മുംബൈ: വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണം ചെയ്തെന്ന ആരോപണത്തില്‍ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സുപ്രിയ ശ്രീനേറ്റ്, രാഹുൽ ഗാന്ധി എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ച് മഹാരാഷ്‌ട്ര ബിജെപി നേതാവ് വിനോദ് താവ്‌ഡെ.
മുംബൈയിൽ നിന്ന് 60 കിലോമീറ്റർ അകലെ പാൽഘർ ജില്ലയിലെ വിരാറിലുള്ള ഒരു ഹോട്ടലിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി നേതാവ് അഞ്ച് കോടി രൂപ വിതരണം ചെയ്തതായി പ്രാദേശിക പാർട്ടിയായ ബഹുജൻ വികാസ് അഘാഡി (ബിവിഎ) നേതാവ് ഹിതേന്ദ്ര ഠാക്കൂർ ചൊവ്വാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് താവ്‌ഡെയുടെ വക്കീൽ നോട്ടീസ്.
തനിക്കെതിരായ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവും ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ടതുമാണെന്ന് താവ്‌ഡെ നോട്ടീസിൽ പറഞ്ഞു. ‘വോട്ടിനു പണം’ എന്നആരോപണത്തിൽ തനിക്കെതിരെ നടത്തിയ പരാമർശത്തിന് മൂന്ന് കോൺഗ്രസ് നേതാക്കള്‍ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ താൻ നിർബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ വക്കീൽ നോട്ടീസിന്റെ സ്‌ക്രീൻഷോട്ട് അറ്റാച്ച് ചെയ്‌ത താവ്‌ഡെ, കോൺഗ്രസ് നുണകൾ പ്രചരിപ്പിക്കുകയാണെന്നും അവരുടെ വിലകുറഞ്ഞ രാഷ്‌ട്രീയം ഉപയോഗിച്ച് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആരോപിച്ചു.
നുണകൾ പ്രചരിപ്പിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ അജണ്ട. നല്ലസോപാര കേസിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അവരുടെ പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റ് എന്നിവർക്കെതിരെ ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്റെയും ബിജെപിയുടെയും പ്രതിച്ഛായ തകർക്കാൻ അവർ ശ്രമിച്ചെങ്കിലും സത്യം വ്യക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും നടത്തിയ അന്വേഷണത്തിൽ ആരോപണവിധേയമായ 5 കോടി രൂപ കണ്ടെടുത്തിട്ടില്ല,” അദ്ദേഹം പറഞ്ഞു.
“ഈ കേസ് കോൺഗ്രസിന്റെ താഴ്ന്ന തലത്തിലുള്ള രാഷ്‌ട്രീയത്തെയും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവരുടെ തീവ്രശ്രമങ്ങളെയും തുറന്നുകാട്ടുന്നു. സത്യത്തിന്റെയും ജനങ്ങളുടെ വിശ്വാസത്തിന്റെയും പിൻബലത്തിൽ ബിജെപി തലയുയർത്തി നിൽക്കുന്നു!” അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പ്, താവ്ഡെയും നലസോപാര സീറ്റിലെ ബിജെപി സ്ഥാനാർഥി രാജൻ നായിക്കും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കിടെ ബിവിഎ പ്രവർത്തകർ പാൽഘറിലെ ഹോട്ടലിലേക്ക് ഇരച്ചുകയറുന്നത് കാണിക്കുന്ന ഒരു വീഡിയോ ചൊവ്വാഴ്ച വൈറലായിരുന്നു. അഞ്ച് കോടി രൂപയുമായി താവ്‌ഡെയെ കുടുക്കിയതായി ബിവിഎ പ്രവർത്തകർ ആരോപിച്ചു.
തൊഴിലാളികൾ ഒരു ബാഗിൽ നിന്ന് പണക്കെട്ടുകൾ പുറത്തെടുക്കുന്നത് വീഡിയോയിൽ കാണുകയും താവ്ഡെ അകലെ ഇരിക്കുന്നതും കാണാം. ഇയാളുടെ ചിത്രങ്ങളും വീഡിയോകളും അവർ ഫോണിൽ പകർത്തി.
5 കോടി രൂപ വിതരണം ചെയ്തുവെന്ന ബിവിഎ നേതാക്കളുടെ അവകാശവാദങ്ങൾക്കിടയിൽ, ഹോട്ടൽ മുറികളിൽ നിന്ന് 9.93 ലക്ഷം രൂപ കണ്ടെടുത്തതായി ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് മാർഗനിർദേശം നൽകുക മാത്രമാണ് താൻ ചെയ്യുന്നതെന്നും എതിരാളിയുടെ ഹോട്ടലിൽ പണം വിതരണം ചെയ്യാൻ താൻ മണ്ടനല്ലെന്നും പറഞ്ഞ് താവ്‌ഡെ ആരോപണം നിഷേധിച്ചു. “വിവാന്ത ഹോട്ടൽ ഠാക്കൂർമാരുടെ ഉടമസ്ഥതയിലുള്ളതാണ്, അവരുടെ ഹോട്ടലിൽ പോയി പണം വിതരണം ചെയ്യാൻ ഞാൻ മണ്ടനല്ല,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് താവ്‌ഡെ, ബിജെപി സ്ഥാനാർത്ഥി നായിക് എന്നിവർക്കെതിരെ ചൊവ്വാഴ്ച പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. താവ്‌ഡെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് എഫ്ഐആറുകൾ ഫയൽ ചെയ്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: