ആലപ്പുഴ:വീട്ടില്‍ ആളില്ലാതിരുന്നപ്പോള്‍ കിടപ്പുമുറി കത്തി നശിച്ചതിന് പിന്നാലെ സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതി ഉയര്‍ന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഫോറന്‍സിക് സംഘം ഉള്‍പ്പടെ സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
മാവേലിക്കര പോനകം ഹരിഹരം വീട്ടില്‍ ജയപ്രകാശിന്റെ ഇരുനില വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിലാണ് അഗ്നിബാധയുണ്ടായത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് തീപിടിച്ചത്. ഈ സമയം വീട്ടുടമയും ഭാര്യ ഹേമലതയും മരുമകള്‍ ഗായത്രിയും പുറത്തുപോയിരിക്കുകയായിരുന്നു.
മുന്‍ വാതിലിന്റെ താക്കോല്‍ സിറ്റൗട്ടില്‍ വച്ചാണ് പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ അറിയിച്ച പ്രകാരം വീട്ടുകാര്‍ എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. മാവേലിക്കരയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീകെടുത്തിയത്.
കിടപ്പുമുറിയിലെ അലമാരയും വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. ഈ മുറിയിലെ അലമാരയില്‍ നിന്ന് ഹേമലതയുടെ സ്വര്‍ണം നഷ്ടപ്പെട്ടതായാണ് വീട്ടുകാര്‍ അറിയിച്ചത്. വീടിന്റെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നതായി സൂചനയില്ല. മുകള്‍ നിലയിലെ മരുമകളുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം സുരക്ഷിതമാണെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: