ഭാഗ്യനഗര്‍(തെലങ്കാന): ഭാരതത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പൈതൃകം എല്ലാ പൗരന്മാരും മനസിലാക്കണമെന്നും നമ്മുടെ അമൂല്യമായ പാരമ്പര്യത്തെ ശക്തിപ്പെടുത്തണമെന്നും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ലോക്മന്ഥന്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
വൈവിധ്യം നമ്മുടെ ഐക്യത്തിന് സൗന്ദര്യത്തിന്റെ മഴവില്ല് പ്രദാനം ചെയ്യുന്നുവെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. വനവാസികളായാലും ഗ്രാമവാസികളായാലും നഗരവാസികളായാലും നാമെല്ലാം ഭാരതീയരാണ്. ദേശീയ ഐക്യത്തിന്റെ ഈ വികാരം എല്ലാ വെല്ലുവിളികള്‍ക്കിടയിലും നമ്മെ ഒരുമിപ്പിക്കുന്നു. നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നൂറ്റാണ്ടുകളായി നടക്കുന്നുണ്ട്. നമ്മുടെ സ്വാഭാവികമായ ഐക്യം തകര്‍ക്കാന്‍ കൃത്രിമ വേര്‍തിരിവുകള്‍ സൃഷ്ടിച്ചു. പക്ഷേ, ഭാരതീയതയുടെ ചൈതന്യം നിറഞ്ഞ നമ്മുടെ പൗരന്മാര്‍ ദേശീയ ഐക്യത്തിന്റെ ദീപം തെളിയിക്കുകയായിരുന്നു. പ്രാചീനകാലം മുതല്‍ തന്നെ ഭാരതീയ പ്രത്യയ ശാസ്ത്രത്തിന്റെ സ്വാധീനം ലോകമെമ്പാടും വ്യാപിച്ചിരുന്നതായും രാഷ്‌ട്രപതി പറഞ്ഞു.
പ്രജ്ഞാപ്രവാഹ് പ്രസിദ്ധീകരിച്ച ലോക് അവലോകന്‍ എന്ന പുസ്തകം രാഷ്‌ട്രപതി പ്രകാശനം ചെയ്തു. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ്മ, കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി, തെലങ്കാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സീതക്ക, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍, പ്രജ്ഞാഭാരതി ചെയര്‍മാന്‍ ഡോ.ടി. ഹനുമാന്‍ ചൗധരി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക