പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗയാനയിലും റിപ്പബ്ലിക് ഓഫ് ഡോമിനിക്കയിലും ലഭിച്ച ആദരവുകള്‍ക്ക് രാജ്യാന്തര തലത്തില്‍ വലിയ പ്രാധാന്യമുണ്ട്. വികസ്വര രാജ്യങ്ങളുടെ മാര്‍ഗദര്‍ശിയായും നേതാക്കള്‍ക്ക് ഇടയിലെ ജേതാവായുമാണ്, ഗയാന പ്രസിഡന്റ് ഇര്ഫാന് അലി, ഭാരത പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചത്.
കേവലം പ്രശംസകള്‍ക്ക് അപ്പുറമുള്ള മാനം ആ വാക്കുകള്‍ക്കുണ്ട്. അത് മോദിക്ക് മാത്രമല്ല, ഭാരതത്തിന് ആകെയുള്ള അംഗീകാരമാണ്. ഈ ബഹുമതി, രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് മോദി പറഞ്ഞത് ഇത് മനസ്സില്‍ വച്ച് തന്നെയായിരിക്കണം.
വിശ്വഗുരു സ്ഥാനത്ത് തിരിച്ചെത്താനുള്ള ഭാരതത്തിന്റെ യാത്രയ്ക്കു ലഭിച്ച അംഗീകാരം കൂടിയാണിത്. വിശ്വഗുരു എന്നത് ഒരു പ്രത്യേക വ്യക്തിക്കുള്ള അംഗീകാരമായല്ല വിഭാവനം ചെയ്യപ്പെടുന്നത്. ഉദാത്തവും മാതൃകാപരവുമായ സാംസ്കാരിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട ജീവിത ചര്യയിലൂടെ വളര്‍ന്നു വരുന്ന സമൂഹമടങ്ങുന്ന രാഷ്ട്രത്തെ ലോകം അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യും. കൃത്യമായ നേതൃത്വം, ആ സമൂഹത്തിനും രാഷ്ട്രത്തിനും അതുവഴി ലോകത്തിനും വ്യക്തമായ ദിശാബോധം നല്‍കും. ഭാരതത്തിന് മുന്‍കാലത്ത് അതിന് സാധിച്ചിരുന്നു. അതുകൊണ്ടാണ് വിശ്വഗുരുവായി അംഗീകരിക്കപ്പെട്ടിരുന്നത്. പില്ക്കാലത്ത് വൈദേശിക ഭരണത്തിലും മാനസിക അടിമത്തത്തിലും ചെന്ന് വീണു ദിശാബോധം നഷ്ടപ്പെട്ട രാഷ്ട്രത്തെ ശരിയായ പാതയില്‍ എത്തിക്കാനുള്ള ശ്രമമാണല്ലോ നടന്നുവരുന്നത്.
ഇക്കാര്യത്തില്‍, നരേന്ദ്ര മോദിയുടെ നേതൃത്വം ശരിയായ ദിശയിലാണ് നീങ്ങുന്നത് എന്നതിനുള്ള കൃത്യമായ അംഗീകാരം ഗയാനാ പ്രസിഡന്റിന്റെ വാക്കുകളിലുണ്ട്. ഭാരതത്തിലെ ഇന്നത്തെ ഭരണ സംവിധാനം ഉള്‍ക്കൊള്ളുന്നത് ഈ രാഷ്ട്രത്തിന്റെ വേദനകളും പ്രശ്നങ്ങളും മാത്രമല്ല, ലോകത്തിന്റെ തന്നെ പ്രശ്നങ്ങളാണ് എന്നതിനുള്ള അംഗീകാരമാണ്, കോവിഡ് കാലത്ത് നാം ലോക രാഷ്ട്രങ്ങള്‍ക്ക് നല്കിയ സഹായത്തെക്കുറിച്ചുള്ള സൂചന. വികസനം കൊണ്ടുവരുന്നതിലെ മോദിയുടെ അസാമാന്യ വൈഭവം, വികസ്വര രാജ്യങ്ങള്‍ക്കുള്ള മാര്‍ഗദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. ഭാരതത്തിലെ വികസന പ്രവര്‍ത്തികള്‍ ഗയാനയിലും പ്രസക്തമാണ് എന്ന് പറയുമ്പോള്‍, അത് വികസ്വര രാജ്യങ്ങള്‍ക്ക് ആകെ പ്രസക്തമാണെന്നും വായിക്കാം.
കാല – ദേശ ഭേദങ്ങള്‍ നിലനില്‍ക്കുമ്പോഴും അടിസ്ഥാന വികസന പ്രക്രിയയുടെ മുഖം ആഗോള തലത്തില്‍ ഒന്നുതന്നെയാണ്. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് മാറ്റം വരാം. എങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാറില്ലല്ലോ. ലോക ജനതയെ ഒന്നായിക്കാണുന്ന, ഭാരതീയ ദര്‍ശനത്തില്‍ ഊന്നിയുള്ളതാണ് നമ്മുടെ വികസന സ്വപ്നം എന്ന് ഈ ആദരവിന്റെയും ആശംസാ വാക്കുകളുടെയും പിന്നില്‍ വായിക്കാം. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ എത്ര വിമര്‍ശിച്ചാലും പരിഹസിച്ചാലും, ഭാരതം നീങ്ങുന്നത് ലോകത്തിന് വെളിച്ചം പകരുന്ന പാതയിലൂടെ തന്നെയാണ്. കണ് തുറന്നിരിക്കുന്നവരുടെ ലോകം അത് തിരിച്ചറിയുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: