India

ചവറ്റുകൊട്ടയിലേക്ക് ഈ ചാണക്യരാഷ്‌ട്രീയം….ഈ ചാണക്യന് രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ സമയമായി..

Published by

മുംബൈ: 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയ്‌ക്ക് ഭൂരിപക്ഷം ഉണ്ടായിട്ടും ശരദ് പവാര്‍ എന്ന രാഷ്‌ട്രീയചാണക്യന്‍ മുഖ്യമന്ത്രിക്കസേര കാട്ടി ഉദ്ധവ് താക്കറെയെ പ്രലോഭിപ്പിച്ചതാണ് ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിയത്. പക്ഷെ ഈ 83ാം വയസ്സില്‍ വലിയ തിരിച്ചടികളാണ് ശരദ് പവാറിന് മഹാരാഷ്‌ട്രയില്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.

മഹാരാഷ്‌ട്രയുടെ ചരിത്രത്തില്‍ ഇല്ലാത്ത തൂത്തൂവാരല്‍ ആണ് ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ നേടിയത്. 288ല്‍ 230 സീറ്റുകള്‍. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ വെറും 17 സീറ്റുകള്‍ മാത്രമാണ് മഹാരാഷ്‌ട്രയില്‍ ബിജെപി സഖ്യമായ മഹായുതിക്ക് നേടാന്‍ കഴിഞ്ഞത്. ലോക് സഭയിലെ പ്രകടനം അനുസരിച്ച് മഹായുതിക്ക് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 125 സീറ്റുകളേ ലഭിക്കുകയുള്ളൂ എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മുന്നേറ്റമാണ് നടത്തിയത്.

ഇപ്പോള്‍ രാജ്യസഭാംഗമായ ശരദ് പവാറിന്റെ കലാവധി 2026ല്‍ അവസാനിക്കും. അന്ന് താന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വിടവാങ്ങും എന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ടിട്ടുള്ളത്. അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ സജീവ രാഷ്‌ട്രീയത്തിലെ അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്. അതില്‍ എന്‍സിപി എന്ന പാര്‍ട്ടി തകര്‍ന്നടിഞ്ഞിരിക്കുന്നു എന്നതാണ് അനുഭവം. മരുമകന്‍ അജിത് പവാര്‍ ശരദ് പവാറിന്റെ കോട്ട ആദ്യമായി പൊളിച്ചു. ബാരാമതി നിയമസഭാ സീറ്റില്‍ ശരദ് പവാറിന്റെ സ്ഥാനാര്‍ത്ഥിയും ബന്ധുവുമായ യോഗേന്ദ്ര പവാറിനെ ഒരു ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് അജിത് പവാര്‍. അഞ്ച് മാസം മുന്‍പ് ശരദ് പവാറിന്റെ മകള്‍ ബാരാമതി ഉള്‍പ്പെടുന്ന ലോക് സഭാ സീറ്റില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഒന്നര ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നതാണ്. ആ വിജയം ഇപ്പോഴിതാ ഒന്നുമല്ലാതായിരിക്കുന്നു. ശരദ് പവാറിന്റെയും അജിത് പവാറിന്റെയും പക്ഷം ഇക്കുറി എതിരാളികളെപ്പോലെ തന്നെയാണ് ഏറ്റുമുട്ടിയത്. പല്ലും നഖവും ഉപയോഗിച്ച്. അതായത് ശരദ് പവാറിന്റെ ബാരാമതി കോട്ടയെ നേര്‍പകുതിയായി പിളര്‍ത്തിയിരിക്കുന്നു ബിജെപി. അത് താങ്ങാനുള്ള ശേഷി ശരദ് പവാറിനില്ല.

ഇക്കുറി 87 സീറ്റുകളില്‍ മത്സരിച്ച എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് ജയിക്കാനായത് വെറും 12 സീറ്റുകളില്‍ (അവസാന ഫലം ഇനിയും എത്തിയിട്ടില്ല). അതായത് വിജയശതമാനം വെറും 13.7 മാത്രം. ആറ് മാസം മുന്‍പ് മത്സരിച്ച ആകെ സീറ്റുകളില്‍ 80 ശതമാനം സീറ്റുകളിലും വിജയിച്ച പാര്‍ട്ടിയായിരുന്നു ശരദ് പവാറിന്‍റേത് എന്ന് ഓര്‍ക്കണം. തന്റെ പിന്‍ഗാമിയായി മകളെ തെരഞ്ഞെടുത്തതോടെ രണ്ടാം കിട നേതാക്കളില്‍ പലരും ശരദ് പവാറിനെ കയ്യൊഴിഞ്ഞിരുന്നു. അധികാരത്തിന്റെ നേട്ടങ്ങള്‍ തന്റെ കുടുംബത്തിന് മാത്രമായി നല്‍കുന്ന സ്വാര്‍ത്ഥതയാണ് പവാറിന്റെ വീഴ്ചയ്‌ക്ക് കാരണമായത്. അതുകൊണ്ട് തന്നെ ശരദ് പവാര്‍ പക്ഷം അനുദിനം ക്ഷീണിക്കുകയാണ്.ജനങ്ങളെ കൂടെ നിര്‍ത്താന്‍ മകള്‍ സുപ്രിയ സുലെക്ക് അച്ഛനോളം വ്യക്തിപ്രഭാവം ഇല്ല.

അജിത് പവാര്‍ ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന ശേഷം ശരത് പവാറുമായി മരുമകന്‍ നടത്തിയ ആദ്യത്തെ യുദ്ധം ആറ് മാസം മുന്‍പ് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആയിരുന്നു. അന്ന് വിജയം ശരദ് പവാറിനൊപ്പം ആയിരുന്നു. പക്ഷെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതാ വിജയം അജിത് പവാര്‍ പക്ഷത്തെ അനുഗ്രഹിച്ചിരിക്കുന്നു.

ആറ് പതിറ്റാണ്ടുകാലത്തെ രാഷ്‌ട്രീയ ജീവിതത്തില്‍ നാല് തവണ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായിട്ടുണ്ട് 38ാം വയസ്സില്‍ മുഖ്യമന്ത്രിയായ ആളാണ് ശരത് പവാര്‍. മഹാരാഷ്ടയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 1991ല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നരസിംഹറാവുവിനോട് പരാജയപ്പെട്ടു. പക്ഷെ അതിന് മുന്‍പ് കേന്ദ്ര പ്രതിരോധ, കൃഷി മന്ത്രിയായും ഇരുന്നിട്ടുണ്ട്. ഇന്ത്യക്കാരിയല്ലാത്ത സോണിയഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ത്ത് 1999ല്‍ ശരത് പവാര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായി, എന്‍സിപി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിയില്‍ അംഗമായി. മന്‍മോഹന്‍ സിങ്ങിന്റെ 10 വര്‍ഷക്കാലത്തെ ഭരണത്തില്‍ കേന്ദ്ര കൃഷിമന്ത്രിയായി ഇരുന്നു.

2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 105 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും സഖ്യകക്ഷിയായ ഉദ്ധവ് താക്കറെയുടെ ശിവസേനയുമായി ചേര്‍ന്ന് ഭരിക്കാന്‍ കേവല ഭൂരിപക്ഷം നേടികുയും ചെയ്തിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നും അടര്‍ത്തി മാറ്റിയത് ശരത് പവാറിന്റെ ചാണക്യതന്ത്രമാണ്. ആ ചാണക്യബുദ്ധിയില്‍ 2019ല്‍ വിരിഞ്ഞതാണ് ഉദ്ധവ് താക്കറെയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നുള്ള മഹാവികാസ് അഘാഡി എന്ന അവിശുദ്ധ മുന്നണി. ഇപ്പോഴേറ്റ നാണം കെട്ട പരാജയത്തോടെ രാഷ്‌ട്രീയത്തിലെ അരങ്ങൊഴിയാന്‍ ചാണക്യന് സമയമായി.

ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം തന്റെ രാഷ്‌ട്രീയവിരമിക്കലിനെക്കുറിച്ച് സൂചന നല്‍കിയിരുന്നു. “ഞാന്‍ അധികാരത്തില്‍ ഇല്ല. രാജ്യസഭയിലെ എന്റെ കാലാവധി ഒന്നര വര്‍ഷത്തില്‍ അവസാനിക്കും. അത് കഴിഞ്ഞാല്‍, ഭാവിയില്‍ ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. എവിടെയെങ്കിലും വെച്ച് എനിക്കും ഇത് നിര്‍ത്തേണ്ടിയിരിക്കുന്നു.” മോദി-അമിത് ഷാ കൂട്ടുകെട്ടിലുള്ള അസാധ്യമായ തെരഞ്ഞെടുപ്പ് എഞ്ചിനീയറിങ്ങിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് എവിടെയെങ്കിലും വെച്ച് ഈ രാഷ്‌ട്രീയ ചാണക്യന് ബോധ്യമുണ്ടായിരിക്കണം. ഉറച്ച പിന്‍ഗാമികളില്ലാതെ, താന്‍ കെട്ടിയുയര്‍ത്തിയ കോട്ട പിളര്‍ന്നത് കണ്ട് ഇനി ഈ നെറികെട്ട രാഷ്‌ട്രീയ നേതാവിന് വിരമിക്കാന്‍ നേരമായി.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക