്വയംവരം നടന്നയിടത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വാസ്തുവിദ്യാ വിസ്മയമാണ് ജാനകീ മന്ദിര്‍. അതിന്റെ ഗാംഭീര്യവും സങ്കീര്‍ണമായ കരകൗശലവും ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഏകദേശം 4860 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മൂന്ന് നിലകളുള്ള കെട്ടിടം പൂര്‍ണമായും കല്ലും മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ തിളക്കമുള്ള വെള്ള നിറം അതിന്റെ സൗന്ദര്യം കൂട്ടുന്നു. വര്‍ണ്ണ ഗ്ലാസുകള്‍, ഗംഭീരമായ ചിത്രപ്പണികള്‍, സങ്കീര്‍ണമായ കൊത്തുപണികള്‍ എന്നിവയാല്‍ അലങ്കരിച്ച അറുപതോളം മുറികളാണ് ക്ഷേത്രത്തിനുള്ളത്. ക്ഷേത്ര സമുച്ചയത്തില്‍ സീതയുടെ പ്രധാന ദേവാലയം കൂടാതെ വിവിധ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന എഴുപതോളം ചെറിയ ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു.
ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിനുള്ളില്‍ സീതാദേവിയേയും ശ്രീരാമനെയും ലക്ഷ്മണനേയും സംബന്ധിക്കുന്ന നിരവധി ഗ്രന്ഥങ്ങളും കാണാം. ജനക്പൂര്‍ ധാമിലെ ഓരോ കോണും സീതയ്‌ക്കും രാമനുമായാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ സീതാരാമ കുടുംബത്തിലെ ഓരോ അംഗങ്ങളും ഋഷിമാരും എല്ലാം ക്ഷേത്രത്തിന്റെ ഭാഗമാണ്.
എല്ലാ വര്‍ഷവും ബിക്രം സംവത് കലണ്ടറിലെ മംഗസിര്‍ മാസത്തില്‍ ശുക്ലപക്ഷ പഞ്ചമി തിഥിയില്‍ ആഘോഷിക്കുന്ന ‘വിവാഹപഞ്ചമി’ ഇവിടുത്തെ പ്രധാന ഉത്സവമാണ്. സീതയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ എല്ലാ ആഢംബരത്തോടെയും മഹത്വത്തോടെയും ആ ജനത ഇതാഘോഷിക്കുന്നത്. തമിഴ്‌നാട്ടില്‍ ‘പങ്കുനി ഉത്രം’ ദിനത്തില്‍ ‘സീതാ കല്യാണം’ ആഘോഷിക്കുന്നതിന് സമാനമാണിത്. സീതയുടെ ജന്മദിനവുമായി ബന്ധപ്പെട്ടും’സീതാ നവമി’ അഥവാ ‘സീതാ ജയന്തി’ ദിനത്തില്‍ വിപുലമായ ആഘോഷം നടക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷ നവമി തിഥിയിലാണിത് വരുന്നത്. ഈ ദിവസം സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഉപവസിക്കുന്നു. ബീഹാറിലെ സീതാമര്‍ഹിയിലും, അയോദ്ധ്യയിലും തമിഴ്നാട്ടിലെ രാമേശ്വരത്തും, ആന്ധ്രാപ്രദേശിലെ ഭദ്രാചലീ തുടങ്ങിയ സ്ഥലങ്ങളിലും ഈ ദിനം ഗംഭീരമായി ആഘോഷിക്കുന്നു.
ജാനകീ മന്ദിറിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് രാമ മന്ദിരവും ലക്ഷ്മണ ക്ഷേത്രവും ധനുഷ് ധാം, മണി മണ്ഡപവും ഉള്‍പ്പെടുന്നു. ക്ഷേത്രത്തിന്റെ വടക്കു-കിഴക്കേ മൂലയില്‍ രാമന്റേയും സീതയുടേയും വിവാഹം നടന്നതായി വിശ്വസിക്കുന്ന സ്ഥലത്താണ് വിവാഹ മണ്ഡപം നിര്‍മിച്ചിരിക്കുന്നത്. ഇന്നും നിരവധി വിവാഹച്ചടങ്ങുകള്‍ ഇവിടെ നടക്കുന്നു. ക്ഷേത്രത്തിനടുത്തു തന്നെ സീതാരാമ ഭക്തനായ ഹനുമാന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമുണ്ട്, ശ്രീ സങ്കടമോചന മന്ദിര്‍. ത്രേതായുഗത്തില്‍ ജനക രാജാവ് ധനുഷ് യാഗം അഥവാ വില്ലു കുലയ്‌ക്കല്‍ ചടങ്ങ് സംഘടിപ്പിച്ച രംഗ ഭൂമിയെന്ന് വിളിക്കുന്ന ഭാഗത്തിന്റെ വടക്ക് പടിഞ്ഞാറേ കോണിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനക്പൂരില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സീതാ ദേവിയുടെ വിവാഹ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായി കരുതുന്ന രത്‌ന സാഗറില്‍ എത്താം.
ജനക്പൂരില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ചെറിയ ക്ഷേത്രമാണ് ധനുഷ്ധാമിലെ ധനുഷ് ക്ഷേത്രം. സീതയുടെ സ്വയംവര വേളയില്‍ ശ്രീരാമന്‍ ശിവ ധനുസ്സ് കുലച്ചപ്പോള്‍ അത് മൂന്ന് ഭാഗങ്ങളായി ഭിന്നിക്കുകയും മുകള്‍ഭാഗം ധനുഷ്‌കോടിയിലും (രാമേശ്വരം) മധ്യഭാഗം നേപ്പാളിലെ ധനുഷ്ധാമത്തിലും താഴത്തെ ഭാഗം ഭഡാല ലോകത്ത് അഥവാ പാതാളത്തില്‍ വീണുവെന്നും കരുതുന്നു. ഇവിടെയാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. വേരുകള്‍ കിഴക്കോട്ട് വളരുന്ന ഒരു പുരാതന വൃക്ഷം ഇവിടെ കാണാം. വൃക്ഷത്തിന്റെ വേരിനോട് ചേര്‍ന്നുള്ള ആഴത്തിലുള്ള അറയില്‍ വില്ലിന്റെ ഒടിഞ്ഞ ഭാഗം ഇപ്പോഴുമുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ‘പതാല്‍ ഗംഗ’ (പാതാള ഗംഗ) എന്നറിയപ്പെടുന്ന ജലധാരയുള്ള ഒരു വിശുദ്ധ കുളം ഇവിടെയുണ്ട്. അത് നിറയുമ്പോള്‍ നാടിന് ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം.
അകലം കുറയുന്ന അയോദ്ധ്യയും മിഥിലയും
രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ശ്രീരാമനുള്ള ആയിരക്കണക്കിന് സമ്മാനങ്ങളുമായി നേപ്പാളില്‍നിന്ന് പ്രത്യേകിച്ച് ജനക്പൂരില്‍ നിന്ന് ഭക്തരുടെ വിവിധ സംഘങ്ങള്‍ അയോദ്ധ്യയിലെത്തിയത് ആ ജനതയ്‌ക്ക് ഭാരതവുമായുള്ള ചിരകാല ബന്ധത്തിന്റെ ഉദാഹരണമാണ്.
തങ്ങളുടെ പ്രിയപ്പെട്ട മകള്‍ക്കും മരുമകനും വേണ്ടിയുള്ള ആയിരക്കണക്കിന് പരമ്പരാഗത വിവാഹ സമ്മാനങ്ങളുമായാണ് അവരെത്തിയത്. ഹിന്ദു രാഷ്‌ട്രപദവി വീണ്ടെടുക്കാന്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാളിലാകമാനവും ജനക്പൂരിലും പുത്തനുണര്‍വും ആത്മവിശ്വാസവും നവ പ്രതീക്ഷയുമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നല്‍കിയത്.
2018 മെയ് മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഒലിയ്‌ക്കൊപ്പം ജാനകീ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ രാമായണം ടുറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി ജനക്പൂര്‍-അയോദ്ധ്യ ബസ് സര്‍വീസ് മോദി ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സര്‍വീസ് ആരംഭിച്ചത് ‘ചരിത്രപര’മെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കാഠ്മണ്ഡുവിലെ പശുപതി ക്ഷേത്രത്തിന്റെയും ഭാരതത്തിലെ മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും പ്രശസ്തിയാല്‍ വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ജാനകി ക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരുടെയും വിനോദസഞ്ചാരികളുടെയും ഒഴുക്കാണ് മോദിയുടെ സന്ദര്‍ശന ശേഷമുണ്ടായത്. അയോദ്ധ്യ -ജനക്പൂര്‍ ട്രെയിന്‍ സര്‍വീസും അടുത്തിടെ ആരംഭിച്ചു. ജനക്പൂരിനും അയോദ്ധ്യയ്‌ക്കും സഹോദരി നഗര പദവി നല്‍കി ഇരു ദേശങ്ങളുടേയും സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കുവാനുള്ള ചര്‍ച്ചയിലാണ് ഇരുരാഷ്‌ട്രങ്ങളുമിപ്പോള്‍.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക