India

സംഭാല്‍ ജുമാ മസ്ജിദ് വിവാദം: ഹരിഹര ക്ഷേത്രം നിലനിന്നതിന് തെളിവായി ചരിത്ര രേഖകള്‍

Published by

ലഖ്‌നൗ: വിവാദത്തിലായ സംഭാല്‍ ജുമാ മസ്ജിദ് നിലനില്‍ക്കുന്നത് പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് നിര്‍മിച്ച ഹരിഹര ക്ഷേത്രത്തിന്റെ സ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടി ചരിത്രപണ്ഡിതര്‍. തര്‍ക്കത്തെത്തുടര്‍ന്ന് ലഖ്‌നൗ ജില്ലാ കോടതിയുടെ അനുമതിയോടെ കഴിഞ്ഞദിവസം അഭിഭാഷക കമ്മിഷന്‍ ഇവിടെ സര്‍വെ നടത്തിയിരുന്നു.

ചരിത്രകാരനും എഴുത്തുകാരനുമായ മീററ്റ് സര്‍വകലാശാലയിലെ പ്രൊഫ. ഡോ. വിഘ്‌നേഷ് ത്യാഗിയുടെ യുഗ് യുഗിന്‍ എന്ന പുസ്തകമാണ് ഹരിഹര ക്ഷേത്രമുണ്ടായിരുന്നു എന്നതിന് രേഖകള്‍ മുന്നോട്ടുവയ്‌ക്കുന്നത്. 1178 മുതല്‍ 1193 വരെയുള്ള പൃഥ്വിരാജ് ചൗഹാന്റെ ഭരണകാലത്താണ് ഹരിഹര ക്ഷേത്രം നിര്‍മിച്ചത്. ഇക്കാലയളവില്‍ പൃഥ്വിരാജ് ചൗഹാന്‍ സംഭാലിന് രണ്ടാം തലസ്ഥാന പദവി നല്‍കിയിരുന്നു. മുഗള്‍ ആക്രമണകാലത്ത് പൃഥ്വിരാജ് ചൗഹാന്റെ സൈനികത്താവളമായിരുന്നതും ഈ പ്രദേശമാണ്. പിന്നീട് ബാബറിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം പള്ളിയാക്കിയതെന്ന് പ്രൊഫ. വിഘ്‌നേഷ് ത്യാഗി ചൂണ്ടിക്കാട്ടുന്നു.

സാഹിത്യകാരി വാണി ശരണ്‍ ശര്‍മ എഴുതിയ സംഭാല്‍ മാഹാത്മ്യം എന്ന പുസ്തകത്തില്‍ 68 തീര്‍ത്ഥങ്ങളും 19 കിണറുകളുമിവിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ തീര്‍ത്ഥങ്ങളുടെയും കിണറുകളുടെയും കേന്ദ്രബിന്ദു ഹരിഹര്‍ ക്ഷേത്രമാണ്. 24 കോശി പരിക്രമയുടെ ആരം അനുസരിച്ച് ഹരിഹര്‍ കേന്ദ്രബിന്ദുവാണെന്ന് പുസ്തകത്തില്‍ പറയുന്നു.

ബാബര്‍നാമയിലും ഐന്‍- ഇ- അക്ബരിയിലും സംഭാല്‍ ജുമാമസ്ജിദിനെപ്പറ്റി പരാമര്‍ശിക്കുന്നതിലും പള്ളി മുഗള്‍ കാലഘട്ടത്തില്‍ മാത്രമാണ് നിര്‍മിച്ചതെന്ന് വ്യക്തമാണ്. ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹര്‍ജിക്കാരനായ മഹന്ത് ഋഷിരാജ്ഗിരി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക