India

തീവ്രവാദ ഫണ്ടിങ് കേസിലെ പ്രതി എംപി; വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് എന്‍ഐഎ

Published by

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ തീവ്രവാദ ഫണ്ടിങ് കേസിന്റെ വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് എന്‍ഐഎ. തീവ്രവാദ ഫണ്ടിങ് കേസുകളിലെ പ്രതിയായ എന്‍ജിനീയര്‍ റാഷിദ് ലോക്‌സഭാ എംപിയാണ്. കേസ് നടപടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ദല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച പരിഗണിക്കും.

തീവ്രവാദ ഫണ്ടിങ് കേസ് കൂടാതെ റാഷിദിന്റെ ജാമ്യ ഹര്‍ജിയും പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ് നല്കിയെന്ന കേസില്‍ റാഷിദിനെ കുടാതെ ഹാഫിസ് സയാദ്, സെയ്ദ് സലഹുദ്ദിന്‍, യാസിന്‍ മാലിക്, ഷബ്ബീര്‍ ഷാ, മസ്രത്ത് ആലം, സഹൂര്‍ അഹമ്മദ് വതാലി, ബിട്ട കരാട്ടെ, അഫ്താബ് അഹമ്മദ് ഷാ അവ്താര്‍ അഹമ്മദ് ഷാ, നയിം ഖാന്‍, ബഷീര്‍ അഹമ്മജ് ബട്ട് (പീര്‍യ്ഫുള്ള) എന്നിവരും കേസില്‍ പ്രതികളാണ്. റാഷിദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയുമായിരുന്നു. റാഷിദ് നിലവില്‍ ജയിലിലാണ്.

അതേസമയം തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തി. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍. റിയാസി, ദോഡ, ഉധംപൂര്‍, റംബാന്‍, കിഷ്ത്വാര്‍ തുടങ്ങിയ ജില്ലകളിലെ വിവിധ ഇടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ കൈമാറിയതെന്ന് വിവരം ലഭിച്ചവരുടെ വീടുകളിലടക്കം പരിശോധന നടത്തിയതായാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by