പനാജി: ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ അറിയപ്പെടാതെ പോയ നായകരുടെ കഥ പറയാന്‍ കിട്ടിയ അവസരത്തിന് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ രണ്‍ദീപ് ഹൂഡ.
സ്വതന്ത്ര വീരസവര്‍ക്കര്‍ സിനിമയിലൂടെ വീരസവര്‍ക്കറെ സമൂഹത്തിന് മുന്നിലവതരിപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് ഹൂഡ പറഞ്ഞു. വീരസവര്‍ക്കറായി രണ്‍ദീപ് ഹൂഡയാണ് അഭിനയിച്ചത്. അദ്ദേഹം തന്നെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച വീരസവര്‍ക്കര്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഹൂഡ ചലച്ചിത്രമേളയുടെ വേദിയില്‍ പങ്കുവച്ചു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷമായിരുന്നു മാധ്യമങ്ങളും പ്രേക്ഷകരുമായുള്ള ഹൂഡയുടെയും മറ്റ് അണിയറ പ്രവര്‍ത്തകരുടേയും അഭിമുഖം. ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ഉദ്ഘാടന ചിത്രം വീരസവര്‍ക്കറായിരുന്നു.
സവര്‍ക്കറുടെ യഥാര്‍ത്ഥ കഥ പറയുകയെന്ന ദൗത്യം ഏറ്റെടുത്ത് നിര്‍വഹിക്കുകയായിരുന്നുവെന്ന് ഹൂഡ പറഞ്ഞു. ഭാരതത്തെ സൈനികമായി ശക്തമാക്കുകയെന്ന ആഗ്രഹം സവര്‍ക്കര്‍ക്കുണ്ടായിരുന്നു. ഇന്ന് ആഗോളതലത്തിലെ നമ്മുടെ സ്ഥാനം ഏറെ മെച്ചപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിനായി നടത്തിയ സായുധ പോരാട്ടത്തെ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ പോരാട്ടങ്ങള്‍ നമ്മുടെ വിപ്ലവകാരികളെ എത്രത്തോളം സ്വാധീനിച്ചതായും ചിത്രം കാണിക്കുന്നു, ഹൂഡ പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആരാണ് വീരസവര്‍ക്കറെന്ന് തിരിച്ചറിയാനായതെന്ന് സിനിമയില്‍ ബിക്കാജി കാമയുടെ റോള്‍ ചെയ്ത നടി അഞ്ജലി ഹൂഡ പറഞ്ഞു. എന്റെ കണ്ണുതുറപ്പിച്ച സിനിമയാണിത്. നാം മറന്നുപോയ നിരവധി വീരനായകന്മാരെപ്പറ്റി ഇനിയും സിനിമകള്‍ വരേണ്ടതുണ്ടെന്നും അഞ്ജലി പറഞ്ഞു. സിനിമയുടെ അണിയറപ്രവര്‍ത്തകരായ ജയ് പട്ടേല്‍, മൃണാള്‍ ദത്ത്, അമിത് സിയാല്‍ എന്നിവരും അഭിമുഖത്തില്‍ പങ്കെടുത്തു.
ഗോദ്ര കൂട്ടക്കൊലയെപ്പറ്റിയും ഗൂഢാലോചനയെപ്പറ്റിയും വിശദീകരിക്കുന്ന ദി സബര്‍മതി റിപ്പോര്‍ട്ട് എന്ന ഹിന്ദി സിനിമയും ഇന്നലെ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവര്‍ സിനിമ കാണാനെത്തി. മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും മറച്ചുപിടിച്ച ഗോദ്ര കൂട്ടക്കൊലയെപ്പറ്റിയുള്ള സിനിമ ഏറെ മികച്ചതായെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക