World

കരീബിയന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കും: മോദി

Published by

ജോര്‍ജ്ടൗണ്‍: കാരികോം (കരീബിയന്‍ കമ്മ്യൂണിറ്റി) രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗയാന, ജമൈക്ക, ഗ്രനാഡ, ഡൊമിനിക്ക അടക്കം 20 കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാരതം എല്ലാ രീതിയിലും ഈ രാജ്യങ്ങളുടെ താത്പര്യങ്ങള്‍ പരിഗണിക്കും. ബന്ധം പുതിയ തലങ്ങളില്‍ എത്തിക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്.

ആഗോളതലത്തിലുള്ള സ്ഥാപനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാണ് എന്നതാണ് ഭാരതത്തിന്റെ നിലപാട്. ഈ നിലപാടിനോട് കാരികോം രാജ്യങ്ങളും യോജിക്കുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഭാരത കാരികോം സംയുക്ത പ്രവര്‍ത്തക സമിതികള്‍ക്കും കമ്മിഷനും പ്രധാനപങ്കുണ്ട്. അദ്ദേഹം പറഞ്ഞു. മൂന്നാമത് കാരികോം ഉച്ചകോടി ഭാരതത്തില്‍ സംഘടിപ്പിക്കണമെന്ന നിര്‍ദേശവും സമ്മേളനത്തില്‍ അദ്ദേഹം മുന്നോട്ടുവച്ചു.

ഉച്ചകോടിക്കിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കരീബിയന്‍ രാജ്യത്തലവന്മാരുമായി ചര്‍ച്ച നടത്തി. ഗ്രനാഡ പ്രധാനമന്ത്രി ഡിക്കന്‍ മിഷേല്‍,ആന്റിഗ്വ ആന്‍ഡ് ബാര്‍ബഡോസ് പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍, ഗയാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, ഡൊമിനിക്ക പ്രസിഡന്റ് സില്‍വാനി ബാര്‍ട്ടണ്‍, ബഹാമാസ് പ്രധാനമന്ത്രി ഫിലിപ്പ് ഡേവിസ്, ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ടിലി, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗലേ, സുരിനാം പ്രസിഡന്റ് ചന്ദ്രികാ പ്രസാദ് സന്തോഖി തുടങ്ങിയവര്‍ മോദിയുമായി പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by