Samskriti

ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനം ഇന്ന്

Published by

വതാര പുരുഷനായ ഭഗവാന്‍ ശ്രീസത്യസായിബാബയുടെ 99-ാം ജന്മദിനമാണ് നവംബര്‍ 23. ധര്‍മത്തില്‍ നിന്ന് വ്യതിചലിച്ച് അധര്‍മം സമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍ മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി പ്രപഞ്ചശക്തി അവതാരമെടുക്കുന്നു. നേരായ മാര്‍ഗത്തിലേക്കുള്ള ഭദ്രദീപം കാണിച്ചു തരുന്നു. അവതാരവാണി അനുസരിച്ചു ജീവിച്ചാല്‍ ശാന്തിയും സമാധാനവും സന്തോഷവും അനുഭവിക്കാം.

ഭഗവാന്‍ ഒരിക്കല്‍ അരുളി, ”ധര്‍മ്മമാണ് ജീവിതത്തിന്റെ പ്രാഥമിക നീതിവാക്യം. എന്താണ് ധര്‍മ്മം? ‘ധാരയതി ഇതി ധര്‍മഃ’ എന്ന് വേദം. ധര്‍മമാണ് എല്ലാത്തിനേയും താങ്ങി നിര്‍ത്തുന്നത്.

എന്താണ് മനുഷ്യ ധര്‍മം? സദാചാരത്തിലും സത്യനിഷ്ഠയിലും അധിഷ്ഠിതമായ ത്യാഗജീവിതമാണ് മനുഷ്യന്റെ ധര്‍മം. ത്രികരണശുദ്ധിയോടു കൂടി വേണം ധര്‍മാനുഷ്ഠാനം. ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുടെ ഐക്യമാണ് മര്‍മ്മ പ്രധാനം. ഇവയുടെ അനൈക്യമാണ് ധര്‍മച്യുതിക്കു മൂലകാരണം. അതിന്റെ ഫലമായി രാഷ്‌ട്രത്തിന്റെ ശ്രേയസ്സും സമൃദ്ധിയും നശിച്ചുകൊണ്ടിരിക്കുന്നു. സുരക്ഷിതത്വം അത്യപൂര്‍വ്വമായി. സദാചാരവും സത്യനിഷ്ഠയും അപ്രത്യക്ഷമാകുന്നു. ധനാഗമ തൃഷ്ണക്കുള്ള ഭ്രാന്തമായ അലച്ചിലില്‍ മൂല്യങ്ങളെല്ലാം വിസ്മൃതമാകുന്നു.

ഈ ദുരവസ്ഥക്ക് ഒരു മാറ്റത്തിന്റെ പ്രത്യാശ കാണുന്നത് യുവതലമുറയിലാണ്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളില്‍, പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ബിരുദാനന്തര ബിരുദം വരെ സൗജന്യമായി പഠിപ്പിക്കുന്നു, ആ വിദ്യാലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഭഗവാന്‍ പറയുന്നു, ”വിദ്യാര്‍ത്ഥികള്‍ സത്യനിഷ്ഠയോടെ ധര്‍മം പുലര്‍ത്തി രാഷ്‌ട്രത്തെ സേവിക്കണം. എങ്കില്‍ മാത്രമേ രാഷ്‌ട്രത്തിന്റെ മഹത്വവും, യശസും, പ്രാചീന ഭാരതീയ സംസ്‌കാരവും വീണ്ടെടുക്കാനാകൂ.”

അതിനെല്ലാം അടിസ്ഥാനമായിരിക്കുന്നത് ഈശ്വരനിലുള്ള ഭക്തിയാണ്. ഭക്തിയില്ലാതെ ഒന്നും നേടാനാകില്ല. ഈശ്വരീയശക്തിക്കു മാത്രമേ ലോകത്തെ രക്ഷിക്കാനാകൂ. അതിനാല്‍ എല്ലായ്‌പോഴും ലോകക്ഷേമത്തിനായി ഈശ്വര പ്രാര്‍ത്ഥനയോടെ സ്വധര്‍മമനുഷ്ഠിക്കുക. ”യോഗക്ഷേമം വഹാമ്യഹം”-ഗീതയും ഓര്‍മിപ്പിക്കുന്നു.

കോലാഹലങ്ങളില്‍ നിന്നും അവ്യവസ്ഥകളില്‍ നിന്നും രാഷ്‌ട്രത്തെ രക്ഷിക്കാന്‍ ഈശ്വരാനുഗ്രഹം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ. ഭാവികാലത്തെ ശാന്തിയും സമാധാനവും പുരോഗതിയും വിദ്യാര്‍ത്ഥികളുടെ കഴിവുകളേയും പരിശ്രമങ്ങളേയും ആശ്രയിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങളായി ആദ്ധ്യാത്മിക മഹിമയിലൂടെ കീര്‍ത്തി നേടിയ രാഷ്‌ട്രത്തിന്റെ ഇന്നത്തെ അധോഗതിയില്‍ നിന്ന് ശാന്തിയും സമാധാനവും സുരക്ഷിതത്വവും പുനരുദ്ധരിക്കപ്പെടേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്.

പ്രഹ്ലാദ കുമാരന്റെ ജീവിതം മാതൃകയാക്കണം. കൊടിയ പീഡനങ്ങള്‍ ഹിരണ്യകശിപുവില്‍ നിന്ന് നേരിട്ടപ്പോഴും ‘ദേഹ’ത്തെപ്പറ്റി ഒരു പരിഗണനയുമില്ലാതെ. പ്രഹ്ലാദന്‍ ”ദേഹി”യെപ്പറ്റി മാത്രമാണ് ധ്യാനിച്ചിരുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍മച്യുതിയില്‍പ്പെടാതെ സത്യ ധര്‍മാദികളില്‍ അധിഷ്ഠിതമായ ജീവിതം നയിക്കണം. യൗവ്വനാവസ്ഥയിലാണ് എല്ലാ കഴിവുകളും വൈഭവങ്ങളും വളര്‍ത്തിയെടുക്കേണ്ടത്. അതിന് ഈശ്വരഭജനം വേണം. ഹൃദയം ദിവ്യപ്രേമത്താല്‍ പൂരിതമാക്കണം. ആദ്ധ്യാത്മികതയെ കലാശാലാ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കണം. ഒരു പക്ഷിക്കും ഒരു ചിറകു കൊണ്ടു മാത്രം പറക്കാനാവില്ല. രണ്ടു ചിറകുകളും വേണം. അതുപോലെ മനുഷ്യന് ലൗകികകാര്യങ്ങള്‍ക്കായി ഭൗതിക ജ്ഞാനവും ആത്മീയശ്രേയസിനു ബ്രഹ്മവിദ്യയും ആവശ്യമാണ്. ഈശ്വരശക്തിക്കു മാത്രമേ വ്യക്തിയേയും, സമൂഹത്തേയും, രാഷ്‌ട്രത്തേയും സംരക്ഷിക്കാനാകൂ. ആ ദിവ്യശക്തിയെ അന്വേഷിക്കുക, അറിയുക, അനുഭവിക്കുക. അത് നിങ്ങളില്‍ തന്നെ അന്തര്‍ഹിതമാണ്.

അതുകൊണ്ട് വേദാന്ത ഗ്രന്ഥങ്ങള്‍ പ്രഖ്യാപിച്ചു. ”എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നത് ഒരേ ചൈതന്യമാണ്.” വിദ്യാര്‍ത്ഥികള്‍ ജീവിതം ഈശ്വരാര്‍പ്പണമാക്കുകയും ധര്‍മത്തിന്റെ പാത പിന്‍തുടരുകയും ചെയ്താല്‍ ജീവിതം പാവനമാക്കാനും ശാന്തി, സന്തുഷ്ടി, സമൃദ്ധി എന്നിവ നേടാനുമാകും.

ഭാരതത്തിലെ മഹാന്മാരായ ഭരണാധികാരികളായിരുന്ന ജനകനും, ശിവജിയും ഒക്കെ. അവര്‍ തങ്ങളെ തന്നെ യാജ്ഞവല്‍ക്യ മുനിയിലും സമര്‍ത്ഥരാമദാസിലും മറ്റും സ്വയം സമര്‍പ്പിച്ചു. അവര്‍ എല്ലാ ഭൗതിക സമ്പത്തിനേക്കാളും ആദരവു കല്പിച്ചിരുന്നത് ആത്മീയ സമ്പത്തിനായിരുന്നു. ഈശ്വരാര്‍പ്പണത്തേക്കാള്‍ അധികാരത്തിനും പദവിക്കും ധനത്തിനും
ഭൗതിക സുഖഭോഗങ്ങള്‍ക്കും മൂല്യം കല്പിച്ചിരുന്ന കൗരവരെപ്പോലുള്ള മനുഷ്യരുടെ ജീവിതം ദുരിതപൂര്‍ണ്ണമായ പരിസമാപ്തിയിലാണെത്തിയത്.

ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട്; എല്ലാ ധര്‍മങ്ങളും ത്യജിച്ചിട്ട് വിഭുവില്‍ ശരണാഗതി അടയാന്‍ ആവശ്യപ്പെടുന്നു. ”സര്‍വ്വ ധര്‍മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ.” അവതാരങ്ങളുടെ ഭൂമിയായ ഭാരതത്തില്‍ ജനിച്ചതില്‍ അഭിമാനം കൊള്ളുക. എല്ലാ അവതാരങ്ങളും ഈ പുണ്യഭൂമിയിലാണ് അവതരിച്ചത്. അവതാരവാണികള്‍ അനുസരിച്ച് ജീവിതം നയിച്ച് ഈശ്വര സാക്ഷാത്കാരം നേടുക!.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക