നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്യവെ ബസിന്റെ പിന്‍വശം തട്ടി നടന്ന അപകടത്തില്‍ പരിക്കേറ്റ് വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ട അശ്വതി ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാറിന് പരാതി നല്‍കി. പരാതിക്കത്തില്‍ ഒപ്പിടേണ്ടിടത്ത് അശ്വതി പറഞ്ഞിരിക്കുന്നത് ഒപ്പിടാന്‍ എനിക്ക് വലത് കൈ ഇല്ലാത്തതിനാല്‍ എന്റെ മകളാണ് ഒപ്പിട്ട് നല്‍കുന്നത് എന്നാണ്.
കഴിഞ്ഞ 4നാണ് ആക്ടീവ സ്‌കൂട്ടറിനെ കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ നാസര്‍ ഓടിച്ചിരുന്ന ബസ് ഓവര്‍ടേക്ക് ചെയ്യവെ അശ്വതിയെ ഇടിച്ചിട്ടത്. ബസിലെ യാത്രക്കാരെ ആക്‌സിലറി ജേര്‍ണി ബില്‍ തയ്യാറാക്കി മറ്റൊരു ബസില്‍ കയറ്റിവിട്ടിട്ടും അശ്വതിയെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ സംഭവം നടന്ന് നാളിതുവരെ കെഎസ്ആര്‍ടിസി അധികൃതര്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് അശ്വതി മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് മരണപ്പെട്ട നിര്‍ധനയായ തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും ഒരു തൊഴിലും ഉറപ്പാക്കണമെന്നും അശ്വതി ആവശ്യപ്പെടുന്നു. കൂടാതെ കെഎസ്ആര്‍ടിസിയുടെ ഒഫീഷ്യല്‍ സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ തനിക്കുണ്ടായ അപകടം വ്യാജമാണെന്നുണ്ടായ പ്രചരണത്തിലും ദുഃഖമുള്ളതായി അശ്വതി കത്തില്‍ പറയുന്നു. നെയ്യാറ്റിന്‍കരയിലെ ലോട്ടറി വകുപ്പ് ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിച്ച അശ്വതിക്ക് ആ തൊഴിലും നഷ്ടമാകുമെന്ന ഭീതിയാണ്. എന്‍ജിനീയറിംഗിനും എല്‍എല്‍ബിക്കും പഠിക്കുന്ന മക്കളുടെ പഠനം നിലച്ചിരിക്കുകയാണെന്ന് അശ്വതി. കെഎസ്ആര്‍ടിസി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗിലൂടെ ഉണ്ടായ അപകടമാണെന്ന് പറയുന്ന നെയ്യാറ്റിന്‍കര പോലീസിന്റെ എഫ്‌ഐആര്‍, മാധ്യമവാര്‍ത്തകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് മന്ത്രിക്കുള്ള പരാതി. വലത് കൈക്കും തലയ്‌ക്കും പരിക്കേറ്റ അശ്വതി ആശുപത്രിയില്‍ നിന്നാണ് മന്ത്രിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക