ഭാഗ്യനഗര്‍(തെലങ്കാന): ലോകസമൂഹത്തിന് മാതൃകാപരമായ ജീവിതമൂല്യങ്ങള്‍ ആദ്യമായി സമ്മാനിച്ചത് ഭാരതീയ ദാര്‍ശനിക സംവിധാനങ്ങളാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. തെലങ്കാനയിലെ ഭാഗ്യനഗറില്‍ ലോക്മന്ഥന്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി.
മത, കല, സംഗീതം, സാങ്കേതികവിദ്യ, ചികിത്സ സംവിധാനങ്ങള്‍, ഭാഷ, സാഹിത്യം എന്നിവ ലോകമെമ്പാടും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ പൂര്‍വ്വികരാല്‍ കൈമാറിയ മഹത്തായ ആ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അവര്‍ പറഞ്ഞു.
നൂറ്റാണ്ടുകളായി സാമ്രാജ്യത്വവും കൊളോണിയല്‍ ശക്തികളും ഭാരതത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല, നമ്മുടെ സാമൂഹിക ഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. നമ്മുടെ സമ്പന്നമായ വൈജ്ഞാനിക പാരമ്പര്യത്തെ നിന്ദിച്ച അവര്‍ പൗരന്മാരില്‍ സാംസ്‌കാരിക അപകര്‍ഷതാ ബോധം വളര്‍ത്തി. നമ്മുടെ ഐക്യത്തിന് ഹാനികരമായ പലതും നമ്മുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. നൂറ്റാണ്ടുകളുടെ കീഴടങ്ങല്‍ കാരണം, നമ്മുടെ പൗരന്മാര്‍ അടിമത്തത്തിന്റെ മാനസികാവസ്ഥയുടെ ഇരകളായി. ഭാരതത്തെ ഒരു വികസിത രാഷ്‌ട്രമാക്കാന്‍ പൗരന്മാരില്‍ രാഷ്‌ട്രം ആദ്യം എന്ന വികാരം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ലോക്മന്ഥന്‍ ഈ വികാരം പ്രചരിപ്പിക്കുന്നത് സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. സമ്പന്നമായ സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവയുടെ ഐക്യത്തിന്റെ ഇഴകള്‍ ശക്തിപ്പെടുത്താനുള്ള അഭിനന്ദനാര്‍ഹമായ ശ്രമമാണ് ലോക്മന്ഥന്‍ എന്നും രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക