Kerala

മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍; പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി

Published by

തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയെന്ന വാദം വക്കഫ് ബോര്‍ഡ് ഉന്നയിച്ചതോടെ ആശങ്കയിലായ പ്രദേശവാസികള്‍ സമരം ചെയ്യുന്ന പശ്ചാത്തലത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. മൂന്നു മാസം കൊണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടും.

ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടപ്പെട്ടത് എങ്ങനെയെന്ന് കമ്മീഷന്‍ പരിശോധിക്കും.ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെയാണ് കമ്മീഷനായി നിയോഗിച്ചത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നിയമപരമായ വിഷയങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു.നാല് പ്രധാന തീരുമാനങ്ങളാണ് യോഗത്തില്‍ എടുത്തത്. മുനമ്പത്ത് താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. ഇനി ഒരു തീരുമാനമാകും വരെ നോട്ടീസുകള്‍ ഒന്നും നല്‍കരുതെന്ന് വഖഫിനെ അറിയിച്ചെന്നും മന്ത്രി പി രാജീവ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. മുനമ്പം സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.മന്ത്രി അബ്ദു റഹ്മാനും കെ രാജനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്‌ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ വെളിപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തൃപ്തികരമല്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും മുനമ്പം സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം പുറത്തു വന്നതിന് പിന്നാലെ മുനമ്പത്ത് സമരം നടത്തുന്നവര്‍ പന്തം കൊളുത്തി പ്രതിഷേധിച്ചു.

മുനമ്പത്ത് താമസിക്കുന്ന പലരും വില കൊടുത്ത് ഭൂമി വാങ്ങിയതാണ്. ഇനിയൊരു ഉടമസ്ഥാവകാശം പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും നേരത്തെ തന്നെ ഉടമസ്ഥാവകാശം പരിശോധിച്ചതാണെന്നും സമരമസമിതി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക