തിരുവല്ല: പാര്‍ട്ടിയും ലോക്കല്‍ പോലീസും സംഘടിതമായി ഒത്തുകളിച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ മന്ത്രി സജിചെറിയാന്‍ ഒടുവില്‍ നിയമക്കുരക്കില്‍. ഭരണഘടന അവഹേളന വിഷയത്തില്‍ പ്രാഥമദൃഷ്ട്യാ കുറ്റം കണ്ട ഹൈക്കോടതി ഉത്തരവില്‍ മന്ത്രിസ്ഥാനം മാത്രമല്ല എംഎല്‍എ പദവി തന്നെയും പോകാം എന്ന നിലയിലാണ് കാര്യങ്ങള്‍.
കൂടുതല്‍ നിയമോപദേശം കിട്ടിയ ശേഷം അന്തിമ തീരുമാനം ഉണ്ടാക്കാമെന്നാണ് സിപിഎമ്മും സര്‍ക്കാരും കരുതുന്നത്. സജി ചെറിയാനെതിരേ കുറ്റം നിലനില്‍ക്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോര്‍ട്ടും രൂക്ഷവിമര്‍ശനത്തോടെയാണ് കോടതി തള്ളിയത്.
കേസ് അന്വേഷണത്തില്‍ വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. പോലീസ് സാക്ഷികളുടെ കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയതെന്നും ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടികാട്ടുന്നു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് മന്ത്രിക്ക് തിരിച്ചടിയാകും. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി പറയുമ്പോള്‍ അത് ആഭ്യന്തര വകുപ്പിന് കൂടി തിരിച്ചടിയാണ്. മന്ത്രിയെ രക്ഷിച്ചെടുക്കാന്‍ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തില്‍ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പെന്‍ഡ്രൈവ്, സിസിടിവി ദൃശ്യങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെ ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്.
പ്രസംഗക്കേസ് ഇതുവരെ
2022 ജൂലൈ 3…. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച യോഗത്തില്‍ മന്ത്രിയുടെ വിവാദ പ്രസംഗം. സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ മന്ത്രിയുടെ പരാമര്‍ശം അടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തു. ജൂലൈ 3, 4 തീയതികളില്‍ ഈ വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ ഉണ്ടായിരുന്നെങ്കിലും വിവാദം മുറുകിയതോടെ ഡിലീറ്റ് ചെയ്തു.
ജൂലൈ 4…. ഭരണഘടന ചൂഷണത്തിനു വഴിയൊരുക്കുന്നതാണെന്നു പറഞ്ഞ സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് ബിജെപിയും ഇതര പ്രതിപക്ഷകക്ഷികളും.
ജൂലൈ 5…. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിഷയത്തില്‍ ഇടപെടുന്നു. വിവാദപ്രസംഘത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ചീഫ് സെക്രട്ടിക്ക് രാജ്ഭവന്റെ ഉത്തരവ്.
ജൂലൈ 6... രാഷ്‌ട്രീയ വിവാദം മൂര്‍ച്ഛിച്ചതോടെ വൈകിട്ട് 5.30ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.
2023 ജനുവരി 4… ഭരണഘടനാ അവഹേളനം നടത്തിയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
ജനുവരി 5… സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് മന്ത്രിയെ കേസില്‍പെടാതെ രക്ഷപ്പെടുത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ആണെന്നും അതിനാല്‍ പോലീസ് റിപ്പോര്‍ട്ട് തള്ളി സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ബിജു നോയല്‍ ഹൈക്കോടതിയില്‍.
2024 നവംബര്‍ 21…. അഡ്വ. ബിജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്രൈംബ്രാഞ്ചിലെ വിശ്വസ്തനായ ഉദ്യോഗസ്ഥനെക്കൊണ്ട് പുനരന്വേഷിപ്പിക്കാന്‍ ഹൈക്കോടതി ജസ്റ്റിസ ബെച്ചു കുര്യന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: