Kerala

സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published by

തിരുവനന്തപുരം: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2024 ലെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം മന്ത്രി ആര്‍. ബിന്ദു പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ മേഖലയിലെ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരത്തിന് ഡോ. ബീനകൃഷ്ണന്‍ എസ്.കെ, എ. മുജീബ് റഹ്മാന്‍, കൊച്ചുനാരായണി, ഡോ. കെ.പി. നിധീഷ് എന്നിവരും സ്വകാര്യ മേഖലയിലെ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരത്തിന് മുഹമ്മദ് ജാബിറും സന്തോഷ് മേനോനും അര്‍ഹരായി. 25,000 രൂപ വീതമാണ് സമ്മാനത്തുക.

ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്വകാര്യ മേഖലാ സ്ഥാപനമായി കെവിഎം ട്രസ്റ്റ് ചേര്‍ത്തലയും ഷാലിമാര്‍ സ്‌റ്റോഴ്‌സ് തളിപ്പറമ്പും തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷിക്കാരുടെ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മികച്ച സര്‍ക്കാരേതര സ്ഥാപന വിഭാഗത്തില്‍ വയനാടിലെ എംമൗസ് വില്ല റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ മെന്റലി റിട്ടാര്‍ഡെഡും കോഴിക്കോട്ടെ തണല്‍ കരുണ സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും എറണാകുളത്തെ കേരള റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി ഫിസിക്കലി അഫക്റ്റഡും പുരസ്‌കാരം നേടി. 20,000 രൂപ വീതമാണ് സമ്മാനത്തുക. ശാരിക എ.കെയും പി.എ. സൂരജും സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനും ആന്‍ മൂക്കനും വചസ് രതീഷും മികച്ച സര്‍ഗാത്മക ബാലന്‍ ബാലികാ പുരസ്‌കാരത്തിനും അനു ബി. യും മുഹമ്മദ് ആസിം പി. യും മികച്ച കായിക പ്രതിഭാ പുരസ്‌കാരത്തിനും അര്‍ഹരായി. ദേശീയ അന്തര്‍ദേശീയ മികവിന് സജി തോമസും തെരഞ്ഞെടുക്കപ്പെട്ടു. 25,000 രൂപ വീതമാണ് സമ്മാനത്തുക.

മികച്ച ജില്ലാ പഞ്ചായത്തായി ആലപ്പുഴയും ജില്ലാ ഭരണകൂടമായി കാസര്‍ഗോഡും കോര്‍പ്പറേഷനായി തിരുവനന്തപുരവും മുനിസിപ്പാലിറ്റിയായി നിലമ്പൂരും അവാര്‍ഡിനര്‍ഹരായി. പെരുമ്പടപ്പും മതിലകവും മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും കതിരൂര്‍, കാമാക്ഷി എന്നിവയും പുനരധിവാസ കേന്ദ്രമായി കോഴിക്കോട്ടെ പ്രതീക്ഷാ ഭവനും തെരഞ്ഞെടുക്കപ്പെട്ടു.

ആലപ്പുഴ ജില്ലാ പഞ്ചായത്തിനും കാസര്‍ഗോഡ് ജില്ലാ ഭരണകൂടത്തിനും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. തിരുവനന്തപുരം കോര്‍പറേഷന് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റും പ്രശംസാപത്രവുമാണ് ലഭിക്കുക. നിലമ്പൂര്‍ മുനിസിപ്പാലിറ്റിക്ക് 50,000 രൂപയും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും 25,000 രൂപ വീതവും പുനരധിവാസ കേന്ദ്രത്തിന് 50,000 രൂപയും ലഭിക്കും.

ഭിന്നശേഷി സൗഹൃദ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന വിഭാഗത്തില്‍ ആലപ്പുഴ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസും സെന്റ് ജോസഫ്‌സ് കോളജ് ഇരിങ്ങാലക്കുടയും നൂതന ഗവേഷണ പദ്ധതികള്‍ക്ക് റോബി ടോമിയും അര്‍ഹമായി. 25,000 രൂപയാണ് സമ്മാനത്തുക. പൂജ രമേഷ് പ്രത്യേക പരാമര്‍ശവും നേടിയതായി മന്ത്രി അറിയിച്ചു.

ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശംസാപത്രവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ ഡിസം. മൂന്നിന് തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാചരണത്തില്‍ വിതരണം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക