സന്നിധാനം: ശബരിമലയില്‍ ദര്‍നത്തിന് തിരക്കേറുന്നു. മണ്ഡലകാല പൂജയ്‌ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും ഭക്തജന തിരക്കാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. വ്യാഴാഴ്ച 77,026 തീര്‍ത്ഥാടകരാണ് ദര്‍ശനം നടത്തിയത്. ഇതില്‍ 9254 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ ആണ് ദര്‍ശനം നടത്തിയത്. ഇതിന് സമാനമായ തിരക്കാണ് ഇന്നലെ പു
ലര്‍ച്ചെ നട തുറന്നപ്പോള്‍ മുതല്‍ സന്നിധാനത്ത് അനുഭവപ്പെടുന്നത്.
ഇന്നലെ വൈകിട്ട് 6 വരെയുള്ള കണക്ക് അനുസരിച്ച് 68,358 തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. ഇതില്‍ 9,417 പേര്‍ തല്‍സമയ ബുക്കിങ്ങില്‍ എത്തിയവരാണ്. അപ്പം അരവണ കൗണ്ടറുകള്‍ക്കു മുമ്പിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. സന്നിധാനത്തെ വലിയ നടപ്പന്തലും രാവിലെയും വൈകിട്ടും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഉച്ച സമയത്ത് മാത്രമാണ് നടപ്പന്തലില്‍ തിരക്ക് കുറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളായതിനാല്‍ ഇന്നും നാളെയും തിരക്ക് വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
അതേസമയം പരമ്പരാഗത പാതകളില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചു നീക്കി. കല്ലുകളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു. സന്നിധാനത്തു നിന്നു മാത്രം 93 പന്നികളെ പിടികൂടി ഉള്‍വനത്തില്‍ വിട്ടു. അംഗീകൃത പാമ്പ് പിടുത്തക്കാരും എലിഫന്റ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വനപാലകര്‍ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് സദാ സജ്ജമാണ്. സന്നിധാനത്തേക്കുള്ള യാത്രയ്‌ക്ക് പരമ്പരാഗത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറുക്ക് വഴികളിലൂടെയുള്ള യാത്ര അപകടസാധ്യത കൂട്ടും. വനവാസികള്‍ ഉള്‍പ്പെടുന്ന വനംവകുപ്പ് എക്കോ ഗാര്‍ഡുകളും തീര്‍ത്ഥാടകരെ സഹായിക്കാനുണ്ട്. പമ്പയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂമാണ് വനം വകുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
കഴിഞ്ഞദിവസം പുല്ലുമേട് വഴി ശബരിമല ദര്‍ശനത്തിന് എത്തി വനത്തിനുള്ളില്‍ കുടുങ്ങിയ മൂന്നു തീര്‍ത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തിയിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലായി വനത്തില്‍ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയ ചെന്നൈ ഏലൂര്‍ റാണിപ്പേട്ട് സ്വദേശികളായ വരുണ്‍ (20), കോടീശ്വരന്‍ (40), ലക്ഷ്മണന്‍ (50) എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ടോടെ വനം വകുപ്പ്, എന്‍ഡിആര്‍എഫ്, പോലീസ് സംയുക്തസംഘം രക്ഷിച്ചത്. വൈകിട്ട് ആറരയോടെ പാണ്ടിത്താവളത്തെ വനം വകുപ്പിന്റെ എയ്ഡ്പോസ്റ്റില്‍ എത്തിയ കൂടെയുണ്ടായിരുന്ന തീര്‍ത്ഥാടകരാണ് മൂന്ന് പേര്‍ വനത്തില്‍ കുടുങ്ങിയ വിവരം അറിയിച്ചത്. തുടര്‍ന്ന് തെരച്ചിലിനായി വനത്തിനുള്ളിലേക്ക് പോയ സംയുക്തസംഘം ഇവരെ എട്ടരയോടെ പാണ്ടിത്താവളത്തില്‍ എത്തിച്ചു. മൂവരെയും സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യസഹായവും നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക