വാറങ്കല്‍: തെലങ്കാനയിലെ വാറങ്കലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ വന്‍ മോഷണം. ഏകദേശം 10.94 കോടി രൂപ വിലവരുന്ന 19 കിലോഗ്രാം സ്വര്‍ണവും പണവും മോഷണം പോയി. സുരക്ഷാ ജീവനക്കാരില്ലാത്ത ബാങ്ക് ശാഖയില്‍ കടന്ന കള്ളന്മാര് സിസിടിവി ക്യാമറകളും അലാറവും പ്രവര്‍ത്തന രഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്. സ്ട്രോങ് റൂമിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടമായതായി ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്കി.
വാറങ്കലിലെ രായപാര്ത്തി മണ്ഡല് ശാഖയിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിഞ്ഞത്. ആളുകള്‍ പണയം വച്ച ആഭരണങ്ങളാണ് നഷ്ടമായത്. 620 പാക്കറ്റുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ആഭരണങ്ങള്‍. വ്യക്തികളുടെ സ്വകാര്യ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ മോഷണം പോയിട്ടില്ല. സിസിടിവിയുടെയും അലാറത്തിന്റെയും വയറുകള്‍ മുറിച്ച നിലയിലായിരുന്നു. സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കും മോഷണം പോയിട്ടുണ്ട്.
ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ വാതിലും ജനലും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. സ്ട്രോങ് റൂമിന്റെ ഗ്രില്ലും ലോക്കറുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചിട്ടുണ്ട്. ഗ്യാസ് കട്ടര്‍ ബാങ്കിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബാങ്കിന് സമീപത്ത് മറ്റ് വീടുകളോ കെട്ടിടങ്ങളോ ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് സഹായകമായി.
ഫൊറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. നേരത്തെയും ഈ ബാങ്കില്‍ മോഷണ ശ്രമം നടന്നിരുന്നു. അന്ന് ഒരു സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിച്ചിരുന്നു. എന്നലിപ്പോള് ഒരു വര്‍ഷമായി ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: