ജോര്‍ജ് ടൗണ്‍: അഞ്ചു ദിവസം, മൂന്ന് ഉച്ചകോടികള്‍, 31 ലോക നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍, പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും പൊതുസമ്മേളനത്തിലും പ്രസംഗം, അതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസങ്ങളിലെ തിരക്കേറിയ പരിപാടികള്‍.
തിങ്കളാഴ്ചയാണ് ജി 20 ഉച്ചകോടിക്കായി മോദി ബ്രസീലില്‍ എത്തിയത്. ഉച്ചകോടി, ലോക നേതാക്കളുമായി ചര്‍ച്ച, പ്രവാസികളുമായി കൂടിക്കാഴ്ച, സ്വീകരണം, ഹൃസ്വ പ്രസംഗം… അവരുമായി സൗഹൃദം പങ്കിടല്‍… പത്ത് ഉഭയകക്ഷി ചര്‍ച്ചകളാണ് ബ്രസീലില്‍ അദ്ദേഹം നടത്തിയത്. പിന്നെ അദ്ദേഹം നൈജീരിയയില്‍ എത്തി. അവിടെയും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍, പരമോന്നത ബഹുമതി ഏറ്റുവാങ്ങല്‍, മറുപടി പ്രസംഗം. ബ്രസീലില്‍ വച്ച് ബ്രസീല്‍, ഇന്തോനേഷ്യ, പോര്‍ച്ചുഗല്‍, ഇറ്റലി, നോര്‍വേ ഫ്രാന്‍സ്, യുകെ, ചിലി, അര്‍ജന്റീന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി ചര്‍ച്ച നടത്തി.
ഗയാനയില്‍ 9 രാജ്യത്തലവന്മാരുമായി ചര്‍ച്ചകള്‍. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രഭവ് സുബിയാന്തോ, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയിസ് മൊണ്ടിനഗ്രോ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, അര്‍ജന്റൈന്‍ പ്രസിഡന്റ് ജാവിയര്‍ മിലെ എന്നിവരുമായി മോദിയുടെ പ്രഥമ കൂടിക്കാഴ്ചകളുമായിരുന്നു.സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ഈജിപ്ത്, അമേരിക്ക, സ്പെയിന് എന്നീ രാജ്യങ്ങളുടെ തലവന്മാരുമായി അനൗദ്യോഗിക ചര്‍ച്ചകളുമുണ്ടായി.
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, യൂറോപ്യന്‍ യൂണിയന് അധ്യക്ഷ ഉറുസല വോണ്‍ ഡെര്‍ ലെയിന്‍, ലോക വ്യാപാര സംഘടന അധ്യക്ഷന്‍ ഒകോന്‍ജോ ഐവീല, ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ്, അന്താരാഷ്ട്ര നാണ്യ നിധി മേധാവികളായ ഗീതാ ഗോപിനാഥ്, ക്രിസ്റ്റലീന ജോര്‍ജ്ജിയേവ എന്നിവരുമായും ബ്രസീലില്‍ വച്ച് മോദി ചര്‍ച്ചകള്‍ നടത്തി.
ജി 20, കാരികോം ഭാരത ഉച്ചകോടി എന്നിവയില്‍ പ്രസംഗിച്ചു. ഗയാനയില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും പ്രവാസികളുടെ സമ്മേളനത്തിലും പ്രസംഗിച്ചു. ജോര്‍ജ് ടൗണില്‍ വൃക്ഷത്തൈ നടുന്ന അമ്മയ്ക്ക് ഒരു വൃക്ഷം പരിപാടിയിലും പങ്കെടുത്തു. നൈജീരിയ, ഗയാന, ഡൊമിനിക്ക എന്നീ രാജ്യങ്ങളുടെ പരമോന്നത ബഹുമതികള്‍ സ്വീകരിച്ച് ഉജ്വലമായ പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയതും.
ഗയാനയിലെ പ്രൊമനേഡ് ഗാര്‍ഡന്‍സിലുള്ള ഗാന്ധിജിയുടെ പ്രതിമയിലും അടുത്തുള്ള ആര്യ സമാജ സ്മാരകത്തിലും അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. ഗയാനയിലെ ഇന്ത്യന്‍ അറൈവല്‍ സ്മാരകത്തിലും (1838ല്‍ ഭാരതത്തില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഗയാനയില്‍ എത്തിച്ച കപ്പലിന്റെ പകര്‍പ്പാണ് ഈ സ്മാരകം) മോദി പുഷ്പവൃഷ്ടി നടത്തി. അഞ്ചു ദിവസത്തെ ഇടവേളകളില്ലാത്ത പരിപാടികള്‍ക്കു ശേഷം അദ്ദേഹം ഇന്നലെ ന്യൂദല്‍ഹിയില്‍ മടങ്ങിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: