ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് കനേഡിയന്‍ മാധ്യമങ്ങള്‍ തുടരുന്ന നുണപ്രചാരണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം.
നിലവിലുള്ള പ്രശ്നങ്ങള്‍ വലുതാക്കുകയാണ് ഇത്തരം അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകളിലൂടെ മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. സാധാരണ മാധ്യമ റിപ്പോര്‍ട്ടുകളെപ്പറ്റി ഞങ്ങള്‍ അഭിപ്രായം പറയാറില്ല, എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടെന്ന മട്ടിലുള്ള പ്രചാരണമാണ്. കാനഡ സര്‍ക്കാര്‍ ഇത്തരം പ്രസ്താവങ്ങളെ തള്ളിപ്പറയണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ പൗരനായ നിജ്ജാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ വച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാരതത്തിന് പങ്കുണ്ടെന്ന് ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിന്റെ ആരോപണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: