കലിയുഗ വരദനായ ശ്രീശബരിമല അയ്യപ്പനെ എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും നേരില്‍ ദര്‍ശിച്ച് പുണ്യം നേടുക എന്നത് ഏതൊരു ഭക്തന്റെയും ജീവിതാഭിലാഷമാണ്.
ഏതാണ്ട് എട്ടു പതിറ്റാണ്ടിനു മുന്‍പ് ശബരിമല ഇന്ന് കാണുന്ന പോലെ ആയിരുന്നില്ല. ശ്രീകോവിലും ചേര്‍ന്നുള്ള മണ്ഡപവും പിന്നൊരു ഷെഡ്ഡും ക്ഷേത്രത്തിന് കിഴക്ക് പതിനെട്ടാം പടിയും ആയിരുന്നു അന്ന്. സന്നിധാനത്തിന് ചുറ്റും വന്‍മരങ്ങള്‍ നിറഞ്ഞ കൊടുങ്കാടായിരുന്നു. 1900 കാലഘട്ടത്തില്‍ വൈസ്രോയി ലോര്‍ഡ് ഹാര്‍ഡിഞ്ചിന്റെ കാലത്താണ് 24 മണിക്കൂറിനുള്ളില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കല്പനപ്രകാരം ശബരിമലയെ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്.
അക്കാലം സന്നിധാനത്തില്‍ എത്താന്‍ രണ്ട് കാനനപാതകള്‍ മാത്രം. ഒന്ന് എരുമേലിയില്‍ നിന്നും അഴുത, കാളകെട്ടി, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, പമ്പ വഴിയായിരുന്നു. മറ്റൊന്ന് വണ്ടിപ്പെരിയാറില്‍ നിന്നും പുല്ലുമേട് സത്രം വഴിയും.
സഞ്ചാരയോഗ്യമായ റോഡുകളോ വാഹനങ്ങളോ ഇല്ലാതിരുന്ന ആദ്യ കാലങ്ങളില്‍ ദിവസങ്ങളോളം കല്ലും മുള്ളും നിറഞ്ഞ കാനനപാതകളിലൂടെ കാല്‍ നടയാത്രയായിട്ടാണ് അയ്യപ്പഭക്തര്‍ സന്നിധാനത്തിലെത്തിയിരുന്നത്.
വണ്ടിപ്പെരിയാറില്‍ നിന്നും പുല്ലുമേട് വഴി സത്രത്തിലെത്താം. അവിടെ നിന്നും വലിയകയറ്റവും ഇറക്കവുമുള്ള ദുര്‍ഘടമായ കാട്ടുപാതയിലൂടെ ഒരു കിലോമീറ്റര്‍ താണ്ടിയാല്‍ സന്നിധാനത്തിലെത്തിച്ചേരാം. 1942ല്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവും സംഘവും ആദ്യമായി ദര്‍ശനത്തിന് എത്തിയതും ഇതുവഴിയായിരുന്നു. മഹാരാജാവിനോടൊപ്പം സഹോദരന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ, അമ്മ മഹാറാണി, ദിവാന്‍ സര്‍ സി.പി രാമസ്വാമി അയ്യര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് സംഘം എന്നിവരും ഉണ്ടായിരുന്നു.
പീരുമേട് വരെ അന്നത്തെ കാഡിലാക് കാറിലെത്തിയ സംഘം വണ്ടിപ്പെരിയാര്‍ മൗണ്ട് എസ്റ്റേറ്റ്, പുല്ലുമേട്, സത്രം വഴിയാണ് സന്നിധാനത്തിലെത്തിയതും മടങ്ങിയതും. ദര്‍ശനത്തിനും മറ്റ് പൂജാകര്‍മ്മങ്ങള്‍ക്കും ശേഷം സംഘാംഗങ്ങള്‍ ക്ഷേത്രവളപ്പില്‍ ഈറ്റയും കാട്ടുകമ്പുകളും കൊണ്ട് തീര്‍ത്ത പുരയിലാണ് താമസിച്ചത്. 1942-ലെ മഹാരാജാവിന്റെ ദര്‍ശനത്തിന്റെ പിറ്റേ വര്‍ഷമാണ് അയ്യപ്പന് തങ്ക അങ്കി സമര്‍പ്പിക്കപ്പെട്ടത്. താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മഹാരാജാവ് ഉത്തരവിടുകയും ചെയ്തു.
മുന്‍ രാഷ്‌ട്രപതി വി.വി.ഗിരി ശബരിമല ദര്‍ശനം നടത്തിയതോടെയാണ് ചാലക്കയത്തു നിന്നും പമ്പയിലേക്ക് റോഡുണ്ടായതും ഇന്ന് കാണുന്ന എല്ലാവിധ അടിസ്ഥാന സൗകര്യവികസനത്തിന് തുടക്കം കുറിച്ചതും.
ആദ്യകാലങ്ങളില്‍ ഏറിയാല്‍ അയ്യായിരം പേര്‍ എത്തിയിരുന്ന ശബരിമലയില്‍ ഇന്ന് പ്രതിവര്‍ഷം എത്തുന്ന ഭക്തരുടെ എണ്ണം അഞ്ച് കോടി ആയിരിക്കുന്നു. ഈ വര്‍ഷം ഓണ്‍ലൈന്‍ ബുക്കിങിലൂടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനുവാദം നല്കിയിരിക്കുന്നത് പ്രതിദിനം 80000 പേര്‍ക്ക് മാത്രമാണ്. ഈ കണക്ക് പരിശോധിച്ചാലും 41 ദിവസത്തെ മണ്ഡല കാലത്ത് മൂന്നരക്കോടിയിലേറെ അയ്യപ്പഭക്തര്‍ ശബരിമലയിലെത്തുമെന്നാണ്.
ആന്ധ്ര, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മലയാളികളേക്കാള്‍ കൂടുതലായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എല്ലാവര്‍ഷവും സന്നിധാനത്ത് എത്തുന്നത്. ഇവരെല്ലാം തന്നെ അതിര്‍ത്തി പ്രദേശമായ കുമളി വഴിയാണ് എത്തുന്നതെന്നതും ശ്രദ്ധേയമാണ്. കുമളിയിലെ അനിയന്ത്രിത വാഹനതിരക്ക് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ സര്‍വ്വീസ് ബസുകളിലെത്തുന്നവരെ ഒഴിവാക്കി കമ്പത്തു നിന്നും കമ്പംമെട്ട്, കട്ടപ്പന, അയ്യപ്പന്‍ കോവില്‍, കുട്ടിക്കാനം വഴി ഗതാഗതം തിരിച്ചു വിടുകയാണ് പതിവ്.
അയല്‍സംസ്ഥാനങ്ങില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരില്‍ ഒരു വിഭാഗം പതിറ്റാണ്ടുകളായി സന്നിധാനത്തിലെത്തി മടങ്ങുന്നത് പരമ്പരാഗത കാനനപാതയായ പുല്ലുമേട് സത്രം വഴിയാണ്. ശബരിമലയുടെ വനമേഖല സ്ഥിതി ചെയ്യുന്നത് ഇടുക്കി-പത്തനംതിട്ട ജില്ലകളിലാണ്. ഇതില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍പ്പെട്ട മേഖലയാണ് പുല്ലുമേട് സത്രം കാനനപാത. ഇതിനാല്‍ തന്നെ അയ്യപ്പഭക്തര്‍ക്കു മേല്‍ വനംവകുപ്പിന്റെ കടുത്ത നിയന്ത്രണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക