Kerala

അമ്മു സജീവന്റെ മരണം; 3 വിദ്യാര്‍ഥിനികളെ റിമാന്‍ഡ് ചെയ്തു, പ്രതികളുടെ ഫോണില്‍ തെളിവുണ്ടെന്ന് പൊലീസ്

Published by

പത്തനംതിട്ട:നഴ്‌സിംഗ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റില്‍ ആയ മൂന്ന് സഹപാഠികളെയും റിമാന്‍ഡ് ചെയ്തു. മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷന്‍ ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കപ്പെടുമെന്നും കോടതിയില്‍ വാദിച്ചു.പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ കാണാതായെന്ന് പറയുന്ന ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍, പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദമുന്നയിച്ചു. തുടര്‍ന്നാണ് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തത്.

അമ്മു സജീവന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശിനി അലീന ദിലീപ് , ചങ്ങനാശേരി സ്വദേശിനി എ ടി അക്ഷിത , കോട്ടയം അയര്‍ക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.ഇവരുടെ നിരന്തര മാനസിക പീഡനമാണ് അമ്മുവിന്റെ മരണത്തിന് കാരണമെന്ന് കുടുംബം പരാതി നല്‍കിയിരുന്നു. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകും വഴി എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

അതേസമയം, അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.
മൂവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം പൊലീസ് ചുമത്തിയിട്ടുണ്ട്.

അമ്മുവിനെ പ്രതികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന കുടുംബത്തിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ കിട്ടിയതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തേ അടുത്ത കൂട്ടുകാരായിരുന്നു അമ്മുവും അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥിനികളും. പിന്നീട് ഇവര്‍ക്കിടയിലെ തര്‍ക്കങ്ങള്‍ രൂക്ഷമായ ഭിന്നതയിലേക്ക് നീങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക